തിരുവനന്തപുരം∙ ആര്‍എസ്എസ് ശാഖയില്‍ പലരില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് ജീവനൊടുക്കിയ കോട്ടയം സ്വദേശി അനന്തു അജി (24)യുടെ മരണത്തില്‍ അന്വേഷണം വ്യാപകമാക്കി പൊലീസ്. വിഷയം ദേശീയ ശ്രദ്ധയില്‍ എത്തുകയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ ഇടപെടുകയും ചെയ്തതോടെ ഏറെ കരുതലോടെയാണ് പൊലീസ് നീങ്ങുന്നത്. അനന്തുവിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി. അനന്തുവിനുണ്ടായിരുന്ന രോഗാവസ്ഥയും കൂടി കണക്കിലെടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്.
ആത്മഹത്യക്കുറിപ്പില്‍ അനന്തു രേഖപ്പെടുത്തിയ ‘എൻ.എം’ എന്ന ചുരുക്കപ്പേരില്‍ പറയുന്ന ആളെക്കുറിച്ച് പൊലീസിനു സൂചന ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ ഇയാളില്‍നിന്നു മൊഴിയെടുക്കും. അസ്വഭാവികമരണത്തിനാണ് തമ്പാനൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യ പ്രേരണക്കുറ്റം കൂടി ഉള്‍പ്പെടുത്താനും ആലോചനയുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് അനന്തുവിനെ തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍നിന്ന് ആത്മഹത്യക്കുറിപ്പും ലഭിച്ചു.
മരണശേഷം പുറത്തു വരുന്ന രീതിയില്‍ ഷെഡ്യൂള്‍ ചെയ്താണ് അനന്തു സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും സംഘടനയ്ക്കുമെതിരെയാണ് 15 പേജുകളിലായി അനന്തുവിന്റെ ആരോപണങ്ങള്‍. നാലു വയസ്സ് മുതല്‍ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം ഏല്‍ക്കേണ്ടിവന്നെന്നും ആര്‍എസ്എസ് ക്യാംപില്‍നിന്നാണ് ദുരനുഭവങ്ങള്‍ നേരിട്ടതെന്നും പോസ്റ്റില്‍ പറയുന്നു.
- Also Read ‘അറസ്റ്റില്ലാതെ പോസ്റ്റ്മോർട്ടം വേണ്ട’: നിലപാട് കടുപ്പിച്ച് ഭാര്യ; ഐജിയുടെ ആത്മഹത്യയിൽ വിവാദം പുകയുന്നു
ഇതോടെ അനന്തു കടുത്ത വിഷാദരോഗത്തില്‍ ആയി. അമ്മയെയും സഹോദരിയെയും ഓര്‍ത്താണ് ഇതുവരെ ഒന്നും ചെയ്യാതിരുന്നതെന്നും അനന്തു പറയുന്നു. ആര്‍എസ്എസില്‍ ഇരകള്‍ വേറെയുമുണ്ട്. സംഘടനയില്‍നിന്നു പുറത്തുവന്നതു കൊണ്ടാണ് ഇതു തുറന്നുപറയാന്‍ കഴിയുന്നതെന്നും അനന്തുവിന്റെ കുറിപ്പില്‍ പറയുന്നു. പിതാവാണ് ആര്‍എസ്എസിലേക്കു തന്നെ കൊണ്ടുവന്നതെന്നും മാതാപിതാക്കള്‍ കുട്ടികളെ സ്നേഹം നല്‍കി വളര്‍ത്തണമെന്നും അവരെ കേള്‍ക്കാന്‍ തയാറാകണമെന്നും കുറിപ്പിലുണ്ടായിരുന്നു.
അതേസമയം, അനന്തുവിന്റെ മരണം സംബന്ധിച്ച് വീട്ടുകാര്‍ പരാതി നല്‍കിയിട്ടില്ല. ആര്‍എസ്എസ് താലൂക്ക് ഭാരവാഹിയായിരുന്നു അനന്തുവിന്റെ പിതാവ്. ഇദ്ദേഹം 2019ല്‍ വാഹനാപകടത്തില്‍ മരിച്ചു. യുവാവിന്റെ മരണമൊഴിയായി വിശ്വസിക്കുന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ച്, പിതാവിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംശയമുയര്‍ത്തിയിട്ടുണ്ട്.
- Also Read പെൺകുട്ടികളെ മറയാക്കി ലഹരി വിൽപന: യുവാവ് പിടിയിൽ
പിതാവിന്റെ ശാഖയിലാണ് യുവാവ് ബാല്യകാലം മുതല്‍ ഉണ്ടായിരുന്നതെന്നും, പോസ്റ്റിലെ ആക്ഷേപങ്ങള്‍ അവിശ്വസനീയമെന്നുമാണ് അവര്‍ സമൂഹമാധ്യമത്തില്‍ വിശദീകരിച്ചത്. യുവാവിന്റെ ഐഡിയില്‍ മറ്റാരെങ്കിലും പോസ്റ്റിടാനുള്ള സാധ്യത അന്വേഷിക്കണമെന്നാണ് ഇവരുടെ ആവശ്യം. അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്‌ഐയും രംഗത്തെത്തിയിട്ടുണ്ട്. English Summary:
Ananthu Aji Suicide: Police Probe RSS Sexual Abuse Allegations Mentioned in Youth\“s Suicide Note |
|