കൊല്ലം ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി കല്ലുംതാഴം–അയത്തിൽ മേഖലയിൽ ഗതാഗത നിയന്ത്രണം ഇന്നു തുടങ്ങും. 28 വരെ രാത്രി 9 മുതൽ രാവിലെ 6 വരെയും മാർച്ച് ഒന്ന് മുതൽ 31 വരെ പൂർണമായും ഗതാഗതം നിരോധിക്കും.
കല്ലുംതാഴത്ത് നിലവിലുള്ള റെയിൽവേ മേൽപാലത്തിനു സമാന്തരമായി പുതിയ പാലം സ്ഥാപിക്കുന്നതിനും ജംക്‌ഷനിലെ ഫ്ലൈ ഓവറിനു അനുബന്ധ റോഡ് നിർമാണത്തിനും ആണ് ഗതാഗതം പൂർണമായി നിരോധിക്കുന്നത്. റെയിൽപാതയ്ക്കു മുകളിൽ ഇരുമ്പ് ആർച്ച് പാലമാണ് സ്ഥാപിക്കുന്നത്. ആർച്ച് പാലത്തിന്റെ നിർമാണം പൂർത്തിയായി. ഇതു ക്രെയിൻ ഉപയോഗിച്ചു റെയിൽപാതയ്ക്ക് കുറുകെ നീക്കി വച്ചാണ് ദേശീയപാത ഒരുക്കുന്നത്.
റെയിൽവേ മേൽപാലത്തിനും ഫ്ലൈ ഓവറിനും ഇടയിൽ ആർഇ പാനൽ ഉപയോഗിച്ച് ഉയരപ്പാത നിർമാണവും ഇതോടൊപ്പമുണ്ട്. ഇതിനായി ആർഇ പാനൽ സ്ഥാപിച്ചു തുടങ്ങി. വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതിനുള്ള സൈൻ ബോർഡുകൾ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചു.
∙ പാൽക്കുളങ്ങര-ദേശീയപാത അപ്രോച്ച് റോഡുകൾ തമ്മിൽ ചേർത്തുള്ള ഗതാഗത ക്രമീകരണം 28ന് മുൻപു പൂർത്തിയാക്കും. പുളിയത്ത്മുക്ക്-കല്ലുംതാഴം റോഡും ഇതേ കാലയളവിൽ യാത്രായോഗ്യമാക്കും. സാഹചര്യത്തിന് അനുസൃതമായി റെയിൽ ലവൽ ക്രോസ് അധികസമയം തുറന്നു നൽകും. ഡ്രെയ്നേജ് ജോലികൾ പൂർത്തിയാക്കാൻ കലക്ടർ കോർപറേഷനു നിർദേശം നൽകി. ADVERTISEMENT Go AD-FREE
∙കല്ലുംതാഴം, അയത്തിൽ ജംക്‌ഷനുകളിലെ അടിപ്പാത ടാർ ചെയ്ത് ഇരുവശത്തേക്കും ഗതാഗതം സാധ്യമാക്കും. നിലവിൽ കരിക്കോട് മേഖലയിൽ നിന്നു കൊല്ലത്തേക്കു വരുന്ന വാഹനങ്ങൾ കല്ലുംതാഴം ജംക്‌ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ചുറ്റിക്കറങ്ങിയാണ് കൊല്ലത്തേക്കു പോകുന്നത്. അയത്തിൽ ജംക്‌ഷനിലും സമാന സ്ഥിതിയാണ്. അടിപ്പാതയിലുടെ ഇരുവശത്തേക്കും ഗതാഗതം അനുവദിക്കുന്നതോടെ ചുറ്റിക്കറങ്ങുന്നത് ഒഴിവാക്കാനാകും.
∙ഗതാഗതം ക്രമീകരിക്കുന്നതിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 30 ട്രാഫിക് വാർഡന്മാരെ നിയോഗിക്കും. പരീക്ഷ കാലയളവിൽ വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്തവിധം രാവിലെ 10 വരെ അധിക ഗതാഗതസൗകര്യവും ഒരുക്കും. ADVERTISEMENT Go AD-FREE
∙എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ഹെവി/ മൾട്ടിപ്പിൾ ആക്സിൽ വാഹനങ്ങൾ ചവറ കെഎംഎംഎൽ ഭാഗത്ത് നിന്ന് ശാസ്താംകോട്ട- ഭരണിക്കാവ്-കണ്ണനല്ലൂർ വഴി പോകണം. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്കു പോകുന്ന വാഹനങ്ങൾ കൊട്ടിയത്ത് നിന്നു കണ്ണനല്ലൂർ -ഭരണിക്കാവ്-ശാസ്താംകോട്ട-ചവറ കെഎംഎംഎൽ വഴി ദേശീയപാതയിൽ പ്രവേശിക്കണം. |
|