കോട്ടയം ∙ രാവിലെയും രാത്രിയും കൊടും തണുപ്പ്. പകൽ രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട്. അത്യപൂർവ കാലാവസ്ഥാ പ്രതിഭാസത്തിൽ കോട്ടയം. തുടർച്ചയായ 6 ദിവസം രാജ്യത്തെ ഏറ്റവും ഉയർന്ന പകൽച്ചൂട് അനുഭവിച്ചതിന് ശേഷം കോട്ടയം ഇന്നലെ ആ ബാറ്റൺ പുനലൂരിന് (35.2 ഡിഗ്രി സെൽഷ്യസ്) കൈമാറി. 34.5 ഡിഗ്രി സെൽഷ്യസാണ് വടവാതൂരിലെ ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ ഇന്നലെ ഉച്ചയ്ക്ക് രേഖപ്പെടുത്തിയത്. സമീപ പ്രദേശങ്ങളിലും ഉയർന്ന ചൂടാണ് പകൽ അനുഭവപ്പെടുന്നത്.
20– 22 ഡിഗ്രി സെൽഷ്യസിലേക്ക് പുലർച്ചെ താഴുന്ന താപനില സൂര്യനുദിച്ച് കഴിയുമ്പോൾ കൂടിത്തുടങ്ങും. 7– 8 മണിക്കൂറുകൾക്കുള്ളിൽ 15 ഡിഗ്രി സെൽഷ്യസിൽ അധികം ചൂട് കൂടി 35 ഡിഗ്രിയിയിലെത്തി ജില്ലയെ പൊള്ളിക്കും. രാത്രിയാകുന്നതോടെ ഇത് കുത്തനെ കുറയും. ഡിസംബർ 20ന്, രാവിലത്തെ തണുപ്പിനേക്കാൾ 17.8 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഇങ്ങനെ കൂടിയത്. ഡിസംബർ പകുതിയോടെയാണ് താപനിലയിൽ പ്രകടമായ വ്യതിയാനം ഉണ്ടായിത്തുടങ്ങിയത്. അതോടെ പനിയും ജലദോഷവും ജില്ലയിൽ വ്യാപകമായി.
താപനിലയിലെ കയറ്റിറക്കങ്ങൾക്ക് പ്രകൃതി പ്രതിഭാസങ്ങളൊന്നും കാരണമാകുന്നില്ലെന്നും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാകാം കാരണമെന്നും കാലാവസ്ഥ വിദഗ്ധൻ രാജീവൻ എരിക്കുളം പറഞ്ഞു. പശ്ചിമഘട്ട മലനിരകളോട് ചേർന്ന പ്രദേശമായതിനാൽ ചൂടുവായു തങ്ങിനിൽക്കുന്നതാണ് താപനിലയ്ക്ക് കാരണമെന്ന് പറയപ്പെടുന്നു. വരണ്ട കിഴക്കൻ കാറ്റും, കായൽ– വയൽ– ചതുപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള ഈർപ്പവും മേഘങ്ങളില്ലാത്ത ആകാശവും കടൽക്കാറ്റിന്റെ ഗുണം പകൽ കാര്യമായി കിട്ടാത്തതും പകൽസമയത്തെ ചൂടിന്റെ കാരണങ്ങളാണ്.
തീയതി, ഉയർന്ന താപനില, കുറഞ്ഞ താപനില, താപനിലയിലെ വ്യത്യാസം
(ഡിഗ്രി സെൽഷ്യസിൽ)
∙ ഡിസംബർ 24, 35.5, 20, 15.5
∙ ഡിസംബർ 25, 35.5, 20, 15.5
∙ ഡിസംബർ 26, 35.2, 21, 14.2
∙ ഡിസംബർ 27, 34.5, 21.2, 13.3
∙ ഡിസംബർ 28, 35.5, 21.8, 13.7
∙ ഡിസംബർ 29, 35.8, 21.2, 14.6
∙ ഇന്നലെ, 34.5, 22.6, 11.9
English Summary:
Kottayam weather exhibits an unusual weather phenomenon with extreme temperature variations. The city experiences scorching heat during the day and chilling cold at night. This drastic temperature fluctuation is attributed to geographical factors and wind patterns. |