അവസരങ്ങളുടെ കലയാണു രാഷ്ട്രീയം. അവ ലഭിക്കുന്നതും വിനിയോഗിക്കുന്നതുമെല്ലാം പ്രധാനം. അവസരങ്ങൾ കൈക്കുമ്പിളിൽ ലഭിച്ചിട്ടും ഫലമുണ്ടാകാത്തവരും ഊഷര രാഷ്ട്രീയ ഭൂമികയിൽ അപ്രതീക്ഷിത വിളവെടുപ്പു നടത്തിയവരും കേരള രാഷ്ട്രീയത്തിലുണ്ട്. ഏറെ രാഷ്ട്രീയവിവാദങ്ങള്‍ക്കു സാക്ഷ്യം വഹിച്ച് 2025 പടിയിറങ്ങുമ്പോള്‍ പല നേതാക്കളുടെയും രാഷ്ട്രീയ ഗ്രാഫില്‍ ഉണ്ടായത് ഏറെ കൗതുകകരമായ കയറ്റിറക്കങ്ങള്‍.
- Also Read വാർത്താനായകർ; പോയ വർഷം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഖമുദ്രകളായ നേതാക്കൾ
വി.ഡി.സതീശൻ: നായകന്റെ പ്രതിച്ഛായ
രണ്ടാം ഉമ്മൻചാണ്ടി സർക്കാരിൽ മന്ത്രിപദം പ്രതീക്ഷിച്ചിരുന്ന നേതാവായിരുന്നു വി.ഡി.സതീശൻ. പട്ടിക വന്നപ്പോൾ സതീശൻ ഔട്ട്. ഏറെ നാളിനു ശേഷമാണ് പ്രതിപക്ഷ നേതാവെന്ന പദവി അപ്രതീക്ഷിതമായി എത്തിയത്. രണ്ടാം തുടർഭരണത്തിന്റെ അപ്രതീക്ഷിത തിരിച്ചടിയിൽ പകച്ച മുന്നണിയെ നയിക്കേണ്ട ഉത്തരവാദിത്തം. ആദ്യ പരീക്ഷണം തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്. അതു വിജയകരമായി കടന്നു. പിന്നീട് പുതുപ്പള്ളിയിലും പാലക്കാട്ടും നിലമ്പൂരിലുമെല്ലാം ജയം ആവർത്തിച്ചു. ഒടുവിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച വിജയത്തോടെ നായകനെന്ന പരിവേഷം നിലനിർത്താനുമായി. രാഷ്ട്രീയ ഗ്രാഫ് കുത്തനെ ഉയർന്നു. നിയമസഭാ തിരഞ്ഞെടുപ്പാണ് ഇനി മുന്നിലുള്ള കടമ്പ. ബൂത്ത് കമ്മിറ്റികൾ സജീവമാക്കാനായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപുള്ള ശ്രദ്ധ. മുന്നണി വിപുലീകരണത്തിന് അപ്പുറം യുഡിഎഫുമായി സഹകരിക്കാൻ കഴിയുന്നവരുടെ ഒരു വിശാല പ്ലാറ്റ്ഫോം രൂപീകരിക്കാനാണ് ശ്രമം. മുന്നണിയിലേക്കുള്ള സി.കെ.ജാനുവിന്റെ വരവിനെ ഈ രീതിയിൽ കാണാം. വിവിധ മേഖലകളിലുള്ള, ഇടതുപക്ഷത്തോട് അടുപ്പമുള്ളവർക്കായി വാതിലുകൾ തുറന്നിട്ടിരിക്കുന്നു. സ്ഥാനാർഥി നിർണയത്തിന്റെ പ്രാരംഭ ചർച്ചകൾ ആരംഭിച്ചു. ലഭിക്കുന്ന സീറ്റുകളിൽ എത്രയും വേഗം സ്ഥാനാർഥികളെ കണ്ടെത്താൻ ഘടകകക്ഷികൾക്ക് നിർദേശം നൽകി. ജനുവരി ആദ്യവാരം ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കും. മുന്നണിയിൽ നിലവിൽ പ്രശ്നങ്ങളില്ല. സീറ്റ് വിഭജനം തർക്കങ്ങളില്ലാതെ പൂർത്തിയാക്കേണ്ടതുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജയത്തിളക്കത്തിലാണ് വി.ഡി.സതീശൻ. അത് നിലനിർത്തണമെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം അനിവാര്യം.
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
- എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
- 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
MORE PREMIUM STORIES
രാഹുൽ മാങ്കൂട്ടത്തിൽ: വീണുപോയ ‘അദ്ഭുതം’
‘കോൺഗ്രസിലെ അദ്ഭുത ബാലനെ’ന്നായിരുന്നു പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശേഷണം. ചാനൽ ചർച്ചകളിലൂടെ ശ്രദ്ധേയനായി പാർട്ടിയിലും പേരെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായതിനു പിന്നാലെ പാലക്കാട് ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭയിലുമെത്തി. ഉയർച്ചയ്ക്കു പിന്നിൽ കാത്തിരുന്നത് അപ്രതീക്ഷിത വീഴ്ച. ഒരു യുവതി ആരോപണവുമായി എത്തുകയും പിന്നീട് ശബ്ദസന്ദേശങ്ങൾ പ്രചരിക്കുകയും ചെയ്തതോടെ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി രാജിവച്ചു. പിന്നാലെ കോൺഗ്രസ് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. ബലാത്സംഗക്കേസിനെ തുടർന്ന് ഒളിവിൽ കഴിയേണ്ടിവന്നു. പാർട്ടി പുറത്താക്കി. ഇപ്പോൾ എംഎൽഎ സ്ഥാനം മാത്രം കൈവശം. കേസുകൾ നടക്കുന്നു. ഇനി പാലക്കാട് സീറ്റ് ലഭിക്കാൻ സാധ്യതയില്ല. രാഷ്ട്രീയത്തിലെ മുന്നോട്ടുപോക്കും പ്രയാസം. രാഹുൽ മാങ്കൂട്ടത്തിൽ (ചിത്രം∙ മനോരമ)
പിണറായി: തുടർഭരണമെന്ന സ്വപ്നസാക്ഷാത്കാരം
പാർട്ടിയിലെ ഉന്നത നേതാക്കൾക്കുപോലും സാധിക്കാതിരുന്ന കാര്യമാണ് സിപിഎമ്മിന് പിണറായി വിജയനിലൂടെ നേടാനായത്– തുടർഭരണം. പിണറായി 3.0 എന്ന ആത്മവിശ്വാസത്തിനു പിന്നിൽ പിണറായി തന്നെ. അടുത്ത തിരഞ്ഞെടുപ്പിനെ നയിക്കാനും താനുണ്ടാകുമെന്ന് പിണറായി വ്യക്തമാക്കികക്കഴിഞ്ഞു. എതിർവാക്കില്ലാതെ, അച്ചടക്കത്തോടെ പാർട്ടിയെയും സർക്കാരിനെയും മുന്നോട്ടുകൊണ്ടുപോകാൻ പിണറായിക്ക് സാധിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ അനായാസ ജയമാണ് പ്രതീക്ഷിച്ചതെങ്കിലും കനത്ത തിരിച്ചടിയുണ്ടായി. ഉത്തരവാദിത്തം സർക്കാരിനെ നയിക്കുന്ന ആളെന്ന നിലയിൽ പിണറായിയിലേക്ക് എത്തി. ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണക്കൊള്ളയുമെല്ലാം ബാധിച്ചു; പാർട്ടി അത് സമ്മതിക്കുന്നില്ലെങ്കിലും. സംസ്ഥാന സെക്രട്ടേറിയറ്റിലും ആദ്യമായി പിണറായിക്കെതിരെ വിമർശനം ഉയർന്നു. വി.സി നിയമനത്തിൽ ഗവർണറുമായി ഒത്തുതീർപ്പ് ഉണ്ടാക്കിയതായിരുന്നു കാരണം. പി.എം.ശ്രീ പദ്ധതിയിൽ ഘടകകക്ഷികളോ പാർട്ടിയോ അറിയാതെ ഒപ്പിട്ടതും അവസാനം നിലപാടിൽനിന്ന് പിൻതിരിയാൻ തീരുമാനിച്ചതും തിരിച്ചടിയായി. തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയം മറികടക്കാൻ നിയമസഭാ തിരഞ്ഞെടുപ്പിലെ ജയം അനിവാര്യം. സാധിച്ചില്ലെങ്കിൽ രാഷ്ട്രീയ കരുത്ത് ചോരും. ആര്യ രാജേന്ദ്രൻ (Photo: s.aryarajendran/Facebook)
ആര്യ രാജേന്ദ്രൻ: തിളങ്ങിത്തുടങ്ങി; മങ്ങി അണഞ്ഞു
സിപിഎമ്മിൽ അതിവേഗം വളർന്നയാളാണ് തിരുവനന്തപുരം മുൻ േമയർ ആര്യ രാജേന്ദ്രൻ. 21–ാം വയസ്സിൽ ഒരു സംസ്ഥാന തലസ്ഥാനത്തിന്റെ മേയറായതോടെ രാജ്യശ്രദ്ധ ആകർഷിച്ചു. പാർട്ടി ലക്ഷ്യമിട്ടതും അതുതന്നെ. എന്നാൽ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടുന്നതിനു പകരം വിവാദങ്ങൾ ശ്രദ്ധ നേടി. നിയമന വിവാദവും പദ്ധതികളിലെ അഴിമതി ആരോപണവും തിരിച്ചടിയായി. പാർട്ടിയിലെ സഹയാത്രികരോടുള്ള പെരുമാറ്റവും കെഎസ്ആർടിസി ബസ് തടഞ്ഞു നിർത്തിയുള്ള വാക്കേറ്റവുമെല്ലാം തിരിച്ചടിയായി. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിൽ സജീവമല്ലായിരുന്നു. പാർട്ടി നിർദേശപ്രകാരമാണിതെന്ന് ചർച്ചകളുണ്ടായി. കോർപറേഷൻ ചരിത്രത്തിലാദ്യമായി ബിജെപി പിടിച്ചതോടെ വിമർശനങ്ങൾ ഉയർന്നു. നിലവിലെ സാഹചര്യത്തിൽ രാഷ്ട്രീയഭാവി തുലാസിൽ. നിയമസഭയിലേക്ക് മത്സരിക്കുമെന്ന് പ്രചാരണമുണ്ടെങ്കിലും സാധ്യതകള്‍ കുറയുകയാണ്.
ബിനോയ് വിശ്വം: സിപിഐയിലെ കർക്കശ സ്വരം
എൽഡിഎഫിൽ ഈ വർഷം മിന്നിക്കയറിയത് സിപിഐയും അതിന്റെ സെക്രട്ടറി ബിനോയ് വിശ്വവുമാണ്. പി.എം.ശ്രീ പദ്ധതിയിൽ മുന്നണി അറിയാതെ ഒപ്പിട്ടത് നയപരമായ വ്യതിചലനമാണെന്ന് ബിനോയ് തുറന്നടിച്ചു. ആദ്യമായി മുഖ്യമന്ത്രിക്ക് തീരുമാനം തിരുത്തേണ്ടിവന്നു. നിലപാടിലെ കാർക്കശ്യം പാർട്ടിയിലും ബിനോയിയെ കരുത്തനാക്കി. രാജീവ് ചന്ദ്രശേഖർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ / മനോരമ
രാജീവ് ചന്ദ്രശേഖർ: ചരിത്രമെഴുതുമോ ബിജെപി?
അപ്രതീക്ഷിതമായാണ് രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ ആയത്. ആദ്യ കടമ്പ തദ്ദേശ തിരഞ്ഞെടുപ്പ് ആയിരുന്നു. തിരുവനന്തപുരം കോർപറേഷൻ ചരിത്രത്തിൽ ആദ്യമായി പിടിച്ചെടുത്തതോടെ പൊളിറ്റിക്കൽ ഗ്രാഫ് ഉയർന്നു. നിയമസഭാ തിരഞ്ഞെടുപ്പാണ് മുന്നിലുള്ള വെല്ലുവിളി. നേമത്ത് മാത്രമാണ് ബിജെപിക്ക് ഇതുവരെ അക്കൗണ്ട് തുറക്കാനായത്. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെങ്കിലും വിജയിക്കുകയാണ് ലക്ഷ്യം. അതിന് പാർട്ടിയെ സജ്ജമാക്കേണ്ടതുണ്ട്. ഇടഞ്ഞുനിൽക്കുന്ന നേതൃനിരയെ ഒന്നിപ്പിക്കണം. ഇന്ത്യാ രാജ്യം ഒരിക്കൽ എന്റെ പാർട്ടി ഭരിക്കുമെന്ന് പറഞ്ഞതിന് ലോക്സഭയിൽ പരിഹാസം കേൾക്കേണ്ടി വന്ന ആളാണ് അടൽ ബിഹാരി വാജ്പേയ്. അന്ന് വിരലിലെണ്ണാവുന്ന അംഗങ്ങൾ ആയിരുന്നു ബിജെപിക്ക് ഉണ്ടായിരുന്നത്. പിന്നീട് വാജ്പേയ് ഇന്ത്യൻ പ്രധാനമന്ത്രിയായി ചരിത്രം സൃഷ്ടിച്ചു. കേരള നിയമസഭ ബിജെപിക്ക് ഇന്നും ബാലികേറാ മലയാണ്. അതിൽ മാറ്റം ഉണ്ടായാൽ രാജീവ് ചന്ദ്രശേഖറും ബിജെപിയും ചരിത്രത്തിന്റെ ഭാഗമാകും. English Summary:
Kerala politics is ever evolving, influenced by leaders and changing dynamics. This article analyses the current political landscape of Kerala, focusing on key figures and their trajectories. The upcoming elections will be crucial in shaping the future of the state. |