LHC0088 • 2025-10-28 09:45:05 • views 813
ന്യൂഡൽഹി ∙ ദീപാവലിക്കു ശേഷം വായുമലിനീകരണം കൂടിയില്ലെന്നു ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഇന്നലെയും ആവർത്തിച്ചു. എന്നിട്ടും സെക്രട്ടേറിയറ്റിൽ മന്ത്രിമാർക്കും എംഎൽഎമാർക്കും ഉദ്യോഗസ്ഥർക്കും ആ‘ശ്വാസ’മേകാൻ 15 പുതിയ എയർ പ്യൂരിഫയർ വാങ്ങാൻ തീരുമാനിച്ചു.
- Also Read ക്ലൗഡ് ഇല്ലാതെ എങ്ങനെ ക്ലൗഡ് സീഡിങ് എന്ന് മന്ത്രി; ജലരേഖയായി ഡൽഹിയിലെ കൃത്രിമ മഴ
ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ വായുനിലവാര സൂചിക (എക്യുഐ) 400 കടന്നു, ഡൽഹിയിൽ ശരാശരി എക്യുഐ– 345. അതോടെയാണ് 5.5 ലക്ഷം രൂപയ്ക്ക് 15 പുതിയ എയർ പ്യൂരിഫയർ വാങ്ങാൻ പൊതുമരാമത്തു വകുപ്പു നിർദേശിച്ചത്. അകത്തിരുന്നുള്ള ജോലികൾക്കു സുരക്ഷിതമായ അന്തരീക്ഷം ഉറപ്പുവരുത്തുകയാണു ലക്ഷ്യം.
- Also Read ട്രംപ് ഇങ്ങനെ ‘പറഞ്ഞു’ തുടങ്ങിയാൽ എന്തു ചെയ്യും? ഒടുവിൽ ‘ഭയന്നതു’ സംഭവിക്കുന്നു? നിക്ഷേപകരും അറിയണം സ്വർണവില ഇടിവിനു പിന്നിലെ 4 കാരണം
സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിലെ ഓഫിസുകൾക്കു പുറമേ, കോൺഫറൻസ് ഹാളുകളിലും ചെറിയ മീറ്റിങ് റൂമുകളിലും പ്യൂരിഫയർ വയ്ക്കും. വായുമലിനീകരണം അത്ര രൂക്ഷമല്ലെന്നു മുഖ്യമന്ത്രിക്കു പുറമേ പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിങ് സിർസയും ആവർത്തിക്കുന്നതിനിടെയാണു സർക്കാർ നടപടി.
എയർ പ്യൂരിഫയർ വാങ്ങാൻ സർക്കാർ തന്നെ തീരുമാനിച്ചതോടെ വായുമലിനീകരണം രൂക്ഷമാണ് എന്നുറപ്പായി. മലിനീകരണം തടയാൻ സർക്കാരിന്റെ പക്കൽ ദീർഘകാല പദ്ധതികളൊന്നുമില്ല എന്നതിന്റെ തെളിവു കൂടിയാണിതെന്നു പ്രതിപക്ഷം വിമർശിച്ചു. ‘പുറത്തു കുട്ടികളും മുതിർന്നവരും ഉൾപ്പെടെ സാധാരണക്കാർ വിഷവായു ശ്വസിക്കുന്നു. എന്നാൽ, ബിജെപി മന്ത്രിമാരും എംഎൽഎമാരും തങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള സുരക്ഷിത മാർഗങ്ങൾ ഉറപ്പുവരുത്തുന്നു, ഇതാണ് ഇപ്പോഴത്തെ ഡൽഹി മോഡൽ’– എഎപി എംഎൽഎ സഞ്ജീവ് ഝാ പറഞ്ഞു. തണുപ്പുകാലം അടുത്തതോടെ ഡൽഹിയിൽ എയർ പ്യൂരിഫയർ വിൽപന കൂടി. വിൽപനയിൽ 50–70% വർധനയുണ്ടെന്നു വ്യാപാരികൾ പറയുന്നു.
കണക്ക് ഒളിപ്പിക്കാൻ നിരീക്ഷണകേന്ദ്രങ്ങൾ പൂട്ടുന്നു:
സർക്കാരിനെതിരെ എഎപി
വായുമലിനീകരണത്തിന്റെ യഥാർഥ കണക്കുകൾ പുറത്തുവരാതിരിക്കാൻ ബിജെപി സർക്കാർ നിരീക്ഷണകേന്ദ്രങ്ങൾ അടച്ചുപൂട്ടുകയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. വായുനിലവാര സൂചിക മിക്കയിടങ്ങളിലും 1000നു മുകളിലെത്തി. എന്നാൽ, 350നു മുകളിലുള്ള കണക്കുകൾ പുറത്തുവരാതിരിക്കാൻ സർക്കാർ ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തു വിടാതിരിക്കുകയുമാണെന്ന് എഎപി സംസ്ഥാന അധ്യക്ഷൻ സൗരഭ് ഭരദ്വാജ് പറഞ്ഞു.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ സമിതിയുടെയും കാലാവസ്ഥാ കേന്ദ്രത്തിന്റെയും നിരീക്ഷണ കേന്ദ്രങ്ങൾ ഒരേസമയത്ത് ഓഫ്‌ലൈനായി. കാറ്റിന്റെ ഗതിമാറി വായു നിലവാരം മെച്ചപ്പെട്ടു തുടങ്ങിയതോടെയാണ് കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനം തുടങ്ങിയത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ ആസൂത്രിതമായി ചെയ്ത നടപടിയാണിതെന്നും ഭരദ്വാജ് ആരോപിച്ചു. പരിശോധനാ കേന്ദ്രങ്ങളിലെ കണക്കുകൾ ബിജെപി ഇടപെട്ട് നീക്കം ചെയ്തെന്ന് എഎപി എംഎൽഎ സഞ്ജീവ് ഝായും ആരോപിച്ചു.
അതേസമയം, പഞ്ചാബിലെ പാടത്തു തീയിട്ടതാണു ഡൽഹിയിലെ മലിനീകരണം കൂടാനിടയാക്കിയതെന്നു പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിങ് സിർസ ആവർത്തിച്ചു. കേജ്‌രിവാൾ ഡൽഹിയെ നശിപ്പിച്ചു. ഇപ്പോൾ പഞ്ചാബിനെയും നശിപ്പിച്ച്, അവിടെയും വായുമലിനീകരണം രൂക്ഷമാക്കിയെന്നു സിർസ പറഞ്ഞു.
ശബ്ദമലിനീകരണവും
സംസ്ഥാനത്തെ 26 ശബ്ദ നിരീക്ഷണ സ്റ്റേഷനുകളിൽ 23 എണ്ണം അനുവദനീയമായ പരിധിക്കു മുകളിലുള്ള ശബ്ദനില റിപ്പോർട്ട് ചെയ്തതായി ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയുടെ റിപ്പോർട്ട്. കഴിഞ്ഞ വർഷം 22 സ്റ്റേഷനുകളും 2023ൽ 13 സ്റ്റേഷനുകളിലുമാണ് ഉയർന്ന ശബ്ദം രേഖപ്പെടുത്തിയത്. English Summary:
Delhi air pollution: Delhi\“s air pollution crisis deepens post-Diwali, with the government buying air purifiers for ministers and officials while denying severe pollution. AAP alleges data manipulation amidst political blame. |
|