LHC0088 • 2025-10-28 09:43:32 • views 1255
ആലപ്പുഴ ∙ കരൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർപഴ്സനും സാമൂഹിക പ്രവർത്തകയുമായ ബെറ്റി കരൻ (സുഭദ്ര രവി കരുണാകരൻ – 89) അന്തരിച്ചു. സംസ്കാരം ബുധൻ വൈകിട്ട് ആറിന് ആലപ്പുഴ സെന്റ് ജോസഫ്സ് കോളജിന് സമീപം ശാന്തിഭവൻ വീട്ടുവളപ്പിൽ. പ്രമുഖ കയർ വ്യവസായിയായിരുന്ന രവി കരുണാകരന്റെ ഭാര്യയാണ്. മകൾ: ഗീത രവി കരുണാകരൻ (ലുല്ലു). ബെറ്റി 2006ൽ ആലപ്പുഴയിൽ സ്ഥാപിച്ച രവി കരുണാകരൻ സ്മാരക മ്യൂസിയം അപൂർവ കലാസൃഷ്ടികളിലൂടെ രാജ്യാന്തര പ്രശസ്തമാണ്. ഭർത്താവിന്റെ മരണശേഷം രവി കരുണാകരൻ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സാരഥ്യം ബെറ്റി ഏറ്റെടുത്തു.
ജഡ്ജിയും എക്സൈസ് മന്ത്രിയുമായിരുന്ന എൻ.ശ്രീനിവാസന്റെയും കെ.സി.സരസ്വതിയുടെയും മകളാണു ബെറ്റി. ചെന്നൈ ക്വീൻ മേരീസ് കോളജിൽനിന്നു ബിരുദം നേടി. രവി കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റിയായും പ്രവർത്തിക്കുകയായിരുന്നു.
കരകൗശല വസ്തുക്കളിൽ ഭർത്താവിനെപ്പോലെ ബെറ്റിയും ചെറുപ്പം മുതൽ താൽപര്യം കാട്ടിയിരുന്നു. ആലപ്പുഴ ഇന്നർവീൽ ക്ലബ്ബിന്റെ ചാർട്ടർ അംഗമാണ്. 3 വർഷം ക്ലബ് പ്രസിഡന്റായിരുന്നു. വർഷങ്ങളായി ക്ലബ് പേട്രണാണ്. റോട്ടറി ഇന്റർനാഷനലിലും സജീവമായിരുന്നു. ബിസിനസ് സംബന്ധമായും അല്ലാതെയും നൂറിലേറെ രാജ്യങ്ങൾ സന്ദർശിക്കുകയും അവിടെയെല്ലാം സൗഹൃദങ്ങൾ വളർത്തുകയും ചെയ്തു. English Summary:
Betty Karan, Chairperson of Karan Group companies, passed away. Her funeral will be held at Shanthibhavan, near St. Joseph\“s College, Alappuzha on Wednesday at 6 pm. |
|