search

ഇരമ്പുന്നു, മാറ്റക്കാറ്റ്; ആചാരനൂലുകൾ വല്ലാതെ പഴകിപ്പോയെന്ന് പാനൽ ചർച്ചയിൽ വനിതാപ്രതിനിധികൾ

cy520520 Yesterday 11:48 views 633
  

  

  

  

  

  



വീട്ടിലെത്തുന്ന പത്രം പുരുഷൻ കയ്യിലേന്തി, പാൽ പാക്കറ്റ് സ്ത്രീയുടെ കയ്യിലേക്കു കൊടുക്കുന്ന രീതി തുടരുന്ന സമൂഹം. ഇവിടെ അസമത്വം ഇല്ലെന്നു വാദിക്കുന്നവർ തങ്ങളനുഭവിക്കുന്ന മേധാവിത്വം വിട്ടുകളയാൻ താൽപര്യമില്ലാത്തവരാണെന്ന് മലയാള മനോരമ പ്രസിദ്ധീകരിച്ച ‘വാനിതാ പറക്കാം’ പരമ്പരയോടനുബന്ധിച്ച് നടത്തിയ പാനൽ ചർച്ചയിൽ അഭിപ്രായമുയർന്നു. ചർച്ചയിൽ പങ്കെടുത്തവർ:

സയനോര ഫിലിപ്, ഗായിക, സംഗീതസംവിധായിക

ജിൻഷ ഗംഗ, യുവ സാഹിത്യകാരി

ആശ ഉണ്ണിത്താൻ, അഭിഭാഷക, ആക്ടിവിസ്റ്റ്

ശൈലജ ജല, തിയറ്റർ ആർട്ടിസ്റ്റ്, നാടക് ജനറൽ സെക്രട്ടറി, ഇറ്റ്ഫോക് സ്ഥാപക ഡയറക്ടർ

ചിന്നു ചാന്ദ്നി, ചലച്ചിത്രനടി


  • Also Read ശബരിമലയിൽ കുട്ടികളുടെ ക്ഷേമം നടപ്പാക്കാവുന്ന നിർദേശങ്ങൾ സമർപ്പിക്കും: ബാലാവകാശ കമ്മിഷൻ   


പറ്റിയ കൂട്ട് കിട്ടുമെങ്കിൽ മാത്രം...

സ്വന്തം വളർച്ചയ്ക്കു സഹായിക്കാൻ കഴിയുന്ന പങ്കാളിയെ ജീവിതയാത്രയിൽ കൂട്ടു കിട്ടുമെന്ന ഉറപ്പില്ലാത്തതാണ് വിവാഹം അനിവാര്യമല്ലെന്ന തോന്നൽ സ്ത്രീകളിൽ വളരാൻ കാരണം. വിനീതദാസിയായും ത്യാഗമയിയായും മറ്റുള്ളവർക്കുവേണ്ടി ഉരുകിത്തീരുന്നവളായും കൽപിച്ചുകിട്ടിയ സ്ത്രീ ഇമേജ് പുരുഷന്മാരുടെ ഉള്ളിൽ നിലനിൽക്കുന്നുവെന്നും അവരുടെ ജീവിതം എളുപ്പമാക്കാൻ കിട്ടുന്നൊരു സഹായി മാത്രമായി തങ്ങൾ ഒതുങ്ങുമെന്നും പെൺകുട്ടികൾ പേടിക്കുന്നു.

എല്ലാ സ്ത്രീകളുടെ ഉള്ളിലും ശരീരത്തെക്കുറിച്ചുള്ള വിലയിരുത്തലുകൾ മൂലമുള്ള മുറിവുകൾ ഉണ്ടാകുമെന്നും അവ മറികടക്കാൻ കാലങ്ങൾ എടുക്കുമെന്നും പറഞ്ഞത് സയനോരയാണ്. അതെക്കുറിച്ച് കുറ്റബോധം തോന്നേണ്ട കാര്യം ഇല്ലെന്നും മറികടക്കാനുള്ള പരിശ്രമമാണ് പ്രധാനമെന്നും അവർ പറഞ്ഞു.
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഉപാധി പറഞ്ഞ് വിവാഹ കരാർ വയ്ക്കണം

വിവാഹമോചനത്തിലൂടെ കടന്നുപോകുന്ന സ്ത്രീകൾ അനുഭവിക്കുന്ന മാനസിക, സാമ്പത്തിക സമ്മർദം ചെറുതല്ലെന്ന് ആശ ഉണ്ണിത്താൻ വ്യക്തമാക്കി. വരുമാനമില്ലാത്ത, വളരെ ചെറുപ്പത്തിലേ വിവാഹിതയായ പെൺകുട്ടികൾക്കു തിരിച്ചുചെല്ലാൻ ഇടമില്ല. ഓരോ വിവാഹത്തിനും 20 വർഷത്തെ കാലാവധിയേ പാടുള്ളൂ. അതിനു ശേഷം വിവാഹം നിയമപരമായി പുതുക്കിയാലേ നിലനിൽക്കൂ എന്ന നിയമം വേണം. വിവാഹം കഴിക്കുന്നതിനു മുൻപുള്ള കരാറിൽ ‘എക്സിറ്റ് പോളിസി’ കൂടി ഉൾപ്പെടുത്തണം. ഇഷ്ടങ്ങൾ, സ്വപ്നങ്ങൾ, സാമ്പത്തിക ബാധ്യതകൾ, സാമ്പത്തിക വിനിയോഗത്തെക്കുറിച്ചുള്ള തീരുമാനങ്ങൾ, പെരുമാറ്റരീതികൾ തുടങ്ങിയവയെക്കുറിച്ച് വിശദമായി പ്രതിപാദിച്ച് കരാർ (പ്രീ മാര്യേജ് എഗ്രിമെന്റ്) വയ്ക്കണം. കരാ‍ർ ലംഘിച്ചാൽ എന്തു ചെയ്യണമെന്നും കരാറിലുണ്ടാകണം.

പുതിയകാലത്തെ സ്ത്രീകൾ ജോലി ചെയ്യുന്നു, സമ്പാദിക്കുന്നു, പുറത്തുപോയി പുതുരുചികൾ പരീക്ഷിക്കുന്നു. അതിനിടയിൽ ജീവിക്കാൻ വേണ്ടിയുള്ള ലൈഫ് സ്കിൽ എന്ന നിലയിൽ മാത്രമാണ് പാചകത്തെ കാണുന്നതെന്നു ചർച്ച വിലയിരുത്തി.

‘മെഡിക്കൽ മിസോജിനി’

സ്ത്രീകളുടെ ശാരീരിക–മാനസികാരോഗ്യത്തിന് ഇനിയും പ്രാധാന്യം ലഭിക്കേണ്ടതുണ്ടെന്നതിൽ ചർച്ചയിൽ പങ്കെടുത്തവർക്ക് ഏകാഭിപ്രായം. പലപ്പോഴും സ്ത്രീകളുടെ തലവേദനയും വയറുവേദനയും നെഞ്ചുവേദനയുമെല്ലാം നിസ്സാരമായി തള്ളിക്കളയുന്ന പ്രവണതയുണ്ട്. ‘മെഡിക്കൽ മിസോജിനി’ ആണിതെന്നു ചിന്നു ചാന്ദ്നി പറഞ്ഞു. ഡോക്ടർമാർ പോലും അതിനു പലപ്പോഴും ഗൗരവം നൽകാറില്ല. സ്ത്രീശരീരത്തെക്കുറിച്ചും ഹോർമോൺ വ്യതിയാനത്തെക്കുറിച്ചുമെല്ലാം കൂടുതൽ പഠനങ്ങൾ വേണം. മാനസിക സമ്മർദം വരുമ്പോൾ ശരീരം പ്രതികരിക്കും. ചിലപ്പോൾ അതിതീവ്ര വേദനകൾ വരും. എന്നാൽ, കുടുംബം പലപ്പോഴും അതൊന്നും കുഴപ്പമില്ല, ആർത്തവത്തിന്റേതാകും എന്നു പറഞ്ഞുകളയും. സ്ത്രീകളുടെ വേദന നിസ്സാരവൽക്കരിക്കുന്ന, മഹത്വവൽക്കരിക്കുന്ന കാഴ്ചപ്പാട് മാറിയെങ്കിലേ ആരോഗ്യകാര്യത്തിലും തുല്യത കൈവരൂ.

മാറേണ്ട സാഹിത്യ ആചാരങ്ങൾ

സ്ത്രീയുടെ മാറ്റവും മുന്നേറ്റവും സാഹിത്യത്തിലും പ്രതിഫലിച്ചു എന്നതു വിപ്ലവകരമാണെന്നു ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. മാധവിക്കുട്ടി സ്ത്രീകളെ ഒരുക്കിയത് സ്നേഹത്തിനു ദാഹിക്കുന്നവരായിട്ടാണെങ്കിൽ കെ.ആർ.മീരയുടേത് ഉറക്കെ സംസാരിക്കുന്ന സ്ത്രീകളാണെന്ന് ജിൻഷ ഗംഗ പറഞ്ഞു. നിരൂപകരിൽ പലരും പുരുഷന്മാരാണെന്നതു സ്ത്രീകൾക്കു തടസ്സമാണ്.  

ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് അവസരം കുറയുന്നു

ചോദ്യങ്ങൾ ചോദിക്കുന്ന സ്ത്രീകൾക്ക് നിലനിൽപ് ഇക്കാലത്തും യുദ്ധം തന്നെയെന്നു നിരീക്ഷിച്ചത് ശൈലജ ജലയാണ്. സ്വയം ചീയാതെ വേണം മറ്റുള്ളവർക്കു വളമാകാനെന്ന വലിയപാഠം മുൻതലമുറകളിൽനിന്ന് ജെൻ സീ പെൺകുട്ടികൾ പഠിച്ചുകഴിഞ്ഞു.

നാടകത്തിലും സിനിമയിലും കലാരംഗത്തുമെല്ലാം സ്ത്രീകൾ അവരുടെ അവകാശങ്ങളെക്കുറിച്ചു ചോദിച്ചുതുടങ്ങി. അതുകൊണ്ടുതന്നെ അത്തരം സ്ത്രീകൾക്ക് അവസരം കുറയുന്നു. ചോദ്യം ചെയ്യുന്നവൾ എന്ന ടാഗ് തൊപ്പിയിലെ തൂവലാണെന്നു സ്ത്രീകൾ തിരിച്ചറിയണം. സ്ത്രീകളെ പ്രധാന സ്ഥാനങ്ങളിൽ നിയമിക്കുന്നത് അപൂർവമാണെന്നു ചർച്ചയിൽ പങ്കെടുത്ത മിക്കവരും പറഞ്ഞു. ഗർഭം, ആർത്തവം... സ്ത്രീകളെ മാറ്റിനിർത്താൻ സമൂഹം ഒരുപാടു കാരണങ്ങൾ കണ്ടെത്താറുണ്ട്.  

സ്ത്രീകൾക്കു മാത്രമായി ചെയ്യാൻ കഴിയുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അവർക്കു പുത്തൻ ഭാഷയുണ്ട്. മറ്റുള്ളവരുടെ വേദന മനസ്സിലാക്കി, സഹാനുഭൂതിയോടെ പെരുമാറാൻ കഴിയുന്ന ഭാഷ. പാനലിന്റെ പൊതുവികാരം അതായിരുന്നു.    ചിന്നു ചാന്ദ്നി

ഒരു വർഷമിറങ്ങുന്നത് ഇരുനൂറോളം സിനിമകളാണെങ്കിൽ അതിൽ ഒന്നോ രണ്ടോ എണ്ണത്തിൽ മാത്രം അഭിനയിക്കാൻ അവസരം ലഭിക്കുന്ന ഒരാളാണു ഞാൻ. അതുകൊണ്ടുതന്നെ ആ സിനിമകൾ വാർപ്പുമാതൃകകളെ എതിർക്കുന്നവയും റിയലിസ്റ്റിക്കും ആയിരിക്കുമെന്ന് ഊഹിക്കാമല്ലോ. സിനിമയിലെ പ്രൊഡക്​ഷൻ, പ്രീ–പ്രൊഡക്​ഷൻ, പോസ്റ്റ് പ്രൊഡക്​ഷൻ മേഖലകളിൽ ഹെയർ സ്റ്റൈലിസ്റ്റിലേക്കു മാത്രം സ്ത്രീ പ്രാതിനിധ്യം ഒതുങ്ങിപ്പോകാറുണ്ട്. വളരെ കംഫർട്ടബിളായ സെറ്റുകളാണ് എനിക്കു ലഭിച്ചത്. സിനിമാ സെറ്റുകളെല്ലാം അത്തരം സുരക്ഷ നൽകുമെന്നു പറയാനാകില്ല. അതേസമയം, പത്തു വർഷം മുൻപത്തെ സിനിമാ സെറ്റുകളോ സിനിമയോ ഇത്തരത്തിലുള്ളതായിരുന്നില്ല. മാറ്റം സംഭവിച്ചിട്ടുണ്ട്. പക്ഷേ, അതു പൂർണമായി എന്നു പറയാനാകില്ല.

ചിന്നു ചാന്ദിനി


ആക്ടർ, ഡയറക്‌ടർ എന്നതിനപ്പുറം ചോദ്യങ്ങൾ ചോദിക്കുന്ന ആളെന്ന നിലയിലാണ് ഞാൻ കൂടുതൽ പ്രശ്നങ്ങൾ നേരിടുന്നത്. ഇന്റർനാഷനൽ തിയറ്റർ ഫെസ്റ്റിവൽ ഓഫ് കേരള (ഇറ്റ്ഫോക്)യുടെ ഡയറക്ടർമാരിൽ ഒരാളെന്ന നിലയിൽ വളരെ വിജയകരമായി എന്നെ ഏൽപിച്ച ജോലി ഞാൻ പൂർത്തിയാക്കിയെങ്കിലും അധികാരികൾക്ക് അതിഷ്ടപ്പെട്ടില്ല. ഇത്രയ്ക്കൊന്നും ആവേശം വേണ്ട എന്നായിരുന്നു അവരുടെ ചിന്ത. ഞാൻ ആ ഫെസ്റ്റിവൽ കഴിഞ്ഞ് ഓടിരക്ഷപ്പെടുകയായിരുന്നു. എന്റെ റൂമിൽ വെള്ളം കൊണ്ടുവരുന്നവരെ വരെ അവർ തടഞ്ഞു.   ശൈലജ ജല

     നമ്മുടെ സമൂഹം പരിണാമത്തിലാണ്. അവിടെ സ്ത്രീകൾക്കു സ്പേസ് വളരെക്കുറവാണ്. ഉള്ള സ്പേസിൽ എങ്ങനെ സർവൈവ് ചെയ്യുമെന്നതാണ് പ്രധാനം.  

ശൈലജ ജല


ഞാൻ സിംഗിൾ മോം ആണ്. ഒരാൾക്കുവേണ്ടിയും ഞാൻ കാത്തിരിക്കുന്നുമില്ല. ജോലിയും സാമ്പത്തിക സുരക്ഷിതത്വവും എനിക്കുണ്ട്. കല്യാണം കഴിക്കാത്തവർക്കും കുഞ്ഞിനെ വേണമെന്ന് ആഗ്രഹിച്ചാൽ അതു നടക്കും. അതിനുള്ള സാഹചര്യം സമൂഹത്തിലുണ്ട്.

എന്റെ അമ്മ ജോലിയിൽനിന്നു വിരമിച്ചശേഷം എൽഎൽബി ബിരുദംനേടി ഹൈക്കോടതിയിൽ പ്രാക്ടിസ് ചെയ്യുന്നു. ഇഷ്ടമുള്ളതു ചെയ്യാൻ പ്രായം തടസ്സമല്ല; സാമ്പത്തിക സുരക്ഷിതത്വം മാത്രം മതി.   സയനോര ഫിലിപ്

കറുത്തതിന്റെ, തടിച്ചതിന്റെ പേരിലൊക്കെ ഒരുപാടു കളിയാക്കലുകൾ കേട്ടിട്ടുണ്ട്. സുഹൃത്തുക്കൾക്കൊപ്പമുള്ള ഡാൻസ് വിഡിയോ പോസ്റ്റ് ചെയ്തപ്പോൾ പലരും എന്റെ കാലുകളെക്കുറിച്ചു ചർച്ച ചെയ്തു. എന്റെ കാലുകൾ മറ്റുള്ളവരെ അലോസരപ്പെടുത്തുന്നത് എങ്ങനെയാണ്?. ഞാൻ ഇഷ്ടമുള്ള വസ്ത്രം ധരിച്ചാൽ മറ്റുള്ളവരെ അതെങ്ങനെയാണ് ബാധിക്കുന്നത്? സ്ത്രീകൾ സ്ത്രീകളെ സപ്പോർട്ട് ചെയ്യുന്നത് വലിയ മാറ്റമാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമല്ലേ ഡബ്ല്യുസിസി.

സയനോര ഫിലിപ്


വിവാഹ കരാർ 10 വർഷം കഴിയുമ്പോൾ പുതുക്കണമെന്ന് ബോളിവുഡ് നടി കജോളും ഈയടുത്ത് പറഞ്ഞല്ലോ. ഒരു വ്യക്തിയുടെ മാറ്റം പങ്കാളി ഉൾക്കൊള്ളുന്നുണ്ടോ, തുടർന്നും കൂട്ടുജീവിതം ആഗ്രഹിക്കുന്നുണ്ടോ എന്നൊക്കെ പരിശോധിക്കാനും യെസ് ഓർ നോ പറയാനും ഒരവസരം ഉണ്ടാകുന്നത് പലർക്കും രക്ഷപ്പെടാനുള്ള സേഫ്റ്റി വാൽവ് ആയേക്കാം. വിദ്യാഭ്യാസം നേടിയ, സാമ്പത്തിക സ്വാതന്ത്ര്യം നേടിയ സ്ത്രീ, വിവാഹത്തെക്കുറിച്ചും അതിലെ തുല്യതയെക്കുറിച്ചും ബോധ്യമുള്ളവളായിരിക്കും. ആ ബോധ്യം പുരുഷനു കൂടിയുണ്ടാകണം. മറ്റൊരാളുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും നടപ്പാക്കാൻ നിശ്ശബ്ദമായി കൂടെ നിൽക്കുന്ന ഇരയായി ഇനിയും സ്ത്രീകൾ ജീവിക്കുമെന്നു കരുതുന്നതു മണ്ടത്തരമാണ്.    ആശ ഉണ്ണിത്താൻ

    വസ്ത്രത്തിന്റെ നീളത്തിന്റെ ഏറ്റക്കുറച്ചിലുകളെ കളിയാക്കിയിരുന്നവർ ഇന്നു പതിയെ നിശ്ശബ്ദരാകുകയാണ്. വസ്ത്രധാരണം ‘ശരിയല്ലാത്തതുകൊണ്ടാണ്’ അതിക്രമങ്ങൾ സംഭവിക്കുന്നതെന്ന വാദം ഉന്നയിക്കപ്പെടാതെയായി. കേരളത്തിനു സംഭവിച്ച പ്രധാന മാറ്റങ്ങളിലൊന്നാണത്.

അഡ്വ. ആശ ഉണ്ണിത്താൻ
  ജിൻഷ ഗംഗ

കണ്ണൂരിലെ ഗ്രാമപശ്ചാത്തലത്തിൽനിന്നു വരുന്ന എനിക്ക് സാഹിത്യയാത്ര ഒട്ടും എളുപ്പമല്ലായിരുന്നു. ഒരുപാട്  പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. ഒരുപാട് അധിക്ഷേപങ്ങളും കേട്ടു. ‘ചിരിച്ചു കാണിക്കുന്നതുകൊണ്ടാണ് വായനക്കാരെ കിട്ടുന്നത്’ എന്ന കമന്റ് ഒരുപാട് കേട്ടിട്ടുണ്ട്. കേരളത്തിലെ നിരൂപകരിൽ ഭൂരിപക്ഷവും സ്ത്രീ എഴുത്തുകാരെ രണ്ടാംകിടക്കാരായിട്ടാണ് കരുതുന്നത്. നല്ല സാഹിത്യം എപ്പോഴും പുരുഷന്മാരുടേതാണ്, സ്ത്രീകളുടേതു പൈങ്കിളിയാണെന്ന് ഈ നൂറ്റാണ്ടിലും പറയുന്ന പുരുഷവായനക്കാരുമുണ്ട്. പക്ഷേ, സ്ത്രീകൾ അവരുടെ സഹഎഴുത്തുകാരെക്കുറിച്ച് ഉറക്കെപ്പറയുന്നത് പ്രതീക്ഷ നൽകുന്നു.

ജിൻഷ ഗംഗ

(പരമ്പര അവസാനിച്ചു) English Summary:
Women\“s rights panel discussion highlights the need for changing societal norms and outdated customs. Panelists call for renewed marriage contracts, addressing medical misogyny, and more opportunities for women in literature and leadership roles.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156483