ഇന്ത്യയും യൂറോപ്യൻ യൂണിയനും (ഇയു) തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാർ (എഫ്ടിഎ) ചരിത്രത്തെ സാക്ഷിയാക്കിയാണ് ഇന്നലെ അന്തിമമാക്കിയത്. സ്വതന്ത്ര വ്യാപാരത്തെ മുൻനിർത്തി രണ്ടു പ്രബലശക്തികൾ തമ്മിലുണ്ടായ കൈകോർക്കൽ മാത്രമല്ല ഇത്, തീരുവവർധനകൊണ്ട് ലോകരാഷ്ട്രങ്ങളിൽ അധീശത്വം സ്ഥാപിക്കാൻ ശ്രമിക്കുന്ന യുഎസിന്റെ സമഗ്രാധിപത്യനയത്തോടുള്ള രാഷ്ട്രീയ പ്രതികരണം കൂടിയാണ്; ലോകത്തെ രണ്ടാമത്തെ സാമ്പത്തികശക്തിയായ യൂറോപ്യൻ യൂണിയനും നാലാം സ്ഥാനത്തുള്ള ഇന്ത്യയ്ക്കും പുതിയ ലോകക്രമത്തിൽ തങ്ങളുടെ സുരക്ഷിതഭാവി ഉറപ്പുവരുത്താനുള്ള െഎക്യവിളംബരവും.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാരക്കരാറാണിത്. ഉൽപന്നങ്ങൾ അന്യോന്യം കുറഞ്ഞവിലയ്ക്കു വിൽക്കാൻ കഴിയുമെന്നതാവും ഇയുവുമായുള്ള ഈ പാരസ്പര്യത്തിന്റെ ഏറ്റവും ശ്രദ്ധേയനേട്ടം. ഒരു വർഷത്തിനുള്ളിൽ പ്രാബല്യത്തിലാകുമെന്നു കരുതുന്ന കരാർ പ്രകാരം, ഇവിടെനിന്നു കയറ്റുമതി ചെയ്യുന്ന 99.5 ശതമാനം ഉൽപന്നങ്ങൾക്കും 27 രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യൻ യൂണിയൻ തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും. ഇയു രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 97.5 ശതമാനത്തിനും ഇന്ത്യയും ആനുപാതിക ഇളവ് അനുവദിക്കും. വ്യാപാരക്കരാറിലൂടെ ഇന്ത്യയിൽനിന്നുള്ള കയറ്റുമതി ഇരട്ടിയിലേറെ വർധിക്കുമെന്നാണു കരുതുന്നത്. മത്സ്യോൽപന്നങ്ങളുടേതടക്കം തീരുവ കുറയുകയോ ഒഴിവാകുകയോ ചെയ്യുമെന്നതിനാൽ കേരളത്തിനും നേട്ടമാകുമെന്നാണു പ്രതീക്ഷ.
ദീർഘകാലം നീണ്ട ചർച്ചകൾക്കുശേഷമാണ് ഉഭയകക്ഷി വ്യാപാരക്കരാർ യാഥാർഥ്യമാകുന്നത്. സഹരാഷ്ട്ര ബഹുമാനമില്ലാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൃഷ്ടിച്ച സമീപകാല അനിശ്ചിതത്വങ്ങളും ആശങ്കകളും ആഗോള വ്യാപാരസാധ്യതകൾ തുറക്കുന്ന ഈ കരാറിലേക്കുള്ള വേഗം കൂട്ടിയെന്നുമാത്രം. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ എന്നിവർ പങ്കെടുത്ത ഇന്ത്യ–ഇയു ഉച്ചകോടിക്കു പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാപാരക്കരാർ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
- 10 കൊല്ലം മുൻപ് 10,000 കോടി, ഇന്ന് മലയാളി ലക്ഷം കോടിപതി; കോവിഡനന്തരം പണമൊഴുകി; എങ്ങനെ സമ്പാദിച്ചു ഈ തുക? ഇതാ ആ വഴി
- 46 ലക്ഷം 27,000 ആയതെങ്ങനെ? കരാറുകാരന് കൊടുത്തത് എത്ര ലക്ഷം? തിരിമറിക്ക് വ്യാജ രസീതു ബുക്ക്; കുഞ്ഞിക്കൃഷ്ണന്റെ പുസ്തകത്തിൽ സിപിഎം കുടുങ്ങുമോ?
- കണ്ണ് ചൂഴ്‌ന്നു, വസ്ത്രം വലിച്ചുകീറി, മുഖം അടിച്ചുതകർത്തു: പെൺപോരാളികളെ ഭയക്കുന്ന ഇറാൻ: പരസ്യമായി തൂക്കിക്കൊന്നാലും കെടാതെ ഈ പ്രതിഷേധജ്വാല
MORE PREMIUM STORIES
സുരക്ഷാ– പ്രതിരോധ മേഖലയിലെ സമഗ്ര പങ്കാളിത്തത്തിന് ഇന്ത്യ–ഇയു വാർഷിക ഉച്ചകോടിയിൽ തീരുമാനമായതിനും നിർണായക പ്രാധാന്യമുണ്ട്; മാറുന്ന ലോകക്രമത്തിൽ യുഎസിന്റെയും ചൈനയുടെയും നീക്കങ്ങൾ ഉയർത്തുന്ന ആശങ്കകളുടെ പശ്ചാത്തലത്തിൽ വിശേഷിച്ചും. 2030 വരെ എല്ലാ മേഖലകളിലും സമഗ്രവും തന്ത്രപരമാവുമായ പങ്കാളിത്തം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പദ്ധതി തയാറാക്കാനും ധാരണയായിട്ടുണ്ട്. ഇന്ത്യ–ഇയു സ്റ്റാർട്ടപ് സഹകരണം ആരംഭിക്കുമെന്നതടക്കമുള്ള പ്രഖ്യാപനങ്ങളും ഉച്ചകോടിയിലുണ്ടായി.
കഴിഞ്ഞ ഏപ്രിലിൽ യുഎസ് പ്രസിഡന്റ് തുടങ്ങിവച്ച വ്യാപാരയുദ്ധം കടുത്ത ആഘാതമാണ് ഇന്ത്യയടക്കം പല രാജ്യങ്ങൾക്കുമുണ്ടാക്കിയത്. ബദൽവഴികളെക്കുറിച്ചുള്ള ചർച്ചകൾ ഇതിനിടെ സ്വാഭാവികമായും സജീവമായി. നിലവിൽ ഇന്ത്യയുമായി വ്യാപാരക്കരാറുള്ള യുഎഇ, ഓസ്ട്രേലിയ, ആസിയാൻ രാജ്യങ്ങൾ, ജപ്പാൻ, കൊറിയ, മൊറീഷ്യസ് എന്നിവയുമായുള്ള വ്യാപാരം വർധിപ്പിച്ച് യുഎസ് തീരുവയുടെ ആഘാതം കുറയ്ക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ഒമാനിലേക്കു നികുതിരഹിത കയറ്റുമതി ഉറപ്പാക്കി ഇന്ത്യ– ഒമാൻ സമഗ്ര സാമ്പത്തിക സഹകരണ, സ്വതന്ത്രവ്യാപാര കരാർ നിലവിൽ വന്നതു കഴിഞ്ഞമാസമാണ്. ഐടി, ബിസിനസ്–പ്രഫഷനൽ സേവനങ്ങൾ, ഗവേഷണ–വികസന മേഖല, വിദ്യാഭ്യാസം, ആരോഗ്യം, ദൃശ്യ–ശ്രാവ്യ മേഖല എന്നിവയ്ക്ക് ഇതിലൂടെ ഒമാൻ വിപണി തുറന്നുകിട്ടും. ഇന്ത്യയും യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷൻ (ഇഎഫ്ടിഎ) രാജ്യങ്ങളുമായുള്ള വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാർ കഴിഞ്ഞ ഒക്ടോബറിൽ നിലവിൽ വന്നതും പ്രതീക്ഷ പകരുന്നു. സ്വിറ്റ്സർലൻഡ്, നോർവേ, ഐസ്‌ലൻഡ്, ലിക്റ്റൻസ്റ്റെൻ എന്നിവയാണ് ഇഎഫ്ടിഎ അംഗരാജ്യങ്ങൾ.
നമ്മുടെ റിപ്പബ്ലിക് ദിനത്തിന്റെ പിറ്റേന്ന് ഇയു കൂട്ടായ്മയുമായി കൈകോർത്തത് ഇന്ത്യയെ കൂടുതൽ സാമ്പത്തികഭദ്രതയിലേക്കും സ്വയംപര്യാപ്തതയിലേക്കും നയിക്കുമെന്നു കരുതാം; ലോകത്തിന്റെ അധീശത്വം പിടിച്ചുവാങ്ങാൻ ഏതു വഴിയും സ്വീകരിക്കുന്ന ഒരു രാഷ്ട്രത്തലവന്റെ അമിതാധികാരത്തിന് ഒരുപരിധിവരെയെങ്കിലും തടയിടുമെന്നും.
English Summary:
India-EU Free Trade Agreement: A Landmark in Bilateral Relations |
|