ശബരിമല∙ തീർഥാടകരുടെ മടക്കയാത്രയ്ക്ക് ഏറ്റവും കൂടുതൽ ദീർഘദൂര സർവീസ് ചെങ്ങന്നൂരിലേക്ക്. പമ്പ–നിലയ്ക്കൽ റൂട്ടിൽ കെഎസ്ആർടിസി ചെയിൻ സർവീസിനു പ്രിയം കൂടുതൽ, പമ്പ കെഎസ്ആർടിസി ഡിപ്പോയുടെ പ്രതിദിന വരുമാനം 60 ലക്ഷം രൂപ.ഇന്നലെ നിലയ്ക്കൽനിന്നു പമ്പയിലേക്ക് 1060, പമ്പയിൽനിന്നു നിലയ്ക്കലേക്ക് 1080 ട്രിപ് സർവീസ് നടത്തി.
ഇന്നലെ പമ്പയിൽനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് 276 ദീർഘദൂര സർവീസും നടത്തി. പമ്പ–നിലയ്ക്കൽ ചെയിൻ സർവീസ് ഓടാൻ 183 ബസാണ് ക്രമീകരിച്ചിട്ടുള്ളത്. അതിൽ എസി –28, നോൺഎസി ലോഫ്ലോർ– 118, സൂപ്പർ ഫാസ്റ്റ് –9, ഫാസ്റ്റ്– 4, ഡീലക്സ്–7, സീറ്റ്, സ്വിഫ്റ്റിന്റെ ഡീലക്സ് 5, സ്വിഫ്റ്റിന്റെ സൂപ്പർ ഫാസ്റ്റ് –6, സീറ്റ് കുറവുള്ള ചെറിയ ബസ്– 6 എന്നിവയാണ്.
പമ്പയിൽ സൗകര്യം കുറവായതിനാൽ തീർഥാടകരുടെ വാഹനങ്ങൾ കൂടുതലും നിലയ്ക്കലാണ് പാർക്കു ചെയ്യുന്നത്. അവിടെനിന്നു കെഎസ്ആർടിസി ചെയിൻ സർവീസിൽ കയറി പമ്പയിൽ എത്തും. തിരിച്ചും ഇതേപടി നിലയ്ക്കലേക്കു മടങ്ങും. പമ്പ–ത്രിവേണിയിലും നിലയ്ക്കലും എപ്പോഴും ബസ് പുറപ്പെടാൻ തയാറായി കിടപ്പുണ്ട്.
ത്രിവേണിയിൽ പമ്പാ മണപ്പുറത്തേക്കുള്ള റോഡ് തുടങ്ങുന്ന ഭാഗത്താണ് നിലയ്ക്കൽ ചെയിൻ ബസുകൾ ഉള്ളത്. ഹിൽടോപ് പാർക്കിങ് ഗ്രൗണ്ടിൽ ബസുകൾ ക്രമീകരിച്ച് മിനിറ്റിൽ രണ്ടും മൂന്നും വീതം ത്രിവേണിയിലേക്ക് അയച്ചു കൊടുക്കുകയാണ്. നിലയ്ക്കൽ ക്ഷേത്രത്തിനു സമീപമാണ് കെഎസ്ആർടിസി സ്റ്റാൻഡ്. പമ്പയിലേക്കു പുറപ്പെടാനായി എപ്പോഴും നാല്, അഞ്ച് ബസുകൾ നിലയ്ക്കൽ സ്റ്റാൻഡിൽ ഉണ്ട്.
തീർഥാടകരുടെ മടക്കയാത്രയ്ക്ക് ഇന്നലെ പമ്പയിൽനിന്ന് ചെങ്ങന്നൂർ – 117, എരുമേലി – 53, കോട്ടയം– 27, എറണാകുളം–24, കുമളി –10, തിരുവനന്തപുരം– 26, കൊട്ടാരക്കര–7, പത്തനംതിട്ട– 2 ദീർഘദൂര സർവീസ് നടത്തി. ചെങ്ങന്നൂർ, കോട്ടയം. എരുമേലി, തിരുവനന്തപുരം, കൊട്ടാരക്കര, കുമളി, എറണാകുളം എന്നീ കേന്ദ്രങ്ങളിലേക്കാണ് പമ്പയിൽ നിന്ന് എപ്പോഴും ബസ് ഉള്ളത്. പ്രത്യേക സമയം ഇല്ല, സീറ്റ് നിറയുന്നതാണ് കണക്ക്.
ദിവസവും രാവിലെ ഗുരുവായൂർ, തൃശൂർ, ശാർക്കര, പൊഴിക്കര, ഓച്ചിറ എന്നിവിടങ്ങളിൽനിന്ന് ഓരോ സർവീസുകൾ ദിവസവും പമ്പയിൽ എത്തി തിരിച്ചുപോകുന്നുണ്ട്. പമ്പ സ്പെഷൽ സർവീസിനായി ചെങ്ങന്നൂർ, എരുമേലി, കോട്ടയം, കൊട്ടാരക്കര, പത്തനംതിട്ട, കുമളി, പുനലൂർ, തിരുവനന്തപുരം സെൻട്രൽ, അടൂർ, ആര്യങ്കാവ്, കായംകുളം, തൃശൂർ, ഗുരുവായൂർ എന്നീ ഡിപ്പോകൾക്കു ബസ് അനുവദിച്ചിട്ടുണ്ട്. English Summary:
Sabarimala KSRTC services are primarily focused on facilitating pilgrim transportation. KSRTC operates extensive chain services between Pamba and Nilakkal, with Chengannur being a major destination for long-distance services. The daily revenue of Pamba KSRTC depot is 60 lakh rupees. |