തിംപു ∙ വാഹനക്കടത്തിന്റെ പേരിൽ ഭൂട്ടാനിൽ അന്വേഷണം, ഒപ്പം അമ്പരപ്പും. കേരളത്തിലേക്കുള്ള വാഹനക്കടത്താണ് നിലവിൽ ഭൂട്ടാൻ മാധ്യമങ്ങളിൽ പ്രധാന വാർത്ത. കൂടുതലും ഇന്ത്യയിലെ അന്വേഷണ ഏജൻസികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ. എന്നാൽ, ഓപ്പറേഷൻ നുമ്ഖോറിൽ വാഹനക്കടത്ത് കണ്ടെത്തുന്നതു വരെ ഭൂട്ടാൻ ഇക്കാര്യം അറിഞ്ഞില്ലേ എന്നും സംശയം. ഭൂട്ടാൻ ട്രാൻസ്പോർട്ട് ആൻഡ് കൺസ്ട്രക്ഷൻ അതോറിറ്റിയുടെ (ബിസിടിഎ) ഔദ്യോഗിക രേഖകൾ പ്രകാരം, ഉയർന്ന നിലവാരമുള്ള ഭൂട്ടാൻ കാറുകളുടെ കൈമാറ്റമോ വിൽപനയോ ഇന്ത്യയിൽ നടന്നിട്ടില്ലെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. ആവശ്യമായ വിവരങ്ങൾ ഇന്ത്യ പങ്കുവയ്ക്കുകയാണെങ്കിൽ ഭൂട്ടാനിലുള്ള യഥാർഥ വാഹന ഉടമകളെ കണ്ടെത്തി, എങ്ങനെയാണ് വാഹനം ഇന്ത്യയിലെത്തുന്നതെന്നു കണ്ടെത്താമെന്നും ഇവര്‍ അറിയിച്ചതായാണ് ഇതിൽ പറയുന്നത്.
അതേസമയം, ഭൂട്ടാനിൽനിന്നും കേരളത്തിലേക്കുള്ള വാഹനക്കടത്ത് സംഭവത്തിൽ അന്വേഷണവുമായി സഹകരിക്കാൻ ഭൂട്ടാൻ അധികൃതർ തയാറെന്ന് ഭൂട്ടാൻ മാധ്യമ റിപ്പോർട്ട്. ഭൂട്ടാനിലെ ധനകാര്യ മന്ത്രാലയത്തിനു കീഴിലെ റവന്യൂ ആൻഡ് കസ്റ്റംസ് വിഭാഗം (ഡിആർസി) ഇന്ത്യയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദ് ഭൂട്ടാനീസ് ന്യൂസ്പേപ്പർ എന്ന ഓൺലൈന്‍ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാഹനക്കടത്തിന്റെ രീതി പഠിക്കാൻ താൽപര്യമുണ്ടെന്നും പഴുതുകളടച്ച് നിയമ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നതായും ഡിആർസി ഉദ്യോഗസ്ഥൻ പറഞ്ഞതായാണ് റിപ്പോർട്ട്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെന്നും ഭൂട്ടാന്‍ ധനകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽനിന്നുള്ള കസ്റ്റംസ് കമ്മിഷണർ ടി.ടിജുനെ ബന്ധപ്പെട്ടും മലയാളത്തിലെ മാധ്യമ വാർത്തകളെയും ഉദ്ധരിച്ചാണ് സംഭവത്തിന്റെ വിവരങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. English Summary:
Operation Numkhor Uncovers bhutan Car Smuggling Ring: Bhutan vehicle smuggling involves an ongoing investigation in Bhutan concerning vehicle smuggling to Kerala. Bhutanese authorities are cooperating with Indian agencies to investigate the illegal transfer of vehicles and strengthen their legal frameworks to prevent future incidents. |