കോയമ്പത്തൂർ ∙ തക്കാളി മൊത്തവില കിലോയ്ക്ക് 80 രൂപയായി ഉയർന്നു. ഉൽപാദന സ്ഥലങ്ങളിലെ കാലാവസ്ഥാ മാറ്റവും മാർക്കറ്റിൽ തക്കാളി വരവ് കുറഞ്ഞതും വില വർധിക്കാൻ കാരണമായതായി കച്ചവടക്കാർ പറഞ്ഞു. മേട്ടുപ്പാളയം റോഡിലെ എംജിആർ മാർക്കറ്റ് ഉൾപ്പെടെയുള്ള മൊത്ത വിതരണ കേന്ദ്രങ്ങളിൽ തക്കാളി തരം അനുസരിച്ച് 80 രൂപയ്ക്കാണ് വിറ്റുപോയത്. ചില്ലറ വില ഇതിനെക്കാൾ കൂടുകയും ചെയ്യും.
ജില്ലയിൽ കിണത്തുക്കടവ്, പേരൂർ, തീത്തിപാളയം, തൊണ്ടാമുത്തൂർ, ആലാംതുറ, കാളംപാളയം ഉൾപ്പെടെയുള്ള ഭാഗങ്ങളിലാണ് തക്കാളി കൂടുതലായും ഉൽപാദിപ്പിക്കുന്നത്. ഇതല്ലാതെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നു തക്കാളി മാർക്കറ്റിൽ എത്തുന്നുണ്ട്. കർണാടകയിൽ രണ്ടാഴ്ചയോളം തുടർച്ചയായി മഴ പെയ്യുന്നതും ജില്ലയിൽ പലയിടങ്ങളിലും മഴ തുടരുന്നതും തക്കാളിയുടെ വരവ് കുറയാൻ ഇടയായി.
ദിവസേന 100 ടൺ തക്കാളിയാണ് ശരാശരി മാർക്കറ്റിൽ എത്തിയിരുന്നത്. ഇതു നിലവിൽ പകുതിയായി കുറഞ്ഞു. പ്രത്യേകിച്ച് കർണാടകയിൽ നിന്നു വരുന്ന ലോഡിൽ വൻകുറവാണ് ഉണ്ടായതെന്നു വ്യാപാരികൾ പറഞ്ഞു. കേരളത്തിൽ നിന്നുള്ള കച്ചവടക്കാർ തക്കാളി കൂടുതലായി ആവശ്യപ്പെട്ടതും വില കൂടാൻ ഇടയാക്കി. മഴ തുടരുന്നതോടെ തക്കാളി വില 100 രൂപയിലേക്ക് കടക്കാനുള്ള സാധ്യത കച്ചവടക്കാർ തള്ളി കളയുന്നില്ല. English Summary:
Tomato price has increased significantly in Coimbatore due to weather changes and reduced supply. The wholesale price has reached ₹80 per kilogram, and further increases are expected if the rain continues. |
|