LHC0088 • 2025-10-28 09:42:56 • views 1264
മുംബൈ∙ വാതിൽ തുറക്കാനുള്ള ഉപകരണങ്ങൾ പോലുമില്ലാതെയാണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ഫ്ലാറ്റിനു മുന്നിലെത്തിയതെന്ന് ഇന്നലെ നവി മുംബൈയിലെ ഫ്ലാറ്റിലെ തീപിടിത്തതിൽ മരിച്ച മലയാളി യുവതി പൂജയുടെ സഹോദരൻ ജീവൻ രാജൻ. വലിയ പുകയും തീയും ഉള്ള സ്ഥലത്ത് കയറാൻ മാസ്ക് പോലും അവരുടെ കൈവശം ഇല്ലായിരുന്നുവെന്നും ജീവൻ പറഞ്ഞു. പാർപ്പിട സമുച്ചയത്തിലെ 12–ാം നിലയിലുണ്ടായ തീപിടിത്തത്തിൽ തിരുവനന്തപുരം ചിറയിൻകീഴ് പണ്ടകശാലയ്ക്കു സമീപം ആൽത്തറമൂട് നന്ദനത്തിൽ രാജൻ–വിജയ ദമ്പതികളുടെ മകൾ പൂജ (39), ഭർത്താവ് ചെന്നൈ സ്വദേശി സുന്ദർ ബാലകൃഷ്ണൻ(42) മകൾ വേദിക (6) എന്നിവരും തൊട്ടടുത്ത ഫ്ലാറ്റിലെ കമല ജെയിനുമാണ് (84) മരിച്ചത്. 12–ാം നിലയിലാണു ഇവർ താമസിച്ചിരുന്നത്.
- Also Read ചെരാതിൽനിന്ന് ഫർണിച്ചറിലേക്കും കർട്ടണിലേക്കും തീ പടർന്നു; അബുദാബിയിൽ താമസ സമുച്ചയത്തിൽ അപകടം
‘‘ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാത്രി 10.30 വരെ സഹോദരിയും ഭർത്താവും കുഞ്ഞും ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നു. അതിനുശേഷമാണ് അവർ തിരിച്ചുപോയത്. ഇവിടെനിന്ന് ഒരു കിലോമീറ്ററിൽ താഴെയാണ് അവരുടെ ഫ്ലാറ്റിലേക്കുള്ള ദൂരം. ചൊവ്വാഴ്ച പുലർച്ചെ 1.55നാണ് അപകടവിവരം അറിഞ്ഞത്. ഉടൻ അവിടെയെത്തി. എല്ലാവരെയും രക്ഷപ്പെടുത്തിയെന്നും മുകളിൽ ആരുമില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ സഹോദരിയെയോ അളിയനെയോ അവിടെ കണ്ടില്ല. തുടർന്ന് ഏറ്റവും മുകളിലത്തെ നിലയിലുള്ള ഫ്ലാറ്റിനു മുന്നിലെത്തിയെങ്കിലും പൂട്ടിയ നിലയിലായിരുന്നു.
- Also Read സൂപ്പർ സ്റ്റാർ പറഞ്ഞു, ‘എന്റെ എല്ലാ സിനിമകളിലും ആ നടൻ വേണം’; സിനിമയെ വിജയിപ്പിച്ച തമാശക്കാരൻ, മഞ്ജുവിന്റെ ‘നായകൻ’
തുടർന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ മുകളിലേക്കു വന്നു. എന്നാൽ, അവരുടെ പക്കൽ വാതിലുകൾ തുറക്കാനുള്ള ഉപകരണം ഇല്ലായിരുന്നു. സമയം പോകുന്നതിനിടെ, പുറത്ത് സാധാരണവയ്ക്കാറുള്ള താക്കോൽ തപ്പിയെടുത്ത് വാതിൽ തുറന്നെങ്കിലും വലിയ പുകയും തീയും കാരണം അകത്തേക്കു കയറാനായില്ല. അഗ്നിരക്ഷാ സേനാംഗങ്ങളുടെ പക്കൽ മാസ്ക് ഉണ്ടായിരുന്നില്ല. പിന്നീട് അവ എത്തിച്ചതിനു ശേഷമാണ് അകത്തേക്കു പ്രവേശിച്ചത്. മകൾക്കു പൊള്ളലേൽക്കാതിരിക്കാൻ കുഞ്ഞിനെ പൊതിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു ഇരുവരും’’ – ജീവൻ പറഞ്ഞു.
നവിമുംബൈയിലെ വാശിയിൽ റഹേജ അപ്പാർട്മെന്റ് ബി വിങിലെ പത്താം നിലയിൽ നിന്ന് 11, 12 നിലകളിലേക്ക് ചൊവ്വാഴ്ച പുലർച്ചെ തീ ആളിപ്പടരുകയായിരുന്നു. അപകടകാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. ദീപാവലി ദിവസങ്ങളിലുണ്ടായ തീപിടിത്തത്തിന്റെ കാരണം പടക്കമാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. English Summary:
Mumbai fire accident : Mumbai fire accident occurred in Navi Mumbai resulting in the tragic death of a Malayali family. Investigations are underway to determine the cause, with initial reports suggesting a possible link to Deepavali fireworks. |
|