search

പറ്റിക്കപ്പെട്ടവരുടെ പട്ടിക

LHC0088 Yesterday 11:06 views 833
  

  

  

  

  

  



കുട്ടിക്കൃഷ്ണൻ ചോദിക്കുന്നു; എനിക്ക് അനുവദിച്ച വീടെവിടെ?

നിലമ്പൂർ ചക്കാലക്കുത്ത് പുൽപറ്റ താഴത്തെ വീട്ടിൽ കുട്ടിക്കൃഷ്ണന്റെ വലിയ സ്വപ്നം തലചായ്ക്കാനൊരിടമാണ്. അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടപ്പോൾ ആ സ്വപ്നം വൈകാതെ സാക്ഷാത്കരിക്കുമെന്ന് ഈ അറുപത്തിയെട്ടുകാരൻ പ്രതീക്ഷിച്ചു. എന്നാൽ, അതിദരിദ്രരായി കണ്ടെത്തിയ 59,227 പേരെ അതിൽനിന്നു മോചിപ്പിച്ചെന്ന് സർക്കാർ പ്രഖ്യാപിച്ചതുകേട്ട് അമ്പരന്ന കുട്ടിക്കൃഷ്ണൻ അധികൃതരോടു ചോദിക്കുന്നു; തനിക്ക് അനുവദിച്ച വീടെവിടെയെന്ന്.   കുട്ടിക്കൃഷ്ണൻ താമസസ്ഥലം കൂടിയായ ചക്കാലക്കുത്തിലെ ഫർണിച്ചർ വർക്‌ഷോപ്പിൽ

ജീവിതത്തിൽ ഒറ്റയ്ക്കായിപ്പോയ കുട്ടിക്കൃഷ്ണനു സ്വന്തമായി ഒരിഞ്ച് സ്ഥലമില്ല. ഫർണിച്ചർ വർക്‌ഷോപ്പിൽ ചെറുജോലികൾ ചെയ്താണ് ഉപജീവനം. ജോലി ചെയ്യുന്ന ഷെഡിലാണ് രാത്രിതാമസവും. പട്ടികയിൽപെട്ടതുകൊണ്ട് ആകെയുണ്ടായ ഗുണം നഗരസഭയിൽനിന്ന് നാലു തവണ ഭക്ഷ്യക്കിറ്റ് കിട്ടിയതാണെന്നു കുട്ടിക്കൃഷ്ണൻ പറയുന്നു. ചക്കാലക്കുത്തിൽത്തന്നെയുള്ള ഭിന്നശേഷിക്കാരനായ ജോർജ് തോമസ്(48) എന്ന ഷാജിയും അതിദരിദ്രരുടെ പട്ടികയിലുള്ള അനാഥനാണ്. ഷാജിയുടെ അന്തിയുറക്കം കടവരാന്തകളിലാണ്. ഏകസ്ഥരായതിനാലാണ് ഇരുവർക്കും സ്ഥലവും വീടും അനുവദിക്കാത്തതെന്നാണ് അധികൃതരുടെ വിശദീകരണം.

  • Also Read ഇവിടെത്തന്നെയുണ്ട് ‘അതിദരിദ്രരല്ലാത്ത’ ഇവരും; സർക്കാരേ, ഇവരെ എന്തുവിളിക്കണം?   


ഈ അഞ്ചുവയസ്സുകാരിയും മുത്തശ്ശിയും എന്തുചെയ്യണം?

അഞ്ചു വയസ്സുകാരി സഞ്ജന മോൾക്ക് ഏകആശ്രയം ആസ്മ രോഗിയായ മുത്തശ്ശി വത്സലയാണ്. വീടോ വരുമാനമോ ഇല്ലാത്ത ഈ കുടുംബം പക്ഷേ, ‘അതിദരിദ്രരല്ല’. ഇപ്പോൾ ബന്ധുവീട്ടിൽ അഭയം തേടിയിരിക്കുകയാണ് ഇരുവരും.
    

  • ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
      

         
    •   
         
    •   
        
       
  • വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
      

         
    •   
         
    •   
        
       
  • ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


വത്സലയുടെ മകൾ ജയന്തി ഭർത്താവ് ഉപേക്ഷിച്ചതിനെത്തുടർന്നാണ് സഞ്ജനയ്ക്കൊപ്പം മടങ്ങിയെത്തിയത്. ആലപ്പുഴ പാണ്ടങ്കരിയിലുണ്ടായിരുന്ന മൂന്നു സെന്റ് വിറ്റാണ് ജയന്തൻ– വത്സല ദമ്പതികൾ ജയന്തിയുടെ വിവാഹം നടത്തിയത്. തുടർന്നു വാടകവീട്ടിലായി താമസം.   സഞ്ജന മോൾ മുത്തശ്ശി വത്സലയ്ക്കൊപ്പം പുറക്കാട്ടെ ബന്ധുവീട്ടിൽ.

  • Also Read കള്ളം പറയാത്ത കാഴ്ചകൾ   


കോവിഡ് ബാധിച്ച് 2021 ജൂൺ ആറിനു ജയന്തി മരിച്ചു; ആറു ദിവസം കഴിഞ്ഞ് ജയന്തനും. വാടകവീട് ഒഴിയേണ്ടി വന്നതോടെ വത്സലയുടെ സഹോദരന്റെ പുറക്കാട്ടുള്ള വീട്ടിലാണ് ഇപ്പോൾ താമസം. രക്ഷിതാക്കൾ കോവിഡ് ബാധിച്ചു മരിച്ച കുട്ടികൾക്ക് സംസ്ഥാന സർക്കാർ സഹായപദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും സഞ്ജനയ്ക്ക് അതും ലഭിച്ചില്ല.

  • Also Read ശബരിമല സ്വർണക്കൊള്ള: ഹൈക്കോടതി പരാമർശിച്ച സുഭാഷ് കപൂർ കടത്തിയത് 9000 കോടിയുടെ വിഗ്രഹങ്ങൾ; കാലടിയിലെ മരതക ശിവലിംഗം കവർന്നത് ആര്?   


ഈ പുറമ്പോക്കിൽനിന്ന് മോചനമുണ്ടാകുമോ?

ജനിച്ചകാലം മുതൽ പുറമ്പോക്കിലെ കുടിലിലാണു തങ്കയുടെ താമസം. വീടിനും സ്ഥലത്തിനുമായി അപേക്ഷ നൽകിയെങ്കിലും ആരും പരിഗണിച്ചില്ല. ഓലമേഞ്ഞ ഷെഡിൽ ഇപ്പോൾ വിലകുറഞ്ഞ ഷീറ്റ് മേഞ്ഞിട്ടുണ്ട്. മൺതറ. മുൻഭാഗത്തെ ചുമർ ആരൊക്കെയോ നൽകിയ കോൺക്രീറ്റ് കട്ടകൊണ്ട് കെട്ടിയിട്ടുണ്ടെങ്കിലും ഏതു നിമിഷവും വീഴാവുന്ന സ്ഥിതി. നാട്ടുകാരിൽ ആരെങ്കിലും വല്ലപ്പോഴും നൽകുന്ന സഹായംകൊണ്ടാണ് തൃശൂർ മുളങ്കുന്നത്തുകാവ് വെളപ്പായ വേലൂർ വീട്ടിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ തങ്ക (67) കഴിഞ്ഞു കൂടുന്നത്.

ശ്വാസംമുട്ടൽമൂലം 15 വർഷമായി ജോലി ചെയ്യുന്നില്ല. ബിപിഎൽ കാർഡിനു ലഭിക്കുന്ന സൗജന്യ അരിയാണ് പട്ടിണിയകറ്റാനുള്ള മാർഗം. വാർധക്യകാല പെൻഷനാണ് ഏകവരുമാനം. പാപ്പാൻ ജോലിക്കിടെ ആനയുടെ ആക്രമണത്തിൽ പരുക്കേറ്റുവീണ മകൻ സുധീഷിന്റെ ചികിത്സയടക്കമുള്ള കാര്യങ്ങളും നടത്തണം. മഴ പെയ്താൽ വീടിനകത്ത് ചോർന്നൊലിക്കാത്ത ഒരിടവുമില്ല. എന്നിട്ടും തങ്ക സർക്കാരിന്റെ അതിദരിദ്ര പട്ടികയിലില്ല.

  • Also Read അതിദരിദ്രരില്ലാത്ത നാട്ടിലെ സർ‍ക്കാരേ, ഞങ്ങൾക്കൊരു വീട് നൽകാമോ...   


കണ്ണ് തുറക്കാൻ ഇതൊന്നും പോരേ?

വെള്ളിയാമറ്റം പഞ്ചായത്തിലെ കോഴിപ്പള്ളിയിൽ ചേന്നാപ്പാറയ്ക്കു സമീപം വാളിയംപ്ലാക്കൽ ശാന്തയും വിധവയായ മകളും അവരുടെ മൂന്നു കൊച്ചുകുട്ടികളും കഴിയുന്നത് വനമധ്യത്തിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ കുടിലിൽ. മഴ പെയ്താൽ ചോർന്നൊലിക്കും. ആറു വർഷമായി വീടിന് അപേക്ഷ നൽകി കാത്തിരിക്കുന്നു. പലതവണ വെള്ളിയാമറ്റം പഞ്ചായത്ത് അധികൃതരോടു വിവരം പറഞ്ഞെങ്കിലും യോഗ്യതയില്ലെന്നു പറഞ്ഞ് ഒഴിവാക്കി. ശാന്തകുമാരിയും കുടുംബവും താമസിച്ചിരുന്ന മൺകട്ട കെട്ടിയ വീട് ആറുവർഷം മുൻപാണ് വീണത്. ആസ്മ രോഗിയായ ശാന്തകുമാരിക്കു ജോലിക്കു പോകാനാകില്ല. മകൻ കൂലിപ്പണിക്കു പോയാണ് കുടുംബത്തിന്റെ ചെലവുകൾ നോക്കുന്നത്.   കോഴിപ്പള്ളിയിലെ ചേന്നാപ്പാറയ്ക്കു സമീപം വാളിയംപ്ലാക്കൽ ശാന്തയുടെ കുടിൽ

‘അതിദരിദ്രനാകാൻ’ ഭാഗ്യമില്ലാതെ സാംകുട്ടി

കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിച്ചെന്ന വാർത്ത കേട്ടപ്പോൾ സാംകുട്ടിയെന്ന അറുപത്തിമൂന്നുകാരൻ ഏതാണ്ടു പിഞ്ഞിക്കീറാറായ ഷീറ്റിന്റെ വിടവിലൂടെ ആകാശത്തേക്കു നോക്കി. പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞതും ഏതു നിമിഷവും നിലംപതിക്കാവുന്നതുമായ ഷെഡ് നിൽക്കുന്ന 6 സെന്റും ആകാശവും മാത്രമാണല്ലോ സാംകുട്ടിക്കു സ്വന്തം!   സാംകുട്ടി തന്റെ ഷെഡിനു മുന്നിൽ.

പത്തനാപുരം മാങ്കോട് ചിതൽവെട്ടി ലാലു ഭവനിൽ സാംകുട്ടിയുടെ വീട്ടിലും അതിദരിദ്രരെ കണ്ടെത്താനുള്ള സർവേയുടെ ഭാഗമായി ആരൊക്കെയോ വന്നുപോയി. പട്ടികയിലുണ്ടെന്നോ ഇല്ലെന്നോ സാംകുട്ടിയെ പിന്നീടാരും അറിയിച്ചില്ല. വീടിനും ശുചിമുറിക്കും വേണ്ടി പത്തനാപുരം ഗ്രാമപ്പഞ്ചായത്തിൽ അപേക്ഷ നൽകിയിട്ടു വർഷങ്ങളായി. 60 വയസ്സ് കഴിഞ്ഞവർക്കു കട്ടിൽ കൊടുക്കുന്ന പദ്ധതിയുണ്ടെങ്കിലും നടുനിവർന്നു കിടക്കാൻ അധികൃതർ കനിഞ്ഞില്ല. വിഷമാവസ്ഥ കണ്ടു സുഹൃത്തുക്കളിലൊരാൾ നൽകിയ പഴയ കട്ടിലാണ് ആശ്വാസമായത്.

  • Also Read 7 വർഷമായി പള്ളുരുത്തിമുക്കിലെ ആദിവാസി വീട്ടമ്മയും ഭർത്താവും കഴിയുന്നത് ഷെഡ്ഡി‍ൽ; ഇനിയും എത്ര കാലം?   


ഏഴു വർഷമായി പിടിമുറുക്കിയ ഹൃദ്രോഗത്തിനു പുറമേ കാൻസറിനും ചികിത്സയിലാണു സാംകുട്ടി. പഞ്ചാബിലും ഡൽഹിയിലും വെൽഡിങ് ജോലി ചെയ്തിരുന്ന സാംകുട്ടി ചികിത്സയുടെ ഭാഗമായാണ് നാട്ടിലെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ വച്ച ഷെഡിൽ ഒറ്റയ്ക്കാണു താമസം. മഴ പെയ്താൽ ഷെഡിൽ വെള്ളം കയറും. ആ ദിവസങ്ങളിൽ ഉറങ്ങാനാവില്ല. ശക്തമായ കാറ്റടിച്ചാൽ ടാർപോളിൻ ഷീറ്റ് പറന്നുപോകും.

ചികിത്സയ്ക്കു മാസം പതിനായിരത്തിലധികം രൂപ വേണം. തൊഴിലുറപ്പു പദ്ധതിക്കു പോയി ലഭിക്കുന്ന വരുമാനമാണ് ആശ്രയം. ശാരീരിക അവശതകളുള്ളതിനാൽ മാസം നാലോ അഞ്ചോ ദിവസം ജോലിക്കു പോയാലായി.

അവഗണനയും അവശതയും; കൊച്ചുത്രേസ്യ ആരോട് പൊരുതും?

പട്ടയമില്ലാത്ത ഭൂമിയിൽ ഏതു നിമിഷവും നിലംപൊത്താവുന്ന കൊച്ചുകൂരയിൽ വാർധക്യത്തിന്റെ അവശതകളോടും അധികാരികളുടെ അവഗണനയോടും ഒരുപോലെ പൊരുതുകയാണു തൃശൂർ കൊരട്ടി മേച്ചേരി കൊച്ചുത്രേസ്യ (അമ്മിണി) എന്ന എൺപത്തൊൻപതുകാരി.   കൊച്ചുത്രേസ്യ തന്റെ വീട്ടിനുള്ളിൽ

ആശ്രയ ലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിലും അതിദാരിദ്ര്യ പട്ടികയിൽ ഇടം കിട്ടിയില്ല. ആശ്രയപദ്ധതി പ്രകാരമുള്ള കിറ്റ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളൊന്നും ഒരു വർഷമായി ലഭിക്കുന്നില്ലെന്നും അവർ പറഞ്ഞു.

മഞ്ഞക്കാർഡായതിനാൽ റേഷൻ അരിയും മറ്റും കിട്ടും. കറി വയ്ക്കാനും മറ്റു കാര്യങ്ങൾക്കും എന്തുചെയ്യും? ക്ഷേമപെൻഷൻ മാത്രമാണ് ആശ്രയം. അതു മരുന്നിനുപോലും തികയില്ല. ഉയരക്കുറവു കാരണം ഭിന്നശേഷി പട്ടികയിലുള്ളയാളാണ്.

55 വർഷം മുൻപ് മണ്ണു കുഴച്ചുണ്ടാക്കിയ ഇഷ്ടികകൊണ്ടു നിർമിച്ച വീടിന്റെ ചുമരുകളിൽനിന്നു മണ്ണടർന്നു വീഴുന്നു. ദേഹത്തു വീഴാതിരിക്കാൻ മുണ്ടുപുതച്ചാണു കിടപ്പ്. മുള മേഞ്ഞു മുകളിൽ ഓടു വിരിച്ച വീടാണിത്.

ആടുകളെ വളർത്തിയാണു കൊച്ചുത്രേസ്യ ജീവിച്ചിരുന്നത്. രോഗങ്ങളായതോടെ എഴുന്നേറ്റു നടക്കാൻപോലും പറ്റാതായി. അതിനാൽ സഹോദരന്റെ മകനും കുടുംബവും ഇപ്പോൾ കൂട്ടിനുണ്ട്. നാട്ടുകാർ നൽകുന്ന സഹായങ്ങളാണ് ഇവർക്കു തുണ.

  • Also Read ‘തട്ടിപ്പ് എന്ന് വിളിച്ചുകൂവുന്നത് മര്യാദയാണോ?’ : പ്രതിപക്ഷ നേതാവിനോട് 10 ചോദ്യങ്ങളുമായി എം.ബി. രാജേഷ്   


തിരുനക്കരയിലെ ഷൈലജയ്ക്ക് സ്ഥലമായി

കിടപ്പാടമില്ലാതെ കോട്ടയം തിരുനക്കര മൈതാനത്തും കടത്തിണ്ണയിലും അന്തിയുറങ്ങുന്ന ഷൈലജയ്ക്ക് മൂന്നു സെന്റ് സ്ഥലം വാഗ്ദാനം ചെയ്ത് ജനപ്രതിനിധി. പള്ളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷൻ സിബി ജോൺ കൈതയിലാണ് സഹായിക്കാമെന്നറിയിച്ചത്.

അതിദാരിദ്ര്യത്തിൽ കഴിയുന്ന ചങ്ങനാശേരി സ്വദേശി ഷൈലജയുടെ ദുരിതാവസ്ഥയെക്കുറിച്ച് മനോരമയിലെ ‘അതിലേറെയുണ്ട് അതിദാരിദ്ര്യം’ പരമ്പരയിൽ വായിച്ചതോടെയാണ് സ്ഥലം കൈമാറാൻ താൽപര്യം പ്രകടിപ്പിച്ചത്. പനച്ചിക്കാട് ഗ്രാമപ്പഞ്ചായത്തിന്റെ നാലാം വാർഡിൽ പൂവന്തുരുത്ത് കാട്ടാമ്പാക്കിലാണ് സ്ഥലം. രോഗിയായ ഷൈലജയും കൂലിപ്പണിക്കാരനായ ഭർത്താവ് സുനിലും ചങ്ങനാശേരിയിൽ വാടകയ്ക്കാണു കഴിഞ്ഞിരുന്നത്. വാടക കൊടുക്കാൻ നിവൃത്തിയില്ലാതായതോടെയാണ് പെരുവഴിയിലായത്.

‘അതിദരിദ്രരില്ലാത്ത കേരളത്തിലെ’ അതിദാരുണ കാഴ്ചകൾ ഇവിടെ അവസാനിക്കുന്നില്ല. ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അതിദരിദ്രരെ തിരഞ്ഞെടുത്തതെന്ന് അധികൃതർ പറയുന്നു. പക്ഷേ, അതിദാരിദ്ര്യത്തിൽ കഴിയുന്നവരെ ഉൾക്കൊള്ളാനാകാത്ത മാനദണ്ഡങ്ങൾക്ക് എന്താണ് അടിസ്ഥാനം? വേദനിപ്പിക്കുന്ന യാഥാർഥ്യമായി ഈ ജീവിതങ്ങൾ നമുക്കു മുന്നിൽ നിൽക്കുന്നു.

നാട്ടുകാരുടെ കനിവിൽ ജീവൻ പിടിച്ചുനിർത്തുന്ന, പലപ്പോഴും പട്ടിണിയിലായ എത്രയേറെ കുടുംബങ്ങളാണ് നമുക്കിടയിലുള്ളത്. അവരെ മറന്നുള്ള പ്രഖ്യാപനങ്ങൾ ഈ നാടിന് എന്തുനേട്ടമാണ് നൽകുക?

രോഗങ്ങളും ഉറ്റവരുടെ മരണവും മറ്റും ജീവിതം തകർത്തവരെ ചേർത്തുപിടിക്കാൻ, അവരുടെ വിശപ്പകറ്റാൻ, ഭയമില്ലാതെ അന്തിയുറങ്ങാൻ അവർക്കൊരിടം ഒരുക്കാൻ ഭരണാധികാരികൾക്ക് ഉത്തരവാദിത്തമില്ലേ? സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ളവർക്കും ജീവിക്കാനാകുന്ന സാഹചര്യം സൃഷ്ടിച്ച ശേഷമാകട്ടെ നമ്മുടെ പ്രഖ്യാപനങ്ങൾ, ആഘോഷങ്ങൾ.

( പരമ്പര അവസാനിച്ചു)
English Summary:
The Reality of Extreme Poverty in Kerala: Kerala Poverty focuses on the lives of individuals and families struggling with extreme poverty in Kerala, despite the state\“s claims of eliminating it. The article highlights the stories of those who are homeless, hungry, and lack access to basic necessities, raising questions about the criteria used to identify and assist the most vulnerable populations.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158761