വിദ്യാഭ്യാസ– ആരോഗ്യമേഖലകളിൽ മുന്നിലുള്ള കേരളം മരണാനന്തര അവയവദാനത്തിൽ എന്തുകൊണ്ടാണ് ഇത്രയേറെ പിന്നിലായത്? മരണത്തിലേക്കു നീങ്ങുന്ന മനുഷ്യന്റെ ജീവൻ മറ്റൊരു മനുഷ്യനു ജീവിതമാകുന്ന ദാനമാണിത്. പക്ഷേ, കേരളത്തിന്റെ പൊതുമനസ്സ് മടിക്കുന്നു, ജീവന്റെ ജീവനാകാൻ. മരണാനന്തര അവയവദാനത്തിൽ മാത്രമല്ല, അവയവദാനത്തിനു സന്നദ്ധത അറിയിച്ച് റജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണത്തിലും കേരളം മുന്നേറുന്നില്ല. മസ്തിഷ്കമരണം റിപ്പോർട്ട് ചെയ്യുന്നതിൽ ഡോക്ടർമാർക്കുള്ള വൈമുഖ്യം, അവബോധത്തിന്റെ കുറവ്, സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന തെറ്റായ വിവരങ്ങൾ... കാരണങ്ങൾ ഏറെയുണ്ട്. കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തിൽ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനാണ് (കെ സോട്ടോ) സംസ്ഥാനത്തെ അവയവദാന നടപടികളുടെ നിയന്ത്രണം. സ്വീകർത്താക്കളുടെ മുൻഗണനാപ്പട്ടികയിൽ ഉൾപ്പെടെ ഒന്നിലും ബാഹ്യഇടപെടലുകൾ നടത്താനാവില്ല. അത്രയ്ക്കു കർശനമാണു വ്യവസ്ഥകൾ.
- Also Read പ്രസാർ ഭാരതി ചെയർമാൻ നവനീത് കുമാർ സ്ഥാനമൊഴിഞ്ഞു; കാലാവധി അവസാനിക്കാൻ ഒന്നരവർഷം ബാക്കി നിൽക്കെ രാജി
എന്താണ് മസ്തിഷ്കമരണം ?
അവയവദാനം രണ്ടുതരത്തിൽ: ജീവിച്ചിരിക്കുന്നവർ നടത്തുന്നതും മരണാനന്തരം നടത്തുന്നതും. ജീവിച്ചിരിക്കുന്നവർക്കു തങ്ങളുടെ ബന്ധുക്കൾക്ക് അവയവം ദാനം ചെയ്യാം. ഉറ്റസൗഹൃദമുള്ളവർക്കും ആകാം. അതിനു ജില്ലാതല ഓതറൈസേഷൻ കമ്മിറ്റിയുടെ അനുമതി നിർബന്ധം. മസ്തിഷ്കമരണം സംഭവിച്ചവരുടെ ബന്ധുക്കളുടെ സമ്മതത്തോടെ നടത്തുന്നതാണു രണ്ടാമത്തേത്.
- Also Read സത്രീധന പീഡനം, ലഹരി ഉപയോഗം, അവിഹിത ബന്ധം; കർണാടക ഗവർണറുടെ ചെറുമകന് എതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ
ഒരുതരത്തിലും തലച്ചോറിന്റെ പ്രവർത്തനം വീണ്ടെടുക്കാൻ സാധിക്കാത്ത അവസ്ഥയാണു മസ്തിഷ്കമരണം. തലച്ചോറിനും സുഷുമ്നയ്ക്കും ഉണ്ടാകുന്ന ക്ഷതംമൂലം ശ്വസനശേഷി നഷ്ടപ്പെടുകയും ശ്വസനം വെന്റിലേറ്ററിന്റെ സഹായത്തോടുകൂടി മാത്രം നിലനിർത്തുകയും ചെയ്യുന്ന അവസ്ഥ. എന്നാൽ, ഹൃദയമിടിപ്പ് തുടർന്നുകൊണ്ടിക്കും.
- എഫ് വൺ: ബ്രിട്ടനിലെ ആ പ്രതിഭകൾക്കൊപ്പം ഇനി നോറിസും; ബൈക്കിൽ നിന്ന് കാർട്ടിലേക്ക് തിരിച്ചുവിട്ടത് പിതാവ്; കാറിന്റെ വികസിപ്പിച്ച പിൻഭാഗം പ്ലസ് പോയിന്റ്
- ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
- കിഴവനുമുണ്ട് ബുദ്ധി– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
MORE PREMIUM STORIES
ഫലപ്രതീക്ഷയില്ലാതെ തുടരുന്ന വെന്റിലേറ്റർ, ഐസിയു ചികിത്സകൾ രോഗിയുടെ ബന്ധുക്കൾക്കു വലിയ സാമ്പത്തികബാധ്യത സൃഷ്ടിക്കും. അനാവശ്യമായി വെന്റിലേറ്റർ ചികിത്സ തുടരുന്നതിലൂടെ മരിച്ച വ്യക്തിയുടെ ശരീരത്തോടു വലിയ അനാദരമാണു കാണിക്കുന്നതെന്നാണു രാജ്യാന്തരതലത്തിൽ ഡോക്ടർമാരുടെ അഭിപ്രായം.
അവയവദാനം എങ്ങനെ ?
മസ്തിഷ്കമരണം സംഭവിച്ചെന്നു ചികിത്സിക്കുന്ന ഡോക്ടർമാർക്ക് ഉറപ്പായാലും അവയവദാനം നടത്താനാകില്ല. രോഗി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെ രണ്ടു ഡോക്ടർമാരും സർക്കാരിന്റെ പാനലിൽ ഉൾപ്പെട്ട രണ്ടു ഡോക്ടർമാരും ചേർന്നു മസ്തിഷ്കമരണ പരിശോധനകൾ നടത്തും. സംഘത്തിൽ ഒരാൾ ന്യൂറോളജിസ്റ്റോ ന്യൂറോ സർജനോ ആയിരിക്കണം. മസ്തിഷ്കമരണം സ്ഥിരീകരിച്ചാൽ ആ വ്യക്തിയുടെ നിയമപരമായ അവകാശമുള്ള വ്യക്തിക്ക് അവയവദാന സമ്മതപത്രത്തിൽ ഒപ്പിടാം. സാധാരണയായി മാതാപിതാക്കൾ, ജീവിതപങ്കാളി, മകൻ/മകൾ, സഹോദരൻ/സഹോദരി എന്നിവരാണ് ഇതു ചെയ്യുന്നത്.
കേരളം ഇപ്പോൾ എവിടെ ?
മരണാനന്തര അവയവദാനത്തോടു കേരളം എക്കാലവും മുഖം തിരിച്ചുനിന്നു എന്നു പറയാനാകില്ല. 2015ൽ മസ്തിഷ്കമരണം സംഭവിച്ചവരിൽ 215 പേരുടെയും 2016ൽ 200 പേരുടെയും അവയവങ്ങൾ ബന്ധുക്കൾ ദാനം ചെയ്തു. പക്ഷേ, കഴിഞ്ഞ 10 വർഷത്തോളമായി കരുതലിന്റെ കരം അത്രമേൽ കരുത്തുറ്റതല്ല. 2017ൽ മസ്തിഷ്കമരണം സംഭവിച്ച 61 പേരുടെ അവയവം ഉപയോഗിക്കാനേ ബന്ധുക്കളുടെ അനുമതി ലഭിച്ചുള്ളൂ. പിന്നീട് ഒരു വർഷവും ഈ കണക്ക് എഴുപതിനുമേൽ പോയിട്ടില്ല. 2015 മുതൽ ഈ വർഷം ഒക്ടോബർ 31 വരെ 871 പേരുടെ അവയവങ്ങളാണു പുതുജീവനേകിയത്.
മറ്റു സംസ്ഥാനങ്ങളിലാകട്ടെ മരണാനന്തര അവയവദാനത്തിന്റെ കണക്കു വർഷംതോറും കുതിക്കുന്നുണ്ട്. തമിഴ്നാടാണു രാജ്യത്ത് മുന്നിലുള്ളത്. 2022ൽ തമിഴ്നാട്ടിൽ 156 മസ്തിഷ്ക മരണാനന്തര അവയവദാനം നടന്നപ്പോൾ 2024ൽ അത് 268. കഴിഞ്ഞവർഷം തെലങ്കാനയിൽ 188, മഹാരാഷ്ട്രയിൽ 172, കർണാടകയിൽ 162, ഗുജറാത്തിൽ 119. കേരളത്തിലാകട്ടെ ഇത്തരത്തിൽ അവയവം എടുക്കാൻ സാധിച്ചതു 11 പേരിൽനിന്ന്.
സന്നദ്ധരാകാനും മടിയോ ?
മരണശേഷം തന്റെ അവയവങ്ങൾ ആവശ്യക്കാരുടെ ശരീരത്തിൽ തുടരട്ടേയെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണത്തിലും കേരളം ഒട്ടും മുന്നിലല്ല. സന്നദ്ധ സമ്മതപത്രത്തിൽ മഹാരാഷ്ട്രയാണ് മുന്നിൽ. ഇതുവരെ 1.12 ലക്ഷം പേർ. ഇന്നലെ മാത്രം 31 പേർ സന്നദ്ധത അറിയിച്ചു. രാജസ്ഥാനിൽ 91,080 പേരും കർണാടകയിൽ 52,724 പേരും മസ്തിഷ്കമരണം സംഭവിച്ചശേഷം അവയവം ദാനം ചെയ്യാൻ സമ്മതം അറിയിച്ചിട്ടുണ്ട്. കേരളത്തിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത് 9888 പേർ മാത്രം.
അപകടമരണം കൂടിയിട്ടും ?
സംസ്ഥാനത്തു വർഷം ശരാശരി 4000 പേർ റോഡ് അപകടങ്ങളിൽ മാത്രം മരിക്കുന്നുണ്ട്. ഈ വർഷം ഓഗസ്റ്റ് വരെ മരിച്ചതു 2408 പേർ. ഗുരുതരമായി പരുക്കേറ്റു ചികിത്സയിൽ കഴിയുന്നവരിൽ ഒട്ടേറെപ്പേർക്കു മസ്തിഷ്കമരണം സംഭവിക്കും. ഇതിൽ അഞ്ഞൂറിലേറെപ്പേരുടെ അവയവങ്ങൾ ദാനം ചെയ്യാൻ കഴിയുമെന്നാണ് അനൗദ്യോഗിക കണക്ക്. വർഷം 500 പേരിൽനിന്ന് അവയവം എടുത്താൽ 1000 പേർക്കു വൃക്ക ഉറപ്പാക്കാൻ കഴിയും. വൃക്കയ്ക്കായി കാത്തിരിക്കുന്നവർക്ക് രണ്ടു വർഷത്തിനുള്ളിൽത്തന്നെ അതു നൽകാനാവും. പക്ഷേ, അതിനുവേണ്ടി സർക്കാർ തീവ്രശ്രമം നടത്തുകയോ ആളുകൾ സന്നദ്ധരാകുകയോ ചെയ്യുന്നില്ല.
മാറ്റത്തിനു മനസ്സൊരുക്കാം
കഴിഞ്ഞവർഷം മസ്തിഷ്കമരണം സംഭവിച്ച 11 പേരിൽനിന്ന് അവയവങ്ങളെടുക്കാൻ ബന്ധുക്കൾ സ്വമേധയാ സന്നദ്ധത അറിയിക്കുകയായിരുന്നു. അവയവദാന രംഗത്തെ കൂട്ടായ്മകളും മാധ്യമവാർത്തകളുമൊക്കെ ജനങ്ങളിൽ നേരിയ മാറ്റം സൃഷ്ടിക്കുന്നുവെന്നു സാരം. മസ്തിഷ്കമരണത്തെ മരണമായി അംഗീകരിക്കാമെന്നു വൈദ്യശാസ്ത്ര നൈതികത (മെഡിക്കൽ എത്തിക്സ്) സംബന്ധിച്ച ഒട്ടേറെ സമിതികൾ വ്യക്തമാക്കിയിട്ടുണ്ട്. വിശദമായ വാദങ്ങൾക്കൊടുവിൽ സുപ്രീംകോടതിയും ഇതേ അഭിപ്രായം അംഗീകരിച്ചു. എന്നിട്ടും സമൂഹത്തിലെ നല്ലൊരുഭാഗം ആളുകളും അതുൾക്കൊള്ളാൻ തയാറാകുന്നില്ല. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിന്റെ സൂക്ഷ്മമായ ഇടപെടൽ വേണമെന്നാണു വിദഗ്ധ ഡോക്ടർമാരുടെ ആവശ്യം. പാഠപുസ്തകങ്ങളിലൂടെ ഉൾപ്പെടെ മനുഷ്യരുടെ മനസ്സിനെ പാകപ്പെടുത്തിയാൽ മാത്രമേ തെറ്റിദ്ധാരണയെ പിഴുതെറിയാൻ കഴിയൂ.
മരണാനന്തര അവയവദാനത്തിനെതിരെ ചിലർ നൽകിയ പരാതികൾ ഡോക്ടർമാരെ സ്വാധീനിക്കുന്നുണ്ട്. അവയവങ്ങൾ എടുക്കുന്നതിലും ദാനം ചെയ്യുന്നതിലുമുള്ള നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചാൽ കേസും തുടർപ്രശ്നങ്ങളും ഉണ്ടാകുമെന്നു മുൻപു ചിലർ ഭീഷണി ഉയർത്തിയിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മസ്തിഷ്കമരണം യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിനു ഡോക്ടർമാർക്ക് ആത്മബലം നൽകാൻ ആരോഗ്യവകുപ്പിന്റെ ഇടപെടൽ ഉണ്ടാകണം.
മരണാനന്തര അവയവദാനം കൂടുതൽ നടക്കുന്ന സംസ്ഥാനങ്ങളിൽ വിദേശത്തു മികച്ച പരിശീലനം ലഭിച്ച ഡോക്ടർമാർക്കു വലിയ പങ്കുണ്ട്. വിദേശത്തെ സമീപനങ്ങൾ അവർ ഇവിടെയും ആവർത്തിക്കുന്നതിനാൽ പിരിമുറുക്കങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നു. മസ്തിഷ്ക മരണസാധ്യത കണ്ടാൽ അപ്പോൾത്തന്നെ രോഗിയുടെ ബന്ധുക്കളെ അറിയിക്കുകയും അവയവദാനത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുകയും ചെയ്യും. ഉറ്റബന്ധു മരണത്തിലേക്കു പോകുമ്പോൾ അവയവദാനത്തെക്കുറിച്ച് അവർക്കു പെട്ടെന്നു തീരുമാനം എടുക്കാൻ സാധിക്കണമെന്നില്ല. യാഥാർഥ്യത്തിലേക്ക് അവരെ കൊണ്ടുവന്ന് ഒരു സൽക്കർമത്തിനായി മനസ്സൊരുക്കണം. മികച്ച ആരോഗ്യപ്രവർത്തകർക്കേ അതു സാധിക്കൂ. അവയവത്തിനു കാത്തിരിക്കുന്നവർ ഇല്ലാത്ത നാട് എന്ന ദൂരത്തിലേക്കു കേരളത്തിന് ഓടിയെത്താൻ ഒറ്റ മാർഗമേയുള്ളൂ: മനോഭാവത്തിൽ മാറ്റം വരുത്തുക. English Summary:
Vicharana: Organ donation is lagging in Kerala despite advancements in healthcare and education. The state faces challenges like a lack of awareness and reluctance towards deceased organ donation. Increasing awareness and changing public perception are essential to improve organ donation rates and save lives. |
|