നിർമിത ബുദ്ധിയുടെ കടന്നുവരവോടെ മലബാറിന്റെ ഐടി സ്വപ്നങ്ങൾ പുതിയ തലത്തിലേക്ക് കടക്കുകയാണ്. ഈ വളർച്ച കോഴിക്കോടിന്റെ വളർച്ച കൂടിയാണ്. രാജ്യത്തെ ടയർ 3 വിഭാഗത്തിൽപ്പെടുന്ന വികസ്വര നഗരമാണ് കോഴിക്കോട്. കൂടുതൽ രാജ്യാന്തര കമ്പനികൾ കോഴിക്കോട്ട് ക്യാംപസുകൾ തുടങ്ങാൻ എത്തുന്നതോടെ കോഴിക്കോടിന്റെ വികസനം അതിവേഗം മുന്നേറും. യുവാക്കൾക്ക് ജോലി തേടി പുറത്തേക്കു പോവേണ്ട സ്ഥിതിവരില്ല. പകരം വിദേശകമ്പനികൾ അവരുടെ നൈപുണ്യം തേടി അവരുടെ വീടിനടുത്തേക്ക് വരികയാണ്. എഐ ഇന്നവേഷൻ ഹബ്ബ് വരുന്നതോടെ ഐടി മേഖലയിൽ ഭാവിയിലേക്കുള്ള കുതിച്ചുചാട്ടത്തിലാണ് കോഴിക്കോട് .
സംസ്ഥാനത്തെ ആദ്യ എഐ ഇന്നവേഷൻ ഹബ് കോഴിക്കോട് വരികയാണ്. സർക്കാർ സൈബർപാർക്ക്, യുഎൽ സൈബർപാർക്ക്, ഹൈലൈറ്റ് ബിസിനസ് പാർക്ക് എന്നിവയ്ക്കൊപ്പം എഐ ഇന്നവേഷൻ ഹബ് കൂടി വരുന്നതോടെ പുതുതലമുറയ്ക്ക് വിശാലമായ സാധ്യതകൾ തുറന്നുകിട്ടുമെന്നാണ് പ്രതീക്ഷ. സർക്കാർ സൈബർപാർക്കിലാണ് ‘കലിനോവ ഇന്നവേഷൻ ഹബ്’ എന്ന പേരിൽ കേരളത്തിലെ ആദ്യ എഐ ഇന്നവേഷൻ ഹബ് വരുന്നത്. യുഎഇയിലെ ദുബായ് ആസ്ഥാനമായുള്ള കൺസോർഷ്യമാണ് ഇന്നവേഷൻ ഹബ് സ്ഥാപിക്കാനൊരുങ്ങുന്നത്. ഇതിനായി സർക്കാർ സൈബർപാർക്കിനോട് ചേർന്ന് 3.8 ഏക്കറാണ് 90 വർഷത്തെ ലീസിന് അനുവദിച്ചു നൽകിയത്. കഴിഞ്ഞഡിസംബറിലാണ് സ്ഥലം അനുവദിക്കാൻ സർക്കാർ തീരുമാനമെടുത്തത്.
എന്താണ് കലിനോവ?ജർമനിയിൽനിന്നുള്ള ആറു കമ്പനികളുടെ കൺസോർഷ്യമാണ് കലിനോവ. എഐ ഗവേഷണം, ഡേറ്റ ഇൻഫ്രാ സ്ട്രക്ചർ എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള അത്യാധുനിക സാങ്കേതിക ക്യാംപസാണ് ഇവിടെ നിർമിക്കപ്പെടുന്നത്. 200 കോടിയുടെ പ്രാരംഭ നിക്ഷേപമാണ്. 10 ലക്ഷം ചതുരശ്രഅടിയുള്ള കെട്ടിടമാണ് നിർമിക്കാനുദ്ദേശിക്കുന്നത്.
ഗ്രാഫിക്സ് പ്രോസസ്സിങ് യൂണിറ്റുകൾ അതവാ ജിപിയു സജ്ജീകരിച്ച ഡേറ്റ സെന്ററും ഹബ്ബിലുണ്ടാവും. ആഗോള സംരംഭകരെ കോഴിക്കോട്ടേക്ക് ആകർഷിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് കരുതുന്നത്. ഇന്നവേഷൻ ഹബ്ബിലേക്ക് ബംഗളൂരുവിൽനിന്നുംമറ്റുമുള്ള വിദഗ്ധരുടെ നിയമനങ്ങളും പുരോഗമിക്കുന്നുണ്ട്. സൈബർപാർക്കുമായുള്ള അന്തിമകരാർ ഒപ്പുവയ്ക്കുന്നതോടെ എഐ ഇന്നവേഷൻ ഹബ്ബിനു ജീവൻവയ്ക്കും. ADVERTISEMENT Go AD-FREE
കൂടുതൽ വികസനം, പുതിയ പാർക്കുകൾ
ഇതിനൊപ്പം ഹൈലൈറ്റ് ഗ്രൂപ്പിന്റെ എടി പാർക്കും വരുന്നുണ്ട്. 4 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഐടി പാർക്കിൽ ഒരേേ സമയം 5000 ജീവനക്കാരെ ഉൾക്കൊള്ളാനാവും. ഇതിന് സൈബർപാർക്കുമായി കരാർ ഒപ്പിട്ടുകഴിഞ്ഞു. കോഴിക്കോട്ടെ ഗുഡ് എർത്തിൽനിന്നുള്ള 150 കോടിയുടെ സ്വകാര്യനിക്ഷേപ നിർദേശവും സർക്കാരിന്റെ പരിഗണനയിലുണ്ട്. നിലവിൽ കോഴിക്കോട്ട് സർക്കാർ സൈബർപാർക്കിൽ പുതുതായി കമ്പനികൾക്ക് സ്ഥലം അനുവദിക്കാനില്ല. ഓഫിസ് തുടങ്ങാൻ എൺപതോളം കമ്പനികളാണ് അപേക്ഷ നൽകി കാത്തിരിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ നിർമാണത്തിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
സർക്കാർ സൈബർപാർക്ക് തുടങ്ങാൻ 2008ൽ പാലാഴിയിലെ കാച്ചിലാട്ടുകുന്നിൽ 70 ഏക്കറാണ് സർക്കാർ ആദ്യം ഏറ്റെടുത്തത്. 2017ലാണ് സൈബർ പാർക്ക് പ്രവർത്തനം തുടങ്ങിയത്. 3 ലക്ഷത്തിലധികം ചതുരശ്ര അടി വലിപ്പമുള്ള ‘സഹ്യ’ കെട്ടിടമാണ് ആദ്യം നിർമിച്ചത്. ഇതിനു പുറമേ, മൊബൈൽ ആപ്പുകൾക്കായുള്ള മൊബൈൽ ഇൻക്യുബേഷൻ സെന്ററുമുണ്ട്. ADVERTISEMENT Go AD-FREE
മലബാറിലെ ആദ്യ സ്വകാര്യ ഐടി പാർക്കാണ് യുഎൽ സൈബർ പാർക്ക്. പത്തുനിലകളിലായി 4,82,000 ചതുരശ്ര അടിയുള്ള കെട്ടിടത്തിൽ ടാറ്റ എൽഎക്സിയടക്കം അൻപതോളം കമ്പനികളുണ്ട്. ഇതിനുപുറമേ ഹൈലൈറ്റ് ബിസിനസ് പാർക്ക്, കാക്കഞ്ചേരി വ്യവസായ പാർക്ക് തുടങ്ങി കോഴിക്കോട് മേഖലയിൽ നിലവിൽ 500ലധികം കമ്പനികളുണ്ട്. ഇവയിൽ ഒട്ടുമിക്ക കമ്പനികളും എഐ സാങ്കേതികവിദ്യക്കൊപ്പമാണ് സഞ്ചരിക്കുന്നത്.
വെല്ലുവിളി ബാക്കി
കൂടുതൽ വിദേശ കമ്പനികൾ കടന്നുവരുന്നു, കൂടുതൽ യുവാക്കൾക്ക് ജോലി ലഭിക്കുന്നു. കൂടുതൽ പണം ഒഴുകിയെത്തുന്നു. എങ്കിലും പ്രമുഖ കമ്പനികൾ മലബാറിലേക്ക് വരാൻ ഇപ്പോഴും മടിക്കുകയാണ്. അതിനുപിന്നിൽ ചില കാരണങ്ങളുമുണ്ട്. അതിനെക്കുറിച്ച് നാളെ വായിക്കാം. ADVERTISEMENT GO AD-FREE English Summary:
AI innovation Kozhikode signifies a new era for Malabar\“s IT aspirations, boosting the region\“s development. The arrival of international companies and the establishment of an AI innovation hub are set to create vast opportunities for the youth, bringing global expertise closer to home. |