ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് അംഗങ്ങളെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് കേസെടുത്തതാണ് ഇന്നത്തെ പ്രധാനവാർത്ത. 2019ലെ ഭരണസമിതിയെയാണ് പ്രതിചേർത്തത്. ഗാസ സമാധാന പദ്ധതിയെ കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയെ മോദിയെ ട്രംപ് ഈജിപ്തിലേക്ക് ക്ഷണിച്ചതും അഫ്ഗാൻ അതിർത്തിയിൽ പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതും ഇന്നത്തെ പ്രധാനവാർത്തകളായിരുന്നു.
- Also Read ‘ഭഗവാന്റെ ഒരുതരി പൊന്നു പോലും കട്ടുകൊണ്ടു പോകില്ല, തെളിയിച്ചാൽ രാജിവയ്ക്കാം, പെൻഷൻ അടക്കം തടയും’
ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് അംഗങ്ങളും പ്രതികൾ. 2019ലെ, എ.പത്മകുമാർ പ്രസിഡന്റായ ഭരണസമിതിയെ ക്രൈംബ്രാഞ്ച് പ്രതിചേർത്തു. ഈ ഭരണകാലത്താണ് ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളും വാതിലിന്റെ കട്ടിളയും സ്വർണം പൂശാൻ ചെന്നൈയിലേക്ക് കൊണ്ടുപോയത്. സ്വർണം കുറഞ്ഞതായി ആരോപണമുയര്‍ന്നതോടെയാണ് ഹൈക്കോടതി അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചത്.
ഗാസ സമാധാന പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ നാളെ നടക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം. അവസാന നിമിഷമാണ് മോദിക്ക് ഉച്ചക്കോടിയിലേക്ക് ക്ഷണം ലഭിച്ചത്. ഈജിപ്തും അദ്ദേഹത്തെ ക്ഷണിച്ചെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള രാജ്യാന്തര ഉച്ചകോടിയിൽ മോദിയുടെ പങ്കാളിത്തം പ്രധാനമന്ത്രിയുടെ ഓഫിസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
പാക്ക്–അഫ്ഗാൻ സൈന്യങ്ങൾ തമ്മിൽ അതിർത്തിയിൽ രൂക്ഷമായ ഏറ്റുമുട്ടൽ. പാക്കിസ്ഥാന്റെ അതിർത്തി പോസ്റ്റുകളിൽ അഫ്ഗാൻ സൈന്യം ആക്രമണം നടത്തി. 25 പോസ്റ്റുകൾ പിടിച്ചെടുത്തതായി അഫ്ഗാൻ അധികൃതർ പറഞ്ഞു. സംഘർഷത്തെ തുടർന്ന് അതിർത്തിയിലെ വഴികൾ പാക്കിസ്ഥാൻ അടച്ചു. 58 പാക്ക് സൈനികർ കൊല്ലപ്പെട്ടതായും 30 പേർക്കു പരുക്കേറ്റതായും അഫ്ഗാൻ അധികൃതർ പറഞ്ഞു
ബംഗാളിലെ ദുർഗാപുരിൽ സ്വകാര്യ മെഡിക്കൽ കോളജ് വിദ്യാർഥിനിയെ കൂട്ടബലാൽസംഗം ചെയ്ത സംഭവത്തിൽ വൻ പ്രതിഷേധം ഉയരുന്നു. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ മമത സർക്കാർ പരാജയപ്പെട്ടതായി ബിജെപി ആരോപിച്ചു. സംഭവത്തെ ബിജെപി രാഷ്ട്രീയവൽക്കരിക്കുകയാണെന്നു തൃണമൂൽ നേതാക്കൾ പറഞ്ഞു.
അതിനിടെ, ദുർഗാപുരിൽ എംബിബിഎസ് വിദ്യാർഥിനിയുടെ കൂട്ടബലാത്സംഗത്തിൽ വിവാദ പരാമർശവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. 23 വയസ്സുള്ള വിദ്യാർഥിനി രാത്രി എങ്ങനെ ക്യാംപസിനു പുറത്തിറങ്ങിയെന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. മുഖ്യമന്ത്രിയുടെ പരാമർശത്തിന് എതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മമത ഇരയെ അപമാനിച്ചെന്നാണ് ബിജെപിയുടെ ആരോപണം.
യുഎസിന്റെ മധ്യസ്ഥതയിൽ ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്തിയതോടെ ഗാസയിലേക്ക് തിരിച്ചെത്തുകയാണ് ആയിരങ്ങൾ. കാൽനടയായും വാഹനങ്ങളിലായും ജനം താമസമേഖലകളിലേക്ക് തിരികെ എത്തുകയാണ്. ഇസ്രായേൽ ആക്രമണത്തിൽ ആകെ തകർന്ന ഗാസയിൽ വീണ്ടും ജീവിതം കരുപ്പിടിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് തിരികെയെത്തുന്നത്. അതേസമയം, ധാരണപ്രകാരമുള്ള ബന്ദികളുടെ കൈമാറ്റം തിങ്കളാഴ്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. English Summary:
TODAY\“S RECAP: 12 OCTOBER 2025 |
|