തൃക്കരിപ്പൂർ ∙ കവ്വായി കായലിലെ കല്ലുമ്മക്കായ കർഷകരിൽ ഇത്തവണ നിരാശയില്ല. പകരം സന്തോഷമുണ്ട്. കഴിഞ്ഞ ഏതാനും വർഷമായി നാശവും നഷ്ടവും കർഷകരെ വലച്ചുവെങ്കിൽ ഇത്തവണ മോശമല്ലാത്ത വിളവ് ലഭിച്ചു തുടങ്ങി. റമസാൻ മാസം പിറന്നതോടെ മാർക്കറ്റിൽ തരക്കേടില്ലാത്ത വിലയും കിട്ടുന്നുണ്ട്. ഒക്ടോബർ–നവംബർ മാസങ്ങളിൽ വിത്തിട്ടവർക്കാണ് നല്ല വിളവ് ലഭിക്കുന്നത്. വിളവെടുപ്പ് തുടങ്ങിയതേയുള്ളൂ. മാസങ്ങളോളം നീളും. അതേസമയം കായയുടെ വലുപ്പം കുറവാണ്. വേനൽ കടുക്കുന്നതോടെ വിളവിനെ പ്രതികൂലമായി ബാധിക്കും. മുൻ വർഷങ്ങളെ അപേക്ഷിച്ച് വിത്തിനു ഇത്തവണ വില കുറവായിരുന്നു. കാലാവസ്ഥാ പ്രശ്നം മൂലമുള്ള കൃഷിനാശവുമുണ്ടായില്ല. റമസാൻ മാസത്തിന്റെ തുടക്കത്തിൽ തന്നെ വിളവെടുപ്പ് തുടങ്ങാനായപ്പോൾ മാർക്കറ്റിൽ മികച്ച വില ലഭിക്കുന്നതും കർഷകരെ ആവേശത്തിലാക്കി.
കല്ലുമ്മക്കായ കൊണ്ട് തരാതരം പലഹാരങ്ങളും അച്ചാർ ഉൾപ്പെടെയുള്ളവയും ഉണ്ടാക്കുന്നുണ്ട്. റമസാനു മാത്രമായി തുറന്നുവച്ച കടകളിൽ ഉൾപ്പെടെ കല്ലുമ്മക്കായ വിഭവങ്ങൾക്ക് ഡിമാൻഡുണ്ട്. രണ്ടായിരത്തിലധികം കർഷകരാണ് ഈ രംഗത്തുള്ളത്. ഇതിൽ മത്സ്യത്തൊഴിലാളികളും കുടുംബശ്രീ യൂണിറ്റുകളും പുരുഷ സ്വയം സഹായ സംഘങ്ങളും മറ്റു വിവിധ മേഖലയിലെ കർഷകരുമുണ്ട്.
ഒട്ടേറെ കുടുംബങ്ങൾ കല്ലുമ്മക്കായ കൃഷിയെ മാത്രം ആശ്രയിച്ച് ഉപജീവനം കഴിക്കുന്നുണ്ട്. ജില്ലയുടെ തെക്കനതിരിൽ പടന്ന, വലിയപറമ്പ്, തൃക്കരിപ്പൂർ, ചെറുവത്തൂർ എന്നീ പഞ്ചായത്തുകളുടെയും നീലേശ്വരം നഗരസഭയുടെയും അധീനതയിലുള്ള കായൽ മേഖലയിലാണ് കൃഷിയിറക്കുന്നത്. പടന്ന പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ കർഷകർ ഉള്ളത്.
കല്ലുമ്മക്കായ കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിൽ അധികൃതർ അലംഭാവം കാട്ടുന്നതായി നേരത്തെ ഉന്നയിച്ചു വരുന്ന പരാതിക്ക് ഇപ്പോഴും പരിഹാരം ഉണ്ടായിട്ടില്ല. വിത്ത് വിതരണവും വിള സംഭരണവും സർക്കാർ ഉടമസ്ഥതയിലാക്കണമെന്നും കൃഷിക്ക് കൃത്യമായി സബ്സിഡി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും നൽകണമെന്നുമാണ് പ്രധാന ആവശ്യം. കാലാവസ്ഥ വ്യതിയാനത്തിൽ കൃഷി നശിച്ച കർഷകർക്ക് പലപ്പോഴും നഷ്ടപരിഹാരം കിട്ടാത്ത സാഹചര്യവുമുണ്ട്. ADVERTISEMENT Go AD-FREE
തൃക്കരിപ്പൂർ കൈപിടിച്ചു
കല്ലുമ്മക്കായ കൃഷി നടത്തുന്ന വ്യക്തികളായ കർഷകർക്ക് ലഭിച്ചു വന്ന സബ്സിഡി ബന്ധപ്പെട്ടവർ നിർത്തലാക്കിയെന്നു കർഷകർ പരാതി ഉന്നയിച്ചതിനിടയിൽ തൃക്കരിപ്പൂർ പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന കല്ലുമ്മക്കായ കർഷകരെ കൈപിടിക്കാൻ പഞ്ചായത്ത് തയാറായതിൽ കർഷകരിൽ ആഹ്ലാദമുണ്ട്. സബ്സിഡി ഇനത്തിൽ 5000 രൂപ വീതം കർഷകർക്ക് നൽകുന്നതിനു കഴിഞ്ഞ ആഴ്ച അവതരിപ്പിച്ച ബജറ്റിൽ തുക നീക്കി വച്ചു. ഇത് കർഷകർക്ക് കൃഷിയിൽ കൂടുതൽ പ്രചോദനം നൽകും. മറ്റു പഞ്ചായത്തുകൾ കൂടി ഈ സമീപനം പിന്തുടർന്നാൽ ഈ കൃഷി മേഖലയിലേക്കു കൂടുതൽ കർഷകരെ ആകർഷിക്കാനും ഏറ്റവും അധികം കല്ലുമ്മക്കായ ഉൽപാദിപ്പിക്കുന്ന കായലാക്കി മാറ്റാനും സാധിക്കുമെന്നു കർഷകർ. English Summary:
Mussel farmers in Kerala are experiencing a bountiful harvest this season, bringing smiles after years of losses. The good yield, coupled with fair prices during Ramadan, has boosted farmer morale. |