ന്യൂഡൽഹി ∙ മൂന്നാം ദിവസവും കെട്ടടങ്ങാതെ പാക്ക് അധിനിവേശ കശ്മീരിൽ സംഘർഷം തുടരുന്നു. പാക്കിസ്ഥാൻ സർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്കു പിന്നാലെ സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ ഇതുവരെ പന്ത്രണ്ടു സാധാരണക്കാരും മൂന്നു പൊലീസുകാരും കൊല്ലപ്പെട്ടു. 200ലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്.
ധീർകോട്ടിലും മുസാഫറാബാദിലും അഞ്ചു പേർ വീതവും ദാദ്യാലിൽ മൂന്നു പേരുമാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. സൈന്യം കണ്ണീർവാതകവും പ്രതിഷേധക്കാർക്കു നേരെ പ്രയോഗിച്ചു. സംഘർഷം തടയുന്നതിനായി പഞ്ചാബിൽനിന്നും ഇസ്‌ലാമാബാദിൽനിന്നും അധിക സംഘങ്ങള്‍ പുറപ്പെട്ടിട്ടുണ്ട്.
പ്രതിഷേധങ്ങൾ ആരംഭിച്ചതു മുതൽ കടകളും മറ്റു വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. മൊബൈൽ, ഇന്റർനെറ്റ്, ലാൻഡ്ലൈന്‍ തുടങ്ങിയ സേവനങ്ങളുടെ നിരോധനവും പാക്ക് അധിനിവേശ കശ്മീരിൽ തുടരുകയാണ്.
‘മൗലികാവകാശ നിഷേധ’ത്തിനെതിരെയാണ് ജോയിന്റ് അവാമി ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാക് അധിനിവേശ കശ്മീരിൽ സെപ്റ്റംബർ 29ന് പ്രതിഷേധം ആരംഭിച്ചത്. പാക്കിസ്ഥാനിൽ താമസിക്കുന്ന കശ്മീരി അഭയാർഥികൾക്കായി സംവരണം ചെയ്തിരിക്കുന്ന പിഒകെ അസംബ്ലിയിലെ 12 സീറ്റുകൾ നിർത്തലാക്കുന്നത് ഉൾപ്പെടെ 38 ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Vikspeaks1 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Clashes Escalate in Pak Occupied Kashmir: Pak Occupied Kashmir Protests continue with escalating violence. The protests, sparked by grievances against the Pakistani government, have resulted in casualties and widespread disruption. |