deltin33 • 2025-10-28 09:42:24 • views 599
പാരിസ് ∙ പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ പെരുംകൊള്ള നടന്നു 2 ദിവസം പിന്നിട്ടിട്ടും കവർച്ചക്കാരെ പിടികൂടാനാകാതെ ഇരുട്ടിൽ തപ്പി 60 അംഗ അന്വേഷണ സംഘം. പൊലീസിന് ഇനി ഇവരെ പിടികൂടാനായാലും ആഭരണങ്ങൾ തിരിച്ചുപിടിക്കാനുള്ള സാധ്യത കുറവാണെന്നു വിദഗ്ധർ പറയുന്നു. രത്നങ്ങളും മറ്റും രൂപംമാറ്റാൻ ഇസ്രയേൽ, ഇന്ത്യ, ബൽജിയം തുടങ്ങിയ രാജ്യങ്ങളിലേക്ക് കടത്താനുള്ള സാധ്യതയും വിദഗ്ധർ സംശയിക്കുന്നു.
- Also Read സമാധാന കരാർ പ്രതിസന്ധിയിൽ, വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ യുഎസ് സംഘം ഇസ്രയേലിൽ
‘വാൻഗോഗിന്റെ ചിത്രമാണ് മോഷ്ടിക്കുന്നതെങ്കിൽ അനധികൃത വിപണിയിൽ വിൽക്കുകയല്ലാതെ പല ഭാഗങ്ങളാക്കി കടത്താനാകില്ല. എന്നാൽ ആഭരണങ്ങളുടെ കാര്യത്തിൽ അതു സാധ്യമാണ്’– കുറ്റാന്വേഷണ വിദഗ്ധനായ മാർക് ബൽസെൽസ് പറഞ്ഞു. ഇതിനകം ആഭരണങ്ങൾ രൂപമാറ്റം വരുത്തിയിട്ടുണ്ടാകാം.
മ്യൂസിയങ്ങളുടെ സുരക്ഷയ്ക്കും നവീകരണത്തിനും പണംമുടക്കുന്നതിൽ പിശുക്കുകാട്ടുന്ന സർക്കാരിനെതിരെയും രൂക്ഷമായ വിമർശനമുണ്ട്. കഴിഞ്ഞ 2 മാസത്തിനിടെ മാത്രം 4 ഫ്രഞ്ച് മ്യൂസിയങ്ങളിലാണു കവർച്ച നടന്നത്. പാരിസിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽനിന്നു സ്വർണം കവർന്ന ചൈനീസ് വനിത ബാഴ്സലോനയിൽ അറസ്റ്റിലായിരുന്നു. അതേസമയം, സ്വകാര്യ ഇൻഷുറൻസില്ലാത്തതിനാൽ ലൂവ്രിൽനിന്നു നഷ്ടമായ ആഭരണങ്ങൾക്ക് സർക്കാരിനു നഷ്ടപരിഹാരത്തുക ലഭിക്കില്ലെന്ന് ഫ്രഞ്ച് സാംസ്കാരിക മന്ത്രാലയം അറിയിച്ചു.
ലൂവ്രിലെ പല മുറികളിലും സുരക്ഷാ ക്യാമറകളില്ലെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. റോഡുകൾക്ക് അഭിമുഖമായി ജാലകങ്ങളും വാതിലുകളുമുള്ള ലൂവ്രിലേതുപോലുള്ള പൈതൃകകെട്ടിടങ്ങളിൽ സുരക്ഷ കൂടുതൽ കർക്കശമാക്കാനാകാത്തതിന്റെ പരിമിതികളുമുണ്ട്.
കമ്പനികളിൽനിന്ന് മ്യൂസിയങ്ങളിലേക്ക്
പാരിസിലെ ആഡംബര വാച്ച്–ആഭരണ നിർമാണ കമ്പനികളെ ലക്ഷ്യമിട്ടു കവർച്ചാശ്രമങ്ങൾ അടുത്തിടെ വ്യാപകമായി നടന്നിരുന്നു. എന്നാൽ, ഈ കമ്പനികൾ കടുത്ത സായുധ സുരക്ഷ ഏർപ്പെടുത്തിയതോടെ ഇതു തടയാനായി. ഇതേത്തുടർന്നാണ് വൻ കവർച്ചാ സംഘങ്ങൾ മ്യൂസിയങ്ങളെ കൂടുതലായി ലക്ഷ്യമിട്ടു തുടങ്ങിയതെന്നും സൂചനയുണ്ട്. English Summary:
Louvre Heist: Stolen Jewels Unlikely to Be Recovered, Experts Fear Smuggling to India |
|