LHC0088 • 2025-10-19 04:21:24 • views 1182
കോട്ടയം ∙ വിശ്വാസ സംരക്ഷണ ജാഥയുടെ സമാപന സമ്മേളനത്തിൽ, ആറാം മണിക്കൂറിൽ രാത്രി 10 മണിയോട് അടുപ്പിച്ച് കെ. മുരളീധരൻ പന്തളത്തെ വേദിയിലെത്തിയത് നേതാക്കൾ നടത്തിയ സമവായ ചർച്ചകളുടെയും ഉറപ്പിന്റെയും അടിസ്ഥാനത്തിലെന്ന് വിവരം. വൈകിട്ടോടെ ഗുരുവായൂരിൽ നിന്ന് മുരളീധരൻ പന്തളത്തേക്ക് തിരിച്ചുവെന്ന് അറിഞ്ഞതോടെയാണ് നേതാക്കൾക്ക് ആശ്വാസമായത്. അല്ലെങ്കിൽ യാത്രയുടെയും പൊതുസമ്മേളനത്തിന്റെയും ഉദ്ദേശലക്ഷ്യം നഷ്ടപ്പെടുമായിരുന്നു എന്ന് പലരും ആശങ്കപ്പെട്ടു.
- Also Read ‘വിശ്വാസമില്ലാത്തവർ ശബരിമലയിൽ പോയി കൈകെട്ടി നിൽക്കുന്നു, അയ്യപ്പനെ തൊട്ടുകളിച്ചാൽ വലിയ ശിക്ഷ അനുഭവിക്കേണ്ടി വരും’
മുതിർന്ന പല നേതാക്കളും വേദി വിട്ടെങ്കിലും എഐസിസി നേതാവ് അറിവഴകൻ ഉൾപ്പെടെയുള്ളവർ മുരളിയുടെ വരവിനായി പന്തളത്ത് കാത്തിരുന്നു. ആകാംക്ഷയോടെയുളള കാത്തിരിപ്പിനൊടുവിലായിരുന്നു മുരളിയുടെ വരവ്. പ്രവർത്തകർ ഏറെക്കുറെ പിരിഞ്ഞുപോയിട്ടും മുരളീധരനെത്താനായി സമ്മേളനം മൂന്നുമണിക്കൂറോളം നീട്ടി. മുരളീധരൻ പറയുന്നവരെ കൂടി പുറത്തുവരുന്ന സെക്രട്ടറിമാരുടെ പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് അദ്ദേഹത്തിന് ലഭിച്ച പ്രധാന ഉറപ്പ്.
അനുനയ നീക്കത്തിന്റെ ഭാഗമായി അദ്ദേഹം നിര്‍ദേശിച്ച കെ.എം.ഹാരിസിനെയോ മുൻ ജനറൽ സെക്രട്ടറിയായ മരിയാപുരം ശ്രീകുമാറിനെയോ കൂടി ഉൾപ്പെടുത്തി ജനറൽ സെക്രട്ടറി പട്ടിക പുതുക്കിയേക്കുമെന്നും അഭ്യൂഹമുണ്ട്. ജനറൽ സെക്രട്ടറി പദം നൽകാനായില്ലെങ്കിൽ മറ്റ് എന്തെങ്കിലും പദവികളിലേക്കാകും പരിഗണിക്കുക.
മുരളീധരനെ കൂടാതെ ജനറൽ സെക്രട്ടറിമാരുടെ പട്ടികയിൽ അതൃപ്തിയുള്ള കെ. സുധാകരന്റെയും വി.ഡി. സതീശന്റെയും അഭിപ്രായം കൂടി പരിഗണിച്ചാകും സെക്രട്ടറിമാരുടെ പട്ടിക പുറത്തിറക്കുക. വരുന്ന ആഴ്ച കേരളത്തിലെത്തുന്ന കെ.സി.വേണുഗോപാൽ മുരളീധരൻ ഉൾപ്പെടെ അസംതൃപ്തരായ നേതാക്കളുമായി സംസാരിച്ചേക്കും.
കെപിസിസി അധ്യക്ഷൻ വിളിച്ചിട്ടാണ് താൻ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതെന്ന് കെ. മുരളീധരൻ മനോരമ ഓൺലൈനോട് പറഞ്ഞു. അധ്യക്ഷൻ പറയുമ്പോൾ വരാതിരിക്കാൻ ആകില്ലല്ലോ. ഗുരുവായൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകാനാണ് ഇരുന്നത്. പിന്നെ അധ്യക്ഷൻ വിളിച്ചപ്പോൾ ഇങ്ങോട്ടേക്ക് വന്നു. മറ്റുള്ള ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. സണ്ണി ജോസഫിനെ കൂടാതെ വി.ഡി. സതീശനും കെപിസിസി വർക്കിങ് പ്രസിഡന്റ് എ.പി. അനിൽകുമാറും മറ്റ് ചില നേതാക്കളും മുരളീധരനുമായി സംസാരിച്ചു.
മുരളീധരന്റെ വരവും പുനസംഘടനയുമായി ബന്ധമില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മനോരമ ഓൺലൈനോട് പറഞ്ഞു. തന്നോട് പറഞ്ഞിട്ടാണ് ഇന്നലെ അദ്ദേഹം ഗുരുവായൂരിലേക്ക് പോയത്. ഇന്ന് മാധ്യമങ്ങളിലെ വാർത്ത കണ്ട് കെപിസിസി അധ്യക്ഷൻ അദ്ദേഹവുമായി സംസാരിച്ചുവെന്നും അടൂർ പ്രകാശ് പറഞ്ഞു.
ചെങ്ങന്നൂരില്‍ വിശ്വാസ സംരക്ഷണ മേഖലാ ജാഥകള്‍ സമാപിച്ചതിനു പിന്നാലെ മുരളീധരൻ ഗുരുവായൂരിലേക്ക് തിരിക്കുകയായിരുന്നു. കോണ്‍ഗ്രസ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ ജാഥകളുടെ ക്യാപ്റ്റന്മാരില്‍ ഒരാളായിരുന്നു കെ. മുരളീധരന്‍. കെപിസിസി പുനഃസംഘടനയില്‍ താന്‍ നിര്‍ദേശിച്ച പേര് പരിഗണിക്കാതിരുന്നതാണ് കെ. മുരളീധരനെ ചൊടിപ്പിച്ചത്. കെ.എം. ഹാരിസിന്റെ പേരാണ് മുരളീധരന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, പുനഃസംഘടന പട്ടിക വന്നപ്പോള്‍ ഈ പേരുണ്ടായിരുന്നില്ല. മുരളീധരൻ പക്ഷക്കാരനായ മരിയാപുരം ശ്രീകുമാറിനെ ഒഴിവാക്കുകയും ചെയ്തു. English Summary:
K. Muraleedharan\“s Eleventh-Hour Arrival in Pandalam: KPCC Reorganization Tensions Eased |
|