LHC0088 • 2025-10-14 01:21:04 • views 1305
ടെൽ അവീവ് ∙ അശാന്തിയുടെുയം അരക്ഷിതാവസ്ഥയുടെയും നാളുകൾ അവസാനിച്ചുവെന്നും മധ്യപൂർവദേശത്ത് സമാധാനത്തിന്റെ സൂര്യൻ ഉദിച്ചിരിക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രയേൽ പാർലമെന്റായ നെസെറ്റിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ട്രംപിന്റെ പരാമർശം. മധ്യപൂർവദേശത്തിന്റെ ചരിത്രപരമായ ഉയർത്തെഴുന്നേൽപ്പിനാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്നും യുദ്ധങ്ങൾ ആരംഭിക്കലല്ല, അവ അവസാനിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. രണ്ട് വർഷക്കാലം ധീരതയോടെ ഇസ്രയേലിനെ മുന്നോട്ട് നയിച്ച പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ ട്രംപ് അഭിനന്ദിച്ചു. പാർലമെന്റിൽ എത്തിയ ട്രംപിനെ എഴുന്നേറ്റ് നിന്ന് കയ്യടികളോടെയാണ് പാർലമെന്റംഗങ്ങൾ സ്വീകരിച്ചത്.
- Also Read ഇരുട്ടറയിലെ 737 ദിനങ്ങൾ, മുഴുവൻ ബന്ദികളെയും മോചിപ്പിച്ച് ഹമാസ്; ഇസ്രയേലിൽ വൻ ആഹ്ളാദ പ്രകടനം
‘‘ആദ്യം തന്നെ അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ട് നമ്മൾക്ക് ആരംഭിക്കാം. രണ്ട് വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ധീരരായ ആ 20 ബന്ദികളും അവരുടെ കുടുംബത്തോടൊപ്പം എത്തിയിരിക്കുകയാണ്. 28 ബന്ദികളുെട മൃതദേഹങ്ങളും തിരികെ വരും. ഈ വിശുദ്ധ മണ്ണിൽ അവർക്ക് നമ്മൾ അന്ത്യവിശ്രമം ഒരുക്കും. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം തോക്കുകൾ നിശബ്ദമായിരിക്കുന്നു. സൈറണുകൾ നിലച്ചിരിക്കുന്നു. സമാധാനത്തിന്റെ സൂര്യൻ വിശുദ്ധ നാട്ടിൽ ഉദിച്ചിരിക്കുന്നു. ഇത് യുദ്ധത്തിന്റെ മാത്രമല്ല, ഭീകരതയുടെയും അവസാനമാണ്. പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും നാളുകൾ ആണ് വരുന്നത്. മധ്യപൂർവദേശത്തിന്റെ ചരിത്രപരമായ ഉയർത്തെഴുന്നേൽപ്പിനാണ് നമ്മൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്.’’ – ട്രംപ് പറഞ്ഞു.
‘‘ധൈര്യത്തിന്റെയും ദേശ സ്നേഹത്തിന്റെയും ഉത്തമ ഉദാഹരണമായ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനും ഈ അവസരത്തിൽ ഞാൻ നന്ദി പറയുകയാണ്. ഇത് ഒരു എളുപ്പമുള്ള കാര്യമായിരുന്നില്ല. നിങ്ങൾ ആ ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചു. ഗാസ സമാധാന പദ്ധതിക്കും ബന്ദി കൈമാറ്റത്തിനും സഹായിച്ച നിരവധി പേരുണ്ട്. അവർക്കെല്ലാം ഈ അവസരത്തിൽ നന്ദി പറയുന്നു. ഇത് ഇസ്രയേലിന്റെയും മധ്യപൂർവ ദേശത്തിന്റെയും സുവർണ കാലമാണ്. സ്റ്റീവ് വിറ്റ്കോഫ് ഈ അവസരത്തിൽ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. അദ്ദേഹം മികച്ച രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്തു. നമ്മൽ ഈ മത്സരം ഭംഗിയായി പൂർത്തിയാക്കി. ജെറാർദ് കുഷ്നറും ഈ പദ്ധതിയിൽ എന്നെ ഏറെ സഹായിച്ചു. മാർക്കോ റൂബിയോയും ഇതിൽ പങ്കാളിയായി. യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മിടുക്കനായ സ്റ്റേറ്റ് സെക്രട്ടറിയാണ് മാർക്കോ. യുഎസ് രണ്ട് ലോകമഹായുദ്ധങ്ങൾ ജയിച്ചു. എട്ട് മാസത്തിനിടക്ക് എട്ട് യുദ്ധങ്ങൾ ഞാൻ അവസാനിപ്പിച്ചു. യുദ്ധങ്ങൾ ആരംഭിക്കലല്ല, അവ അവസാനിപ്പിക്കുയാണ് എന്റെ ലക്ഷ്യം. ശക്തിയിലൂടെ സമാധാനം അതാണ് ഞാൻ എപ്പോഴും പറയുന്നത്.’’ – ട്രംപ് പറഞ്ഞു.
‘‘2 വർഷം മുൻപ് ഇതേപോലൊരു അവധി ദിവസമാണ് അന്ന് ഭീകരർ ഇസ്രയേലികളായ നിരവധി പേരെ കൊലപ്പെടുത്തിയത്. നിരവധി പേരെ ബന്ദികളാക്കിയത്. അരക്ഷിതാവസ്ഥയുടെ നാളുകളായിരുന്നു അത്. ആ നാളുകൾ ആരും മറന്നിട്ടില്ല. ആരും മറക്കുകയുമില്ല. ദുസ്വപ്നങ്ങളുടെ നാളുകൾ അവസാനിച്ചിരിക്കുന്നു. ഈ ദേശത്തെ ബാധിച്ച ഒരു പകർച്ചവ്യാധി നമ്മൾ ഇന്ന് അവസാനിപ്പിച്ചിരിക്കുന്നു. ഐഡിഎഫിന്റെ ധീരതയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഇനി ഇത് ആവർത്തിക്കില്ല. ഈജിപ്തിൽ നടക്കുന്ന ഉച്ചകോടിയിൽ സമാധാനം ഉണ്ടാകും ’’ – ട്രംപ് പറഞ്ഞു
- Also Read നാട്ടിൽ ഭൂമിയോ വീടോ ഫ്ലാറ്റോ ഉള്ള പ്രവാസിയാണോ നിങ്ങള്‍? ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം കൈവിട്ടു പോകും, അറിയണം ഇക്കാര്യങ്ങൾ
അതിനിടെ, ട്രംപിന്റെ പ്രസംഗത്തിനിടെ ഇസ്രയേൽ പാർലമെന്റിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ സ്പീക്കറുടെ നിർദേശപ്രകാരം സുരക്ഷാ സേന പുറത്താക്കി. പാർലമെന്റിൽ ട്രംപ് പ്രസംഗിക്കുന്നതിനിടെ എംപിമാർ പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ സേന എത്തി നെസെറ്റിൽ നിന്ന് ഇവരെ ബലം പ്രയോഗിച്ച് പുറത്താക്കി. ഇടതുപക്ഷ ഇസ്രയേലി അംഗങ്ങളായ അയ്മെൻ ഒഡെ, ഓഫർ കാസിഫ് എന്നിവരായിരുന്നു പ്രതിഷേധിച്ചത്. ‘പലസ്തീനെ അംഗീകരിക്കുക’ എന്ന് എഴുതിയ ബാനറുകൾ പ്രദർശിപ്പിച്ചതിനാണ് ഇവരെ പാർലമെന്റിൽ നിന്ന് പുറത്താക്കിയത്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @euronews എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Donald Trump addresses the Israel parliament, promising to end wars and bring peace to the Middle East. His speech was met with both praise and protests regarding his policies. Trump highlighted the historic progress and expressed his commitment to resolving conflicts in the region. |
|