തിരുവനന്തപുരം ∙ അവസാന മണിക്കൂറുകൾ വരെ നീണ്ട സസ്പെൻസിനൊടുവിൽ, സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ, കേവല ഭൂരിപക്ഷം ഉറപ്പാക്കി വി.വി. രാജേഷ് കോർപറേഷന്റെ 47–ാം മേയറായി സത്യപ്രതിജ്ഞ ചൊല്ലി. കരുമം വാർഡ് കൗൺസിലർ ജി.എസ്.ആശാനാഥ് ആണ് ഡപ്യൂട്ടി മേയർ. കൊടുങ്ങാനൂർ വാർഡ് കൗൺസിലറും ബിജെപി സംസ്ഥാന സെക്രട്ടറിയുമാണ് രാജേഷ്.
മേയർ തിരഞ്ഞെടുപ്പിലും ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിലും 2 വീതം വോട്ടുകൾ അസാധുവായി. ഒരംഗം രണ്ടു തിരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്തിയില്ല.കോർപറേഷനിൽ മുന്നണി ബന്ധമില്ലാത്ത സ്വതന്ത്രരായി വിജയിച്ച രണ്ടു കൗൺസിലർമാരിൽ, കണ്ണമ്മൂല വാർഡിൽ നിന്നു വിജയിച്ച എം. രാധാകൃഷ്ണന്റെ പിന്തുണ ഉറപ്പാക്കിയാണ് മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകളെ ബിജെപി നേരിട്ടത്. പൗണ്ട് കടവ് വാർഡിൽ നിന്നു വിജയിച്ച എസ്.സുധീഷ് കുമാർ ആണ് രണ്ടു തിരഞ്ഞെടുപ്പിലും വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നത്.ഡൽഹിയിലുൾപ്പെടെ നടത്തിയ നീണ്ട ചർച്ചകൾക്കൊടുവിൽ, തദ്ദേശ ഫലം പുറത്തു വന്ന് ഒന്നര ആഴ്ചയ്ക്കു ശേഷമാണ് മേയർ, ഡപ്യൂട്ടി മേയർ സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചത്. കലക്ടർ അനുകുമാരി, കോർപറേഷൻ സെക്രട്ടറി എസ്.ജഹാംഗീർ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 10.30ന് മേയർ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ചു.
എൽഡിഎഫ് സ്ഥാനാർഥിയായി പുന്നയ്ക്കാമുഗൾ കൗൺസിലർ ആർ.പി.ശിവജിയും യുഡിഎഫ് സ്ഥാനാർഥിയായി കവടിയാർ കൗൺസിലർ കെ.എസ്.ശബരിനാഥനും മത്സരിച്ചു. വി.വി. രാജേഷിന് 51 വോട്ടും ശിവജിക്ക് 29 വോട്ടും ശബരീനാഥന് 17 വോട്ടും ലഭിച്ചു.യുഡിഎഫിന്റെ 2 വോട്ടുകളാണ് അസാധുവായത്– നന്തൻകോട് കൗൺസിലർ കെ.ആർ.ക്ലീറ്റസ് ബാലറ്റിൽ പേരും ഒപ്പും, വെങ്ങാനൂർ കൗൺസിലർ എസ്.ലതിക കുമാരി ഒപ്പും രേഖപ്പെടുത്താത്തതിനാലാണു വോട്ട് അസാധുവായത്.
വികസനം മാത്രമാണ് ലക്ഷ്യം:മേയർ വി.വി. രാജേഷ്
ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ ബിജെപി കരുമം വാർഡ് കൗൺസിലർ ജി.എസ്. ആശാനാഥിനെ നിയോഗിച്ചപ്പോൾ വഴുതക്കാട് കൗൺസിലർ രാഖി രവികുമാറിനെ എൽഡിഎഫും കുന്നുകുഴി കൗൺസിലർ എ.മേരി പുഷ്പത്തെ യുഡിഎഫും രംഗത്തിറക്കി. ബിജെപിയുടെ പൂങ്കുളം കൗൺസിലർ വയൽക്കര രതീഷിന്റെ വോട്ട് അസാധുവായത് പാർട്ടിക്ക് ഞെട്ടലായി.
സിപിഎമ്മിന്റെ ഉള്ളൂർ കൗൺസിലർ എസ്.ലിജുവിന്റെ വോട്ടും അസാധുവായി. ആശാനാഥിന് 50 വോട്ടും രാഖി രവി കുമാറിന് 28. മേരി പുഷ്പത്തിന് 19 വീതം വോട്ടും ലഭിച്ചു.വി.വി രാജേഷ് ഈശ്വര നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കലക്ടർ അനുകുമാരി ഔദ്യോഗിക ഗൗണും ചെയിനും ധരിപ്പിച്ചു. വികസനം മാത്രമാണ് ലക്ഷ്യമെന്ന് വി.വി രാജേഷ് കൗൺസിലിൽ പ്രഖ്യാപിച്ചു. ആശാനാഥും ഈശ്വര നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
ക്രിയാത്മക പ്രതിപക്ഷമാകും:എൽഡിഎഫും യുഡിഎഫും
എല്ലാ പിന്തുണയും നൽകുമെന്നും വഴി തെറ്റിയാൽ ശക്തമായ പ്രതിപക്ഷമായി നിലകൊള്ളുമെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് കെ.എസ്.ശബരീനാഥനും 101 വാർഡുകളെയും ഒരു പോലെ കണ്ട് വികസനം നടപ്പാക്കുമെന്ന മേയറുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി എൽഡിഎഫ് പാർലമെന്ററി നേതാവ് എസ്.പി.ദീപക്കും ആശംസാ പ്രസംഗത്തിൽ പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, ബിജെപി മുൻ സംസ്ഥാന പ്രസിഡന്റുമാരായ കെ.സുരേന്ദ്രൻ, വി.മുരളീധരൻ, കുമ്മനം രാജശേഖരൻ, സി.കെ.പത്മനാഭൻ, ഭാരവാഹികളായ എസ്.സുരേഷ്, സി. ശിവൻകുട്ടി, കെ.സോമൻ, സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ തുടങ്ങിയവർ മേയറേയും ഡപ്യൂട്ടി മേയറേയും അഭിനന്ദിക്കാനെത്തി. English Summary:
VV Rajesh is the new Mayor of Thiruvananthapuram. He secured the position with the support of an independent member, ensuring a clear majority in the corporation. Development is the primary goal for the new administration. |