ഇന്റർനെറ്റ് സജീവമായ കാലം തൊട്ടേ സൈബർ തട്ടിപ്പുമുണ്ട്. സമൂഹമാധ്യമങ്ങളുടെ വളർച്ചയോടെ അതു വല്ലാതെ പെരുകി. സൈബർ തട്ടിപ്പുകാരുടെ പ്രധാന ആയുധം ഇപ്പോൾ എഐയാണ്. സൈബർ തട്ടിപ്പിൽപ്പെടുന്നവരിലാകട്ടെ നല്ലൊരു പങ്കും അൻപതിനു മുകളിൽ പ്രായമുള്ളവരും
ഹായ് ഗ്രൂപ്പ് മെംബേഴ്സ്... എന്റെ പേര് നിമ്മി, നാട് പത്തനാപുരം. രണ്ടു മക്കളുണ്ട്. ഭർത്താവുമായി യോജിച്ചുപോകാൻ പറ്റാത്തതിനാൽ വേർപിരിഞ്ഞു. ഇപ്പോൾ ജീവിക്കാൻ ബുദ്ധിമുട്ടുകയാണ്. നിങ്ങളെല്ലാവരും എനിക്കുവേണ്ടി പ്രാർഥിക്കില്ലേ?
അനേകം പേരുള്ള ഫെയ്സ്ബുക് ഗ്രൂപ്പിൽ വന്ന പോസ്റ്റ്. ചുരിദാർ ധരിച്ചുനിൽക്കുന്ന അതിസുന്ദരിയായ യുവതിയുടെ ചിത്രമടക്കമാണ് പോസ്റ്റ്. മിനിറ്റുകൾക്കുള്ളിൽ പോസ്റ്റിനു താഴെ കമന്റുകൾ നിറഞ്ഞു. മോളേ ചെറുപ്രായമല്ലേ, മക്കളൊക്കെയില്ലേ, കെട്ട്യോനുമായി ഒത്തുപോകാൻ നോക്ക് കേട്ടോ... തുടങ്ങി അനേകം ഉപദേശങ്ങൾ, വാദങ്ങൾ പ്രതിവാദങ്ങൾ. മറ്റൊന്ന് ഒരു റീലാണ്. ഷാറുഖ് ഖാനും മാധുരി ദീക്ഷിതും ചേർന്നു നിൽക്കുന്ന മനോഹരശിൽപം ഓലകൊണ്ട് സൃഷ്ടിച്ചിരിക്കുകയാണ് ഒരു ഗ്രാമീണൻ. എച്ച്ഡി നിലവാരത്തിലുള്ള വിഡിയോ. അതിനു താഴെയും ധാരാളം കമന്റുകൾ. ഇദ്ദേഹത്തിനു കുറഞ്ഞപക്ഷം ദേശീയ അവാർഡെങ്കിലും നൽകണം എന്നൊക്കെയാണു കമന്റുകൾ. പക്ഷേ, ചിത്രവും ചിത്രകാരനും എഐ നിർമിതമാണ്.
- ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
- ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
- 30 വർഷം മുൻപ് ആയുർവേദ ചികിത്സയിൽ യുവതി എച്ച്ഐവി നെഗറ്റീവ്?; പീഡിപ്പിക്കപ്പെട്ട അമ്മയിൽനിന്ന് എയ്ഡ്‌സ് ബാധിച്ച ആ 6 വയസ്സുകാരി...
MORE PREMIUM STORIES
ഇങ്ങനെ പലതും ഫെയ്സ്ബുക്കിൽ നിത്യേന പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിനു താഴെ കമന്റ് യുദ്ധങ്ങൾ നടത്തുന്നവരിൽ അധികവും ‘സീനിയേഴ്സ്’ ആണ്. എഐയുടെ ചൂഷണങ്ങൾക്ക് ഏറ്റവുമധികം വിധേയരാകുന്നതും അൻപതിനു മുകളിൽ പ്രായമുള്ളവരാണ്. ജെൻ സീ, മിലേനിയൽ വിഭാഗക്കാരിൽനിന്നു വ്യത്യസ്തമായി സാങ്കേതിക അറിവിലുള്ള പരിമിതിയാണ് ഇതിനു പ്രധാനകാരണം.
ഡിജിറ്റൽ അറസ്റ്റുകളുടെ അവിശ്വസനീയ കാലം
ആർ.ശശികുമാർ
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകാർ വൻതുകകൾ കൈക്കലാക്കുന്നതിന്റെ വാർത്തകൾ ഇപ്പോൾ പതിവാണ്. സിബിഐ, ഇ.ഡി, കോടതികൾ തുടങ്ങിയവയിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന ആളുകളെ ബന്ധപ്പെട്ട്, കുറ്റം ചെയ്തെന്നും പിഴ അടയ്ക്കുന്നതുവരെ ഡിജിറ്റൽ അറസ്റ്റിലാണെന്നും വിശ്വസിപ്പിക്കുന്ന രീതിയാണിത്. മാനസികമായി തകരുന്ന ഇരകൾ തങ്ങളുടെ സമ്പാദ്യം കൈമാറുന്ന സ്ഥിതിയിലെത്തും.
ഡിജിറ്റൽ അറസ്റ്റുകൾ കേരളത്തിൽ വ്യാപകമാണെന്ന് ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം സെക്രട്ടറി ആർ.ശശികുമാർ പറയുന്നു. എസ്ബിഐ മുൻ മാനേജരായ ശശികുമാർ റിസർവ് ബാങ്ക് നിയോഗിച്ച ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ കൂടിയാണ്. സാങ്കേതിക അറിവ് കുറവാണെന്നതും വിരമിച്ചപ്പോൾ ലഭിച്ച തുക കൈവശമുണ്ടാകാമെന്നതുമാണ് മുതിർന്നവരെ ലക്ഷ്യമിടാൻ തട്ടിപ്പുകാരെ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
ഉയർന്ന റിട്ടേണുകൾ വാഗ്ദാനം ചെയ്തുള്ള നിക്ഷേപത്തട്ടിപ്പുമുണ്ട്. ഇത്തരം തട്ടിപ്പുകളിലെല്ലാം എഐ ടൂളുകൾ തട്ടിപ്പുകാരുടെ പ്രധാന ആയുധമാണ്. വിശ്വസനീയ രേഖകളും വിഡിയോകളുമൊക്കെ നിമിഷനേരംകൊണ്ട് തയാറാക്കാൻ എഐക്കു കഴിയും.
തിരഞ്ഞെടുപ്പു ഗാനത്തിലെ എഐ താളം
15 ദിവസംകൊണ്ട് അൻപതിലധികം തിരഞ്ഞെടുപ്പു ഗാനങ്ങളെഴുതി എഐ വഴി ചിട്ടപ്പെടുത്തി 56 വയസ്സുകാരൻ. എഐയോട് 50 വയസ്സു കഴിഞ്ഞവർ പൊതുവേ വിമുഖത കാട്ടുന്നെന്ന വാദമുള്ളപ്പോഴാണ് പാലക്കാട് കല്ലേപ്പിള്ളി സ്വദേശി ടി.ജി ഷൈൻ എഐയിൽ അദ്ഭുതം സൃഷ്ടിക്കുന്നത്.
ആരോഗ്യവകുപ്പിൽനിന്നു വിരമിച്ച ശേഷം എഐ ഉപയോഗിച്ചുള്ള പാട്ടു തയാറാക്കൽ വരുമാനമുള്ള ഹോബിയാക്കി മാറ്റി ഇദ്ദേഹം. ആർ.ശശികുമാർ
സ്ഥാനാർഥിയുടെ പേര്, ചിഹ്നം, മികവ്, വാർഡ്, വാഗ്ദാനങ്ങൾ എന്നിവ വിവരിക്കുന്ന അടിപൊളി ഗാനങ്ങളെഴുതി പൂർണമായും എഐയിൽ ചിട്ടപ്പെടുത്തും. പശ്ചാത്തല സംഗീതം എഐ തയാറാക്കും; പാടുന്നതും എഐ!. കൃത്യമായ പ്രോംപ്റ്റുകൾ നൽകിയാൽ ഏതു ട്യൂണിലും ഗാനങ്ങൾ തയാറാക്കാമെന്ന് ഷൈൻ പറയുന്നു.
സുഹൃത്തുക്കളുടെ ബർത്ത് ഡേ, വിവാഹം തുടങ്ങിയവയ്ക്ക് ആശംസാപാട്ടുകൾ എഐയിൽ തയാറാക്കിയാണ് തുടക്കം. ആളുകൾ പ്രശംസിച്ചതോടെ ഈ മേഖലയിൽ സജീവമായി.
കാണുന്നതെല്ലാം സത്യമെന്ന് കരുതിയാൽ
അനേകം തട്ടിപ്പുകളിൽ മുതിർന്നവർ ഇരയാക്കപ്പെടുന്നുണ്ട്. സാങ്കേതികരംഗത്തിന്റെ മായക്കാഴ്ചകൾ തുടങ്ങിയ കാലത്തിനു മുൻപു ജനിച്ച് ബാല്യ, യുവത്വങ്ങൾ പിന്നിട്ട ഈ ജനസമൂഹം ‘ഡയറക്ട്’ ആയ ഇടപാടുകളാണ് കണ്ടുശീലിച്ചത്. വിശ്വസനീയവും അംഗീകൃതവുമായ ന്യൂസ് റൂമുകളിൽ നിന്നുള്ള വാർത്തകളാണ് അറിഞ്ഞിരുന്നത്. എന്നാൽ, സാങ്കേതികവിദ്യകൾ പടച്ചുവിടുന്ന തട്ടിപ്പുവാർത്തകളും മറ്റും ഈ ‘നേരേവാ നേരേപോ’ രീതിക്കു നിരക്കാത്തതാണ്. പലപ്പോഴും ശരിയായ വാർത്തയെന്ന നിലയിൽ ഇവർ സ്വീകരിക്കുന്നത് കല്ലുവച്ച നുണക്കഥകളായിരിക്കും.
എഐ നിർമിതചിത്രങ്ങൾ കാട്ടി ഇവരുടെ മക്കൾക്കും മറ്റും വിവാഹാലോചന കൊണ്ടുവന്ന് തട്ടിപ്പു നടത്തുന്നവരുമുണ്ട്. പല കാലഘട്ടത്തിലെ ഫോട്ടോകൾ വരെ എഐ സഹായത്താൽ നിർമിക്കാനാകും. ടി.ജി.ഷൈൻ
ഉറ്റവരുടെയും പരിചയക്കാരുടെയും ശബ്ദം എഐ വഴി വോയ്സ് ക്ലോൺ ചെയ്ത് തട്ടിപ്പു നടത്തുന്ന രീതിയും കൂടിവരുന്നു. ശബ്ദം കേൾക്കുമ്പോൾ മറ്റു സംശയമൊന്നും കൂടാതെ പല മുതിർന്നവരും ‘പരിചയക്കാർക്ക്’ പണം നൽകാൻ തയാറാകും. മുതിർന്നവരുടെ ചിത്രങ്ങൾ ചില എഐ പ്ലാറ്റ്ഫോമുകളിലൂടെ മോർഫിങ്ങും മറ്റും നടത്തി ബ്ലാക്മെയിൽ ചെയ്തു പണം തട്ടുന്നവരുമുണ്ട്. ഇത്തരം ഘട്ടങ്ങളിൽ യാഥാർഥ്യമെന്ത്, മായയേത് എന്നറിയാതെ മുതിർന്നവർ കുഴങ്ങിപ്പോകാറുണ്ട്. ശാരീരികവും മാനസികവുമായ അനാരോഗ്യത്തിലേക്ക് ഇത്തരം തട്ടിപ്പുകൾ ഇവരെ കൊണ്ടുചെന്നെത്തിക്കുന്നു.
നടപടികൾ
എഐ ചൂഷണത്തിൽനിന്നു മുതിർന്നവരെ രക്ഷിക്കാൻ ബോധവൽക്കരണ പരിപാടികളും മറ്റും സർക്കാരുകളും എൻജിഒകളും ചില സ്റ്റാർട്ടപ്പുകളുമൊക്കെ നടത്തുന്നുണ്ട്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കു തടയിടാൻ റിസർവ് ബാങ്ക് നേരിട്ട് അവബോധ പരിപാടികൾ നടത്തുന്നു. ഹെൽപേജ് ഇന്ത്യ ഉൾപ്പെടെ മുതിർന്നവർക്കായുള്ള പല സന്നദ്ധസംഘടനകളും സൈബർ തട്ടിപ്പിൽനിന്നു മുതിർന്നവരെ രക്ഷിക്കാൻ ക്യാംപെയ്നുകളും സഹായപദ്ധതികളും നടപ്പാക്കിയിട്ടുണ്ട്.
(പരമ്പര അവസാനിച്ചു) English Summary:
AI Scams : AI Scams are increasingly targeting seniors, exploiting their limited tech knowledge. These scams range from fake digital arrests to AI-generated content used for fraud, highlighting the need for greater awareness and protection. |