ഇന്നലത്തെ മലയാള മനോരമയിൽ ആരോഗ്യകേരളം തലതാഴ്ത്തി വായിക്കേണ്ട രണ്ടു വാർത്തകളുണ്ടായിരുന്നു. ഗുണനിലവാരമില്ലാത്ത 5.2 കോടി രൂപയുടെ മരുന്നുകളാണ് രണ്ടു വർഷത്തിനിടെ സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ ഡ്രഗ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയതെന്നാണ് ഒരു വാർത്ത.
ടൈപ് വൺ പ്രമേഹബാധിതരായ കുട്ടികൾക്കായി നടപ്പാക്കുന്ന ‘മിഠായി’ പദ്ധതിപ്രകാരം നൽകിവന്ന മരുന്നിനു പകരം ചെലവുചുരുക്കാൻ മറ്റൊന്നു നൽകിയതു കുട്ടികളെയും രക്ഷിതാക്കളെയും വലയ്ക്കുന്നതിനെക്കുറിച്ചായിരുന്നു രണ്ടാം വാർത്ത. അങ്ങേയറ്റം ആശങ്കപ്പെടുത്തുന്ന ഈ വാർത്തകളിൽ വെളിപ്പെടുന്നതു നമ്മുടെ നാടിനെ ബാധിച്ചിരിക്കുന്ന ഒരു മഹാവ്യാധിയുടെ ലക്ഷണങ്ങളാണ്. അഴിമതിയും അനാസ്ഥയും ഉത്തരവാദിത്തമില്ലായ്മയുമൊക്കെയായി ആ വലിയ രോഗം ‘സിസ്റ്റ’ത്തെ കാർന്നുതിന്നുന്നതാണു നാം കണ്ടുകൊണ്ടിരിക്കുന്നത്.
മരുന്നു തിന്നുന്ന നാടാണു കേരളം: പ്രതിവർഷം ഏകദേശം 13,000 കോടിയുടെ മരുന്നുകൾ! എന്നിട്ടും രോഗങ്ങൾ വർധിക്കുന്നു; ആരോഗ്യനിലവാരം തകരുന്നു. നാം കഴിക്കുന്ന മരുന്നുകളെല്ലാം ഗുണമേന്മ ഉള്ളതാണോ? ഈ മരുന്നുകൾ എവിടെനിന്നു വരുന്നു, എങ്ങനെ നിർമിക്കപ്പെടുന്നു, എത്രത്തോളം പരിശോധിക്കപ്പെടുന്നു? ഈ ചോദ്യങ്ങൾക്ക് ഉത്തരം കാണാൻ വൈകുന്ന ഓരോ നിമിഷത്തിനും ആയുസ്സിന്റെ വിലയാണു നാം കൊടുക്കേണ്ടിവരുന്നത്. അടിയന്തര ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ നമ്മുടെ ആതുരസേവനരംഗം പൂർണമായും രോഗശയ്യയിലാകുമെന്നതിന്റെ മുന്നറിയിപ്പാണു കേരളം ഇതിൽനിന്നു വായിച്ചെടുക്കേണ്ടത്.
- അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
- നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
MORE PREMIUM STORIES
മരുന്നിനുപോലും ദയയില്ലാതെയാണ് തട്ടിപ്പുകാർ ഈ മേഖലയിൽ വിളയാടുന്നത്. വൈറൽ പനി, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്കുൾപ്പെടെ നൽകുന്ന മരുന്നുകളിൽ ഗുണനിലവാരമില്ലാത്തവ കടന്നുകൂടിയിട്ടുണ്ടെന്നാണ് ഡ്രഗ് കൺട്രോൾ വിഭാഗം വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തിയത്. വല്ലപ്പോഴും മാത്രം നടത്തുന്ന പരിശോധനയിൽ തെളിഞ്ഞത് കോടികളുടെ തട്ടിപ്പെങ്കിൽ, നിലവാരമില്ലാത്ത മരുന്നുകൾ ഇതിന്റെ എത്രയോമടങ്ങു വിപണിയിലുണ്ടാകുമെന്നാണ് ആശങ്ക. മറ്റു ജില്ലകളിലെ കണക്ക് ലഭ്യമല്ലാത്തത്, പരിശോധന കാര്യക്ഷമമല്ലാത്തതിനാലാണെന്ന് ഉദ്യോഗസ്ഥർതന്നെ സമ്മതിക്കുന്നുണ്ട്.
സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം നിർമിച്ച് പാലക്കാട് ജില്ലയിൽ വിതരണം ചെയ്ത മരുന്നിലും ഗുണനിലവാരമില്ലാത്തവ കണ്ടെത്തിയതു കേരളം ഇപ്പോൾ അഭിമുഖീകരിക്കുന്ന വലിയ വിപത്തിനു കുടുതൽ ഗൗരവം നൽകുന്നു. സർക്കാർ സ്ഥാപനമായ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വാങ്ങി വിതരണം ചെയ്ത മരുന്നുകളിലും ഗുണനിലവാരമില്ലാത്തവ കണ്ടെത്തിയിട്ടുണ്ട്.
കോർപറേഷൻ സംഭരിച്ച, രക്തയോട്ടം വർധിപ്പിക്കാനുള്ള എനോക്സാപാരിൻ ഇൻജക്‌ഷന്റെ മൂന്നു ലക്ഷത്തോളം ഡോസ് ഗുണനിലവാരം ഇല്ലാത്തതാണെന്ന വിവരം ഈയിടെ പുറത്തുവരികയുണ്ടായി. ആഗോള കമ്പനിയുടെ ബ്രാൻഡിൽപോലും വ്യാജമരുന്നുകൾ കേരളത്തിൽ വിൽപനയ്ക്കെത്തിയെന്നു ഡ്രഗ് കൺട്രോൾ വിഭാഗം സ്ഥിരീകരിച്ചിരുന്നു.
മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനത്തിന്റെ ദൗർബല്യംതന്നെയാണ് തട്ടിപ്പുകാർക്കു തണലേകുന്നത്. സംസ്ഥാനത്ത് ഏകദേശം 24,000 മെഡിക്കൽ സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണു കണക്ക്. ഇവിടങ്ങളിലാകെ പരിശോധനയ്ക്ക് ആകെയുള്ളത് അൻപതോളം ഡ്രഗ് ഇൻസ്പെക്ടർമാർ മാത്രം.
പകുതിയോളം മെഡിക്കൽ സ്റ്റോറുകളിൽ വർഷത്തിലൊരിക്കൽപോലും പരിശോധന നടക്കുന്നില്ലെന്നാണു വിവരം. മറ്റു സംസ്ഥാനങ്ങളിൽനിന്നു നൂറുകണക്കിനു മരുന്നുകമ്പനികളാണ് വിപണിയിൽ മരുന്നെത്തിക്കുന്നത്. പല പ്രമുഖ കമ്പനികളുടെയും പേരിൽ വ്യാജമരുന്നും ഇറങ്ങുന്നുണ്ട്.
മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള നടപടികൾ കാര്യക്ഷമമായി സംസ്ഥാനത്ത് ഉണ്ടായേ പറ്റൂ. വ്യാജമരുന്നുകളുടെയും ഗുണനിലവാരമില്ലാത്ത മരുന്നുകളുടെയും വരവും പ്രചാരവും നിയന്ത്രിക്കാൻ സർക്കാർ ശക്തമായ നിലപാടു സ്വീകരിക്കുകയും വേണം.
ഇത്തരം വസ്തുതകൾ പുറത്തുവരുമ്പോൾ പതിവായി നടന്നുവരുന്ന സർക്കാർവിലാസം നിഷേധവും അവകാശവാദങ്ങൾകൊണ്ടുള്ള വെള്ളപൂശലും ഇനിയെങ്കിലും നിർത്തി, ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരെയും വിളിച്ചുചേർത്ത് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യാൻ വൈകിക്കൂടാ.
ടൈപ് വൺ പ്രമേഹബാധിതരായ 18 വയസ്സിനു താഴെയുള്ള കുട്ടികൾക്കു മരുന്നും പിന്തുണയും നൽകുന്ന ‘മിഠായി’ പദ്ധതി സംബന്ധിച്ച ആശങ്കകളും അതീവ ഗുരുതരമാണ്. 2018ൽ തുടങ്ങിയ പദ്ധതിക്കു കീഴിൽ നിലവിൽ 2000 കുട്ടികളുണ്ട്. ഇതുവരെ നൽകിവന്ന മരുന്നു മാറ്റി, പുതിയ മരുന്ന് ഉപയോഗിച്ചു തുടങ്ങിയതു മുതൽ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും കുറയുകയും ചെയ്യുന്നുവെന്നാണു പരാതി. കുട്ടികളുടെ ശരീരം മെലിയുന്നതായും പറയുന്നു.
സാമ്പത്തിക പ്രതിസന്ധിയാണു മരുന്നു മാറ്റാൻ കാരണമെന്നാണ് അനൗദ്യോഗിക വിശദീകരണം. ചെലവു ചുരുക്കാൻ സർക്കാരിന്റെ ധൂർത്തും ആർഭാടവുമാണു കുറയ്ക്കേണ്ടത്; പാവം കുട്ടികൾക്കുള്ള മരുന്നല്ല. English Summary:
Kerala\“s Health Crisis: Substandard Medicines and Systemic Corruption Exposed |
|