search

ആശങ്ക വേണ്ട, ഞങ്ങൾ ഇവിടെ സുരക്ഷിതരാണ്... ഗൾഫിലെ മലയാളികൾ പറയുന്നു

cy520520 1 hour(s) ago views 733
  



മലപ്പുറം∙ പശ്ചിമേഷ്യ അശാന്തമാകുമ്പോൾ മലപ്പുറത്തിനു നെഞ്ചിടിപ്പേറും. ജില്ലയിലെ ഓരോ വീട്ടിലെയും പ്രിയപ്പെട്ടവരിലൊരാളെങ്കിലും ഗൾഫിലെ ഏതെങ്കിലുമൊരു രാജ്യത്തുണ്ടാകും. വീടിനു സമീപത്തെ കവല പോലെ മലപ്പുറത്തുകാർക്കു പരിചിതമാണ് ഖത്തറിലെയും സൗദിയിലെയും യുഎഇയിലെയും കുവൈത്തിലെയും തെരുവുകളും അവയുടെ പേരുകളും. യുദ്ധത്തിന്റെ സ്ഫോടന ശബ്ദങ്ങൾ പശ്ചിമേഷ്യയിൽ നിന്നു കേട്ടു തുടങ്ങിയതു മുതൽ ജില്ലയിലെ ജനങ്ങൾ പ്രാർഥനയിലാണ്. പേടിക്കാനില്ലെന്നും ഇവിടെയെല്ലാം സുരക്ഷിതരാണെന്നുമുള്ള ഫോൺ വിളികളെത്തിത്തുടങ്ങിയതോടെയാണ് തെല്ലെങ്കിലും ആശ്വാസമായത്. എങ്കിലും യുദ്ധം അവസാനിക്കുന്നതുവരെ പ്രിയപ്പെട്ടവർക്കു വേണ്ടി, അവരെ സ്വന്തം ജനത്തെയെന്നപോലെ സംരക്ഷിക്കുന്ന നാടുകൾക്കു വേണ്ടി അവർ പ്രാർഥിച്ചുകൊണ്ടേയിരിക്കും. ഇറാനെതിരെ യുഎസ്–ഇസ്രയേൽ സംയുക്ത ആക്രമണവും അതിനുള്ള തിരിച്ചടിയും തുടരുമ്പോൾ ഗൾഫിലെ വിവിധ രാജ്യങ്ങളിലെ സ്ഥിതിയെന്താണ്. അവിടെ ജോലി ചെയ്യുന്ന മലപ്പുറം ജില്ലക്കാർ പറയുന്നു...

ഇന്നലെ രാവിലെ കുവൈത്ത് സമയം 6.30ന് ഡ്രോൺ മിസൈൽ ആകാശത്ത് നിരനിരയായി പോകുന്നതും ഇവിടെ നിന്ന് യുഎസ് സേന അതിനെ ചെറുക്കുന്നതും കാണാമായിരുന്നു. 10:30 ആയപ്പോൾ വലിയ ശബ്ദം കേട്ടു. ഒപ്പം കെട്ടിടം വിറയ്ക്കുന്നതായി അനുഭവപ്പെട്ടു. യുഎസ് എംബസി പാർക്കിങ്ങിലും യുഎസ് ക്യാംപിലും മിസൈലുകൾ വീണതായി അറിഞ്ഞു. ജനങ്ങൾ ആദ്യദിവസത്തിൽ‍ അത്യാവശ്യ സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന തിരക്കിലായിരുന്നു. കടകളിലും കോഓപ്പറേറ്റീവ് സ്റ്റോറിലും തിരക്ക് അനുഭവപ്പെട്ടു. നിരത്തുകളിൽ അധികം വാഹനങ്ങൾ കാണുന്നില്ല. പല കമ്പനികളും വർക് ഫ്രം ഹോം ആണ് നിർദേശിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയം ഓൺലൈൻ ക്ലാസുകൾ നടത്താൻ നിർദേശം നൽകി. സിബിഎസ്ഇ 10,12 ബോർഡ് എക്സാം മാറ്റിവച്ചതായി ഡൽഹി ബോർഡ് അറിയിച്ചിട്ടുണ്ട്.ഇങ്ങനെയൊക്കെയാണെങ്കിലും കുവൈത്തിൽ പൊതുവേ സ്ഥിതി ശാന്തമാണ്. കുവൈത്ത് ഗവൺമെന്റ് വേണ്ട മുൻകരുതലുകൾ എല്ലാം നടത്തുന്നുണ്ട്. അത്യാവശ്യ സമയങ്ങളിൽ സൈറൺ മുഴക്കി മുൻകരുതൽ നൽകുന്നു. നാട്ടിൽ ഉള്ളവർ തിരികെ വരാൻ ഫ്ലൈറ്റ് ഇല്ലാത്തത് കാരണം ബുദ്ധിമുട്ടുന്നുണ്ട്. വർക്ക് ഫ്രം ഹോം ആയതു കാരണം ഓഫിസുകളിൽ ജീവനക്കാർ വളരെ കുറവാണ്. ഇന്ത്യൻ എംബസി പൗരന്മാർക്ക് വേണ്ട ജാഗ്രതാ നിർദേശം നൽകുന്നുണ്ട്. തികച്ചും സമാധാനപരമായ സാഹചര്യമാണിപ്പോൾ. യുദ്ധം ഉടനെ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

ഡോ. കെ.എം.ജോസ്

ആകാശത്ത് പുകച്ചുരുളുകളും തീഗോളങ്ങളും കണ്ടെന്ന് സുഹൃത്തുക്കൾ ഫോണിലൂടെ വിളിച്ചു പറയുന്നുണ്ട്. യുദ്ധത്തിന്റെ അലയൊലികൾ അത്ര പരിചയമില്ലാത്ത ഞങ്ങൾക്ക് ഇതൊരു പുതിയ അനുഭവമാണ്. നാട്ടിൽനിന്ന് വേവലാതിയോടെ വിളിക്കുന്ന കുടുംബാംഗങ്ങളോട് ‘ഞങ്ങൾ ഇവിടെ സുരക്ഷിതരാണ്’ എന്ന് പറയുമ്പോഴും, കോവിഡ് കാലത്തെ ഓർമിപ്പിച്ചുകൊണ്ട് ഫോണുകളിൽ ആ പാനിക് അലർട്ടുകൾ വന്നപ്പോൾ കാര്യങ്ങൾ വഷളാകുന്നുണ്ടോ എന്നൊരു ഭയം എല്ലാവരിലും ഉണ്ടായിരുന്നു. ആശങ്കകൾക്കിടയിലും ഈ രാജ്യത്തിന്റെ സുരക്ഷാ കവചം ഞങ്ങളെ ചേർത്തുപിടിക്കുന്നു. നൂറുകണക്കിന് ഡ്രോണുകളെയും മിസൈലുകളെയും ആകാശത്തുവച്ചുതന്നെ തകർത്ത് കാവലിരിക്കുന്ന യുഎഇ വ്യോമ പ്രതിരോധ സേനയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചതിനാൽ യാത്ര മുടങ്ങിയവർക്ക് മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും, ട്രാൻസിറ്റ് യാത്രക്കാർക്ക് ഭക്ഷണവും താമസവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി വർക്ക് ഫ്രം ഹോം നൽകാനും, സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക് മാറ്റാനുമുള്ള തീരുമാനം വലിയ ആശ്വാസമാണ്. ഞങ്ങൾ സുരക്ഷിതമായി വീട്ടിലിരിക്കുന്നു എന്ന് ഉറപ്പുവരുത്താൻ യുഎഇ ഭരണകൂടം കാണിക്കുന്ന ഈ ജാഗ്രത പ്രശംസനീയം. ഒരു പ്രതിസന്ധി വരുമ്പോൾ ഈ രാജ്യം ജനങ്ങളെ എങ്ങനെ സംരക്ഷിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. നഗരം ഇപ്പോൾ സാധാരണ രീതിയിലേക്കു മാറി തുടങ്ങുന്നുണ്ട്. ഈ പ്രതിസന്ധി താൽക്കാലികം മാത്രമാണെന്നാണു കരുതുന്നു, പ്രാർഥിക്കുന്നു.

ഷാക്കിർ മുഞ്ഞക്കൽ

ഖത്തറിലെ അബുഹുമറിൽ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. ഖത്തറിലെ യുഎസ് സൈനിക ബേസായ അബൂ ഉദൈദിൽ നിന്ന് 13 കിലോ മീറ്റർ മാത്രം അകലെയാണിത്. അവിടെ നിന്ന് മിസൈലുകൾ പൊന്തുന്നതും ആകാശത്ത് വച്ച് ഇറാന്റെ മിസൈലുകളെ നിർവീര്യമാക്കുന്നതിന്റെ സ്‌ഫോടന ശബ്ദവുമെല്ലാം ഇവിടെ കേൾക്കും. അങ്ങനെ നിർവീര്യമാക്കിയ മിസൈലിന്റെ അവശിഷ്ടം താമസ സ്ഥലത്തിന് അധികം അകലെയല്ലാതെ വീഴുകയും ചെയ്തു. ഫോട്ടോകളും വിഡിയോകളും പ്രചരിപ്പിക്കരുതെന്നാണ് നിർദേശം. അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തുപോകുന്നതിനും വിലക്കുണ്ട്. ഇടയ്‌ക്കിടെ മൊബൈലിൽ മുന്നറിയിപ്പ് വരുന്നുണ്ട്. അപകട മുന്നറിയിപ്പായി പ്രത്യേക അലാം മുഴങ്ങും. ഇന്നു രാവിലെയും മുഴങ്ങിയിരുന്നു

ഇവിടെ ഞങ്ങൾ തീർത്തും സുരക്ഷിതരാണ്. വിദ്യാലയങ്ങളും ഓഫിസുകളും ഓൺലൈനായി പ്രവർത്തിക്കുന്നു. അല്ലാത്തവ അട‌ച്ചിട്ടിരിക്കുകയാണ്. വലിയ ചില ഹൈപ്പർ മാർക്കറ്റുകൾക്കും ആശുപത്രികൾക്കും അടിയന്തര സേവനങ്ങൾക്കും പ്രവർത്തനാനുമതിയുണ്ട്. ഖത്തറിൽ സംഘടനകളുടെ നേതൃത്വത്തിൽ വലിയ തോതിൽ സമൂഹ നോമ്പുതുറകളും റമസാൻ പരിപാടികളും നടക്കുന്ന സമയമാണ്. എല്ലാം മാറ്റിവച്ചു. ഞാൻ സംസാരിക്കുമ്പോഴും യുഎസ് ബേസ് ക്യാംപിനടുത്ത് സ്‌ഫോടന ശബ്ദം കേൾക്കുന്നുണ്ട്. ബേസ് ക്യാംപിനു നേരെ മാത്രമാണ് ഖത്തറിൽ കാര്യമായ ആക്രമണം നടന്നിട്ടുള്ളത്. എന്തൊക്കെയായാലും ഞങ്ങൾ ലോകത്തിലെ എറ്റവും സുരക്ഷിതമായ ഒരു രാജ്യത്തിന്റെയും ഭരണധികാരിയുടെയും തണലിലാണെന്ന തോന്നലുണ്ട്. യുദ്ധം പെട്ടെന്ന് അവസാനിക്കട്ടെയെന്നു മാത്രമാണു പ്രാർഥന.

പി.സി.നൗഫൽ

തലസ്ഥാനമായ റിയാദിലാണു ജോലി ചെയ്യുന്നത്. സൗദി അറേബ്യ ശാന്തമാണ്, പക്വവും സമാധാനപരവുമായ തീരുമാനം എടുക്കാൻ പ്രാപ്തമായ ഭരണാധികാരികൾ ഈ രാജ്യത്തിനുണ്ടെന്ന ഉറപ്പും ധൈര്യവും ഈ രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കുമുണ്ട്.

ഇവിടെ ഒരു ഭീഷണിയും ഇപ്പോൾ ഇല്ല. ഈ സമയം വരെ ഭയം തോന്നിയിട്ടില്ല. ജനവാസ കേന്ദ്രങ്ങളിലൊന്നും ഇത് വരെ ആക്രമണമുണ്ടായില്ല. സുരക്ഷ മുന്നറിയിപ്പ് പോലും ഇത് വരെ ഔദ്യോഗിക സംവിധാനം വഴി ഉണ്ടായിട്ടില്ല. തൊഴിലിടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിമാനത്താവളം, മാളുകൾ,പൊതുഗതാഗത സംവിധാനങ്ങൾ,ആരാധനാലയങ്ങൾ എല്ലാം പതിവുപോലെ പ്രവർത്തിക്കുന്നു. ഇന്ത്യൻ എംബസി സാഹചര്യം നിരീക്ഷിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യൻ അംബാസഡർ ഡോ: സുഹേൽ അജാസ് ഖാൻ കമ്യൂണിറ്റി വൊളന്റിയർമാരുടെ പ്രത്യേക യോഗം വിളിച്ച് ചേർത്ത് ആശങ്കപ്പെടാൻ ഒന്നുമില്ലെന്നു അറിയിച്ചു. വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു. ഏത് സാഹചര്യത്തിലും ഇന്ത്യൻ പൗരന്മാർക്ക് ബന്ധപ്പെടാൻ എംബസി ഹെൽപ് ഡെസ്കും ആരംഭിച്ചിട്ടുണ്ട്. ചില വിമാന കമ്പനികൾ അവരുടെ സർവീസ് താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. സൗദി ഇത് വരെ വ്യോമപാത അടച്ചിട്ടില്ല എന്നതും ആശ്വാസകരമാണ്. നാട്ടിൽ നിന്നു കോളുകൾ വരുന്നുണ്ട്. എല്ലാവരോടും പറയുന്നു. ഞങ്ങളിവിടെ സേഫാണ്.

നൗഫൽ പാലക്കാടൻ English Summary:
West Asia conflict\“s impact on Malappuram is profound, as nearly every household worries about the safety of their relatives working in the Gulf. Despite receiving reassurances, a sense of unease persists, with families holding onto prayer for peace and the well-being of their loved ones.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164115