ഷൊർണൂർ ∙ ഭാരതപ്പുഴയിലെ ഷൊർണൂർ തടയണയിൽ നിന്ന് ഇതുവരെ നീക്കം ചെയ്തത് 10,000 എം ക്യൂബ് മണൽ. ഷൊർണൂർ, പട്ടാമ്പി, തൃത്താല കൂട്ടക്കടവ് തടയണകളിൽ നിന്ന് മണൽ നീക്കത്തിലൂടെ സർക്കാരിന് ലഭിച്ചത് 75 കോടി രൂപയുടെ വരുമാനമാണ്. ഷൊർണൂർ-ചെറുതുരുത്തി തടയണയിൽ നിന്ന് മാത്രം ടെൻഡർ, റോയൽറ്റി, ജിഎസ്ടി വരുമാനത്തിലൂടെ ലഭിച്ചത് 30 കോടിയിലേറെ രൂപയാണ്. പട്ടാമ്പി-കീഴായൂർ തടയണ, തൃത്താലയിലെ കൂട്ടക്കടവ് തടയണ എന്നിവിടങ്ങളിൽ നിന്നായി 45 കോടിയോളം രൂപയും വരുമാനം ലഭിച്ചു.
ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിലും നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാണ് ടെൻഡർ നടപടികളും മണൽ നീക്കവും പുഴമണൽ വിൽപനയും നടത്തുന്നത്. ജലസേചന വകുപ്പ് ഷൊർണൂർ സബ് ഡിവിഷനൽ പരിധിയിലെ കടവുകളിൽ നിന്നാണ് ഇത്രയും വരുമാനം സർക്കാരിന് ലഭിച്ചത്. ഇനി ഒറ്റപ്പാലം-മീറ്റ്ന തടയണയും വാണിയംകുളം പഞ്ചായത്തിലെ ത്രാങ്ങാലി തടയണ പ്രദേശത്ത് നിന്നു മണൽ നീക്കം ചെയ്യാൻ ടെൻഡർ നടപടികളായിട്ടുണ്ട്. ഇതോടെ ഷൊർണൂർ സബ് ഡിവിഷനിലെ ഭാരതപ്പുഴയിലെ അഞ്ച് തടയണ പ്രദേശങ്ങളിൽ നിന്ന് മാത്രമായി ഏകദേശം 100 കോടിയുടെ വരുമാനമാണ് സർക്കാരിന് ലഭിക്കുക.
ടെൻഡറിലൂടെ തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ കമ്പനികളാണ് തടയണകളിൽ വൻതോതിൽ അടിഞ്ഞ് കൂടിയ മണലും എക്കലും മറ്റും വേർതിരിച്ച് ശുദ്ധീകരിച്ച പുഴ മണൽ വിപണിയിലെത്തിക്കുന്നത്. ഒരു അടി മണലിന് 90 രൂപ നിരക്കിലാണ് വിൽപന. ഷൊർണൂർ തടയണയിൽ അടിഞ്ഞ് കിടക്കുന്നത് ഏകദേശം ഒന്നര ലക്ഷം എം.ക്യൂബ് മണൽ ശേഖരമാണ് എന്നാണ് കണ്ടെത്തൽ.
രണ്ടര മീറ്റർ ഉയരമുള്ള തടയണയിൽ ഒന്നര മീറ്ററിലധികം ഉയരത്തിൽ മണൽ അടിഞ്ഞ് കൂടിയിട്ടുണ്ട്. മണൽ മൂലം തടയണകളുടെ ജലസംഭരണ ശേഷിയിൽ കാര്യമായ കുറവും സംഭവിച്ചു. വേനലിലെ ജലക്ഷാമം നേരിടാൻ ഇത് തടസ്സമാണ്. മഴക്കാലത്ത് തടയണകൾ അതിവേഗം നിറഞ്ഞ് വെള്ളപ്പൊക്കത്തിനും കാരണമാകാറുണ്ട്. ഇതോടെയാണ് സർക്കാർ ഭാരതപ്പുഴയടക്കം ജലാശയങ്ങളിലെ മണൽ ശേഖരം നീക്കം ചെയ്യാൻ പദ്ധതി ആരംഭിച്ചത്. ADVERTISEMENT Go AD-FREE
വെള്ളത്തിൽ സ്ഥാപിച്ച പ്രത്യേക മോട്ടറുകൾ ഉപയോഗിച്ചാണ് സ്വകാര്യ കമ്പനികൾ തടയണകളിൽ നിന്ന് എക്കലും മണലും വേർതിരിച്ച് എടുക്കുന്നത്. മിക്ക തടയണകളും കേന്ദ്രീകരിച്ച് കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്നതിനാൽ വെള്ളം കലങ്ങാതിരിക്കാൻ പരിമിതമായ അളവിലാണ് മോട്ടറുകളുടെ പ്രവർത്തനം നടക്കുന്നത്. നിശ്ചിത സമയ പരിധിക്കുള്ളിൽ പ്രവർത്തനം കമ്പനികൾ പൂർത്തിയാക്കണം എന്നാണ് നിർദേശം. English Summary:
Malayala Manorama Online News reports significant sand removal from the Shoranur barrage in Bharathapuzha, yielding substantial revenue for the government. This initiative aims to enhance water storage capacity and prevent floods, with private companies undertaking the dredging and sales process. |