മുള്ളേരിയ ∙ മലയോര ഹൈവേ നിർമാണത്തിനായി ദേലംപാടി പഞ്ചായത്തിലെ വനഭൂമി ആവശ്യപ്പെട്ടുകൊണ്ടുള്ള കേരള റോഡ് ഫണ്ട് ബോർഡിന്റെ അപേക്ഷ വനംവകുപ്പ് വീണ്ടും തിരിച്ചയച്ചു. പകരം നൽകുന്ന ഭൂമിയുടെ മുഴുവൻ രേഖകളും സമർപ്പിക്കാത്തതിനാലാണ് വനസംരക്ഷണ നിയമം നോഡൽ ഓഫിസർ ഫയൽ മടക്കിയത്.
മലയോര ഹൈവേയുടെ എടപ്പറമ്പ–കോളിച്ചാൽ റീച്ചിൽ ദേലംപാടി പഞ്ചായത്തിലെ പാണ്ടിയിലെ രണ്ട് സ്ഥലങ്ങളിലായി 2 കിലോമീറ്ററോളം ഭാഗമാണ് വനത്തിലൂടെ കടന്നുപോകുന്നത്. 4.33 ഹെക്ടർ വനഭൂമിയാണ് റോഡിനുവേണ്ടി ഏറ്റെടുക്കേണ്ടിവരുന്നത്. ഇതിനു പകരമായി, റീബിൽഡ് കേരള പദ്ധതിയിൽ കർഷകരിൽനിന്ന് ഏറ്റെടുത്ത സ്ഥലമാണ് വനംവകുപ്പിന് നൽകാൻ തീരുമാനിച്ചത്. വനാതിർത്തിയോടു ചേർന്ന് ആറിടത്തായാണ് പകരം നൽകാനുള്ള ഭൂമിയുള്ളത്. ഇതിന്റെ മുഴുവൻ രേഖകളും കലക്ടർ, റോഡ് നിർമാണ ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡിന് (കെആർഎഫ്ബി) കൈമാറുകയും ചെയ്തിരുന്നു.
എന്നാൽ രണ്ടെണ്ണത്തിന്റെ രേഖകൾ മാത്രമാണ് കെആർഎഫ്ബി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള പരിവേഷ് പോർട്ടലിൽ സമർപ്പിച്ചത്. 4 സ്ഥലങ്ങളുടെ സ്കെച്ചും കെഎംഎൽ ഫയലും പോർട്ടലിൽ അപ്‌ലോഡ് ചെയ്തിട്ടില്ല. വനസംരക്ഷണ നിയമം നിലവിൽവരുന്ന 1980ന് മുൻപ് ഈ റോഡ് ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളും സമർപ്പിച്ചിട്ടില്ല. ഇവ ഉൾപ്പെടെ 5 അപാകതകൾ ചൂണ്ടിക്കാട്ടിയാണ് ഫയൽ തിരിച്ചയച്ചത്. കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയമാണ് ഭൂമി വിട്ടുനൽകാനുള്ള അന്തിമ നടപടി സ്വീകരിക്കേണ്ടത്. നോഡൽ ഓഫിസർ പരിശോധിച്ച് ഉറപ്പാക്കിയാണ് ഫയലുകൾ കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തിന്റെ ബെംഗളൂരു റീജനൽ ഓഫിസിലേക്ക് അയയ്ക്കുന്നത്.
2018ൽ ആണ് മലയോര ഹൈവേക്ക് വനഭൂമി ആവശ്യപ്പെട്ട് കെആർഎഫ്ബി പരിവേഷ് പോർട്ടലിൽ അപേക്ഷ നൽകിയത്. പകരം നൽകാനുള്ള ഭൂമി കണ്ടെത്താൻ കഴിയാതിരുന്നതാണ് ആദ്യം തടസ്സമായത്. കമ്മാടം കാവിൽ സ്ഥലം കണ്ടെത്തിയെങ്കിലും അത് ഉഡുപ്പി–കരിന്തളം പവർ ഹൈവേ (യുകെടിഎൽ) പദ്ധതിക്ക് കൈമാറാൻ തീരുമാനിച്ചതായിരുന്നു. പിന്നീടാണ് കലക്ടറുടെ ലാൻഡ് ബാങ്കിലുള്ള, കർഷകരിൽനിന്ന് ഏറ്റെടുത്ത സ്ഥലം നൽകാൻ തീരുമാനിച്ചത്. അനുമതി ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയ്ക്കിടയിലാണ് ഇപ്പോഴത്തെ തിരിച്ചടി. 22 കിലോമീറ്ററോളം വരുന്ന റീച്ചിൽ വനഭൂമി ഒഴികെ ബാക്കി റോഡ് നിർമാണം ഏതാണ്ട് അവസാനഘട്ടത്തിലാണ്. ADVERTISEMENT Go AD-FREE English Summary:
The Kerala Road Fund Board\“s request for forest land in Deelapadi panchayat for the Malabar highway has been rejected by the Forest Department. The application was returned due to incomplete land records for the compensatory land, citing violations of the Forest Conservation Act. |
|