എൻഡിഎയുടെ ഭാഗമായിരുന്ന 2 ഘടകകക്ഷികളെയും പി.വി.അൻവറിനേയും യുഡിഎഫ് സ്വന്തം പാളയത്തിലെത്തിച്ചതും വാളയാറിലെ ആൾക്കൂട്ട കൊലപാതകത്തിൽ കൊല്ലപ്പെട്ട രാമനാരായണന്റെ ബന്ധുക്കളുമായി മന്ത്രി കെ. രാജനും ജില്ലാ ഭരണകൂടവും നടത്തിയ ചർച്ച വിജയം കണ്ടതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. കെഎസ്ആര്‍ടിസി മുന്‍ ഡ്രൈവറെ ആക്രമിച്ച കേസില്‍ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍, ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവ് എന്നിവര്‍ക്ക് നോട്ടിസ് ലഭിച്ചതും വിവാദ ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ക്ലീൻ ചിറ്റ് കിട്ടിയതും ശ്രദ്ധിക്കപ്പെട്ടു. എറണാകുളം ജനറല്‍ ആശുപത്രിയിൽ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത് അഭിമാന നിമിഷമായപ്പോൾ കര്‍ണാടകയിൽ ദലിത് യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചതിന് യുവതിയെ അച്ഛനും സഹോദരനും ബന്ധുവും ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത് ദാരുണ സംഭവമായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽ കൂടി...
എൻഡിഎയുടെ ഭാഗമായിരുന്ന 2 ഘടകകക്ഷികളെയും പി.വി.അൻവറിനേയും സ്വന്തം പാളയത്തിലെത്തിച്ച് യുഡിഎഫ്. പി.വി.അൻവറിന്റെ തൃണമൂൽ കോൺഗ്രസ്, സി.കെ.ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി, വിഷ്ണുപുരം ചന്ദ്രശേഖരന്റെ കേരള കാമരാജ് കോൺഗ്രസ് എന്നിവരെ യുഡിഎഫിൽ ഉൾപ്പെടുത്താൻ തീരുമാനമായി. തുടക്കത്തിൽ അസോഷ്യേറ്റ് അംഗങ്ങളായാണ് ഇവരെ ഉൾപ്പെടുത്തുക. അതേസമയം കേരള കാമരാജ് കോണ്‍ഗ്രസ് യുഡിഎഫില്‍ അസോഷ്യേറ്റ് അംഗമാകാനില്ലെന്ന് പാർട്ടി നേതാവും വിഎസ്ഡിപി (വൈകുണ്ഠ സ്വാമി ധർമപ്രചാരണ സഭ) ചെയർമാനുമായ വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു.
വാളയാറിലെ ആൾക്കൂട്ട കൊലപാതകത്തിൽ കൊല്ലപ്പെട്ട രാമനാരായണന്റെ ബന്ധുക്കളുമായി നടത്തിയ ചർച്ച വിജയകരം. മന്ത്രി കെ. രാജനും ജില്ലാ ഭരണകൂടവും ബന്ധുക്കളുമായി നടത്തിയ ചർച്ചയിലാണ് ആവശ്യം അംഗീകരിച്ചത്. 10 ലക്ഷം രൂപയിൽ കുറയാത്ത തുക നഷ്ടപരിഹാരം നൽകാമെന്നു മന്ത്രി രാജൻ ചർച്ചയിൽ ഉറപ്പ് നൽകി. മൃതദേഹം എംബാം ചെയ്ത ശേഷം ഛത്തീസ്ഗഡിലേക്ക് സർക്കാർ ചെലവിൽ എത്തിക്കും. അതേസമയം വാളയാറിൽ ആൾക്കൂട്ട മർദനത്തെത്തുടർന്ന് കൊല്ലപ്പെട്ട റാം നാരായൺ ബാഗേലിന്റെ കുടുംബത്തിനു നീതി ഉറപ്പാക്കുമെന്നും പ്രതികൾക്കതിരെ കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ശ്രീനിവാസൻ നിർമിച്ചത് കേരളത്തിലെ ആദ്യ ‘ഗ്രീൻഹൗസ്’; 6,364 ചതുരശ്രയടി വീടിന് കിട്ടിയ പ്ലാറ്റിനം ഗ്രേഡും ആദ്യത്തേത്; ദുബായിലെ സ്വപ്നം കണ്ടനാട്ടിൽ നടപ്പാക്കി!
വൈദ്യുതി ഉൽപാദിപ്പിക്കാൻ ഇനി വെള്ളച്ചാട്ടം വേണ്ട! കനാൽ വെള്ളം കറന്റാക്കും ‘ജലചക്രം’; കന്നിമാരിയിലെ ‘കനാൽവൈദ്യുതിയുടെ’ ഫ്യൂസ് ഊരിയതാര്?
ഏഷ്യയിലെ ഏറ്റവും മോശം കറൻസിയായി രൂപ; കേരളത്തിൽ പവന് 3 ലക്ഷം ആയാലും ഞെട്ടരുത്; ആരാണ് സ്വർണവില ഇങ്ങനെ കൂട്ടിയത്?
MORE PREMIUM STORIES
കെഎസ്ആര്‍ടിസി മുന്‍ ഡ്രൈവറും നേമം സ്വദേശിയുമായ യദുവിനെ ആക്രമിച്ച കേസില്‍ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍, ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവ്, മേയറുടെ സഹോദരന്‍ അരവിന്ദിന്റെ ഭാര്യ ആര്യ എന്നിവര്‍ക്ക് നോട്ടിസ്. ഇവരെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചതിനെതിരെ യദു നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് കോടതി നോട്ടിസ് അയച്ചത്.
ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ചാടിയതുൾപ്പെടെ നാടകീയ സംഭവങ്ങൾ അരങ്ങേറിയ വിവാദ ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ക്ലീൻ ചിറ്റ്. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചതായി കണ്ടെത്താനായിട്ടില്ലെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായി.
രാജ്യത്ത് ആദ്യമായി ഒരു സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ നടക്കുക. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ഇടവട്ടം ചിറക്കല്‍ സ്വദേശി ഷിബുവിന്റെ (47) ഹൃദയം ഇനി തുടിക്കുക നേപ്പാൾ സ്വദേശിനി ദുർഗ കാമിയിൽ (23).
ഇന്ത്യാ വിരുദ്ധ നിലപാടുകളിലൂടെ കുപ്രസിദ്ധനായ യുവനേതാവ് ഉസ്മാൻ ഷെറീഫ് ഹാദിയുടെ കൊലപാതകത്തെ തുടർന്ന് രൂക്ഷമായ പ്രക്ഷോഭത്തിനിടെ ബംഗ്ലദേശിൽ മറ്റൊരു യുവ നേതാവിനു കൂടി വെടിയേറ്റു. നാഷനൽ സിറ്റിസൺ പാർട്ടിയുടെ (എൻസിപി) നേതാവ് മുഹമ്മദ് മൊത്തലിബ് സിക്ദറിനാണ് (42) വെടിയേറ്റത്. ഖുൽനയിലെ സോനാദാംഗ മേഖലയിലെ വീട്ടിൽ വച്ച് ഇന്ന് ഉച്ചയ്ക്ക് 12.15ഓടെ അജ്ഞാതർ വെടിവയ്ക്കുകയായിരുന്നു.
കര്‍ണാടകയെ നടുക്കി ദുരഭിമാനക്കൊല. ദലിത് യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചതിന് ഗർഭിണിയായ യുവതിയെ അച്ഛനും സഹോദരനും ബന്ധുവും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. ഹുബളി സ്വദേശിനി മന്യ പാട്ടീൽ (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. English Summary:
TODAY\“S RECAP 22-12-2025