deltin33 • 2025-10-28 09:43:52 • views 559
കോട്ടയം ∙ ദേശീയ – സംസ്ഥാന തലങ്ങളിൽ പാർട്ടി വക്താക്കളെ നിയമിക്കാൻ അടിമുടി ശുദ്ധികലശത്തിനൊരുങ്ങി കോൺഗ്രസ്. ഇതിനു മുന്നോടിയായാണ് കെപിസിസി പുനഃസംഘടനയിൽ നീരസമുണ്ടായിരുന്ന ചാണ്ടി ഉമ്മനും ഷമ മുഹമ്മദിനും ദേശീയ നേതൃത്വം പുതിയ പദവി നൽകുന്നത്. കഴിവുള്ള ചെറുപ്പക്കാരെ പാർട്ടി വക്താക്കളാക്കി മാറ്റാൻ എഐസിസി മാധ്യമ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ടാലന്റ് ഹണ്ടിന്റെ നോഡൽ കോർഡിനേറ്റർമാരായാണ് ഇരുവർക്കും നിയമനം. ചാണ്ടി ഉമ്മന് മേഘാലയ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെയും ഷമയ്ക്ക് ഗോവയുടെയും ചുമതല നൽകി എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും നോഡൽ ഓഫിസർമാരെ നിയമിച്ചിരിക്കുകയാണ് ദേശീയ നേതൃത്വം.
- Also Read ചാണ്ടി ഉമ്മൻ ടാലന്റ് ഹണ്ട് നോഡൽ കോർഡിനേറ്റർ; മേഘാലയയുടെ ചുമതല നൽകി, ഷമ മുഹമ്മദിന് ഗോവ
യൂത്ത് കോൺഗ്രസിൽ രാഹുൽ ഗാന്ധി നടപ്പാക്കിയ ടാലന്റ് ഹണ്ടല്ല ഈ ടാലന്റ് ഹണ്ട്. സംസ്ഥാനങ്ങളിൽ കോൺഗ്രസ് ആശയങ്ങളിൽ വിശ്വസിക്കുന്ന കഴിവും ചുറുചുറുക്കുമുള്ള ചെറുപ്പക്കാരെ കണ്ടെത്തി അവർക്ക് പരിശീലനം നൽകി പാർട്ടി വക്താക്കളാക്കുന്ന പരിപാടിയാണിത്. പാർട്ടിയുടെ കാഴ്ചപ്പാടും നയങ്ങളും ഫലപ്രദമായി ആശയവിനിമയം ചെയ്യാൻ കഴിയുന്ന പുതിയ തലമുറ മാധ്യമ പ്രതിനിധികളെ തിരിച്ചറിയുകയും പരിശീലിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ഇക്കഴിഞ്ഞ ജൂണിലാണ് രാഹുൽ ഗാന്ധിയുടെ നിർദേശ പ്രകാരം ഇതു സംബന്ധിച്ച മാർഗരേഖ പവൻഖേരയുടെ നേതൃത്വത്തിൽ എഐസിസി തയാറാക്കിയത്.
സംസ്ഥാനങ്ങളിൽ പിസിസികൾ നിയമിക്കുന്ന വക്താക്കളിൽ പലരും നേതൃത്വത്തിലെ പ്രബല വിഭാഗത്തിന്റെ സ്വന്തക്കാരാണ് എന്ന ആക്ഷേപം ശക്തമാണ്. ദേശീയ തലത്തിലും പാർട്ടിയ്ക്ക് യുവ മുഖങ്ങൾ വേണം. ഇതിനാണ് ദേശീയ തലത്തിൽ ടാലന്റ് ഹണ്ട് നടത്താൻ കോൺഗ്രസ് തീരുമാനിച്ചത്. താൽപര്യമുള്ള ചെറുപ്പക്കാരിൽനിന്ന് പാർട്ടി അപേക്ഷ ക്ഷണിക്കും. ബയോഡേറ്റയ്ക്കൊപ്പം തിരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളിൽ സംസാരിക്കുന്ന വിഡിയോ ക്ലിപ്പുകളും അയയ്ക്കണം. പാർട്ടിയ്ക്കു ലഭിച്ച അപേക്ഷകളിൽനിന്ന് ചുരുക്ക പട്ടിക തയാറാക്കും. ഇതാണ് ചാണ്ടി ഉമ്മൻ ഉൾപ്പെടെ പാർട്ടി നിയമിച്ച ടാലന്റ് ഹണ്ട് കോർഡിനേറ്റർമാരുടെ ആദ്യ ദൗത്യം.
- Also Read കോൺഗ്രസ് എസ്‌സി വകുപ്പിന്റെ ദേശീയ കോഓർഡിനേറ്ററായി മുത്താര രാജിനെ തിരഞ്ഞെടുത്തു
പാർട്ടി വിധേയത്വം, മാധ്യമങ്ങളെ കൈകാര്യം ചെയ്യാനുള്ള ശേഷി, ആശയ വ്യക്തത എന്നിവ നോക്കിയാകും ചുരുക്ക പട്ടിക തയാറാക്കുക. പട്ടികയിൽ ഇടം ലഭിച്ചവരെ ഓൺലൈൻ അഭിമുഖത്തിനായി ക്ഷണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരെ ദേശീയ, സംസ്ഥാന, പ്രാദേശിക വക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തും. ഇവർക്കായി വിവിധ വർക്‌ഷോപ്പുകളും ഡിജിറ്റൽ മീഡിയ ട്രെയിനിങ്ങും സംഘടിപ്പിക്കും. മുതിർന്ന മാധ്യമപ്രവർത്തകർ, കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവരാകും ക്ലാസുകൾ നയിക്കുക. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രതിഭകളെ തിരിച്ചറിയുന്നതിനായി ഇന്ത്യയിലുടനീളം ആറ് മീഡിയ സോണുകൾ സ്ഥാപിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തുന്നത്. യങ് ഇന്ത്യ കേ ബോൽ എന്ന പേരിൽ യൂത്ത് കോൺഗ്രസ് ദേശീയതലത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. അതിൽ പ്രവർത്തിച്ച് കഴിവു തെളിയിച്ച വസന്ത് തെങ്ങുംപ്പള്ളിയ ദേശീയ നേതൃത്വം അടുത്തിടെ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയാക്കിയിരുന്നു. English Summary:
Congress\“s New Spokepersons: Chandy Oommen and Shama Mohamed Get New Roles. Congress Talent Hunt is aimed at identifying and training young, capable individuals to become party spokespersons. |
|