പരുത്തിയടിക്കുന്ന യന്ത്രം തിരിക്കാനുള്ള വലിയചക്രം ചുമലിലേറ്റി അച്ഛൻ മുന്നിൽ നടക്കുകയാണ്. തൊട്ടുപിന്നാലെ യന്ത്രം തലയിലേറ്റി അമ്മയും. അത്യാവശ്യമുള്ള വീട്ടുസാധനങ്ങളും പാത്രങ്ങളും ചെറിയ പെട്ടികളിലാക്കി അഞ്ചു മക്കളും. നേരം പുലരുന്നതിനു മുൻപേ, പയ്യന്നൂരിലെ പാടവരമ്പിലൂടെ ചൂട്ടുവെളിച്ചത്തിലുള്ള യാത്ര ഒരു രക്ഷപ്പെടലായിരുന്നു. അയൽപക്കത്തുള്ളവർപോലും അറിയാതെയുള്ള പലായനം.
- Also Read തുന്നിക്കൂട്ടിയ യാത്രകൾ
‘ഗതികെട്ടവർ’ എന്നു മുദ്രകുത്തി തറവാട്ടു കാരണവർ ഇറക്കിവിട്ട മനോവിഷമത്തിൽ മക്കളെയും കൂട്ടി മഹായാത്രയ്ക്കു പുറപ്പെട്ടതാണു കല്ലിടിൽ കണ്ണപ്പൊതുവാളും ഭാര്യ രാമനാത്ത് പാർവതിയമ്മയും.
വീട്ടുസാധനങ്ങൾ തലയിലേറ്റി നടക്കുന്ന അഞ്ചുമക്കളിൽ മധ്യമനായ കുഞ്ഞിരാമനറിയില്ലായിരുന്നു ആ യാത്ര തന്റെ ജീവിതത്തെ മാറ്റിമറിക്കാൻ പോകുന്നതാണെന്ന്. കർണാടകയിലെ കാർക്കളയിലേക്കാണ് കുടുംബം നേരം പുലരുംമുൻപേ രക്ഷപ്പെട്ടത്. ബീഡിതെറുപ്പുകാരുടെ കേന്ദ്രമായ കാർക്കള മലയാളികളുടെയും രക്ഷാകേന്ദ്രമായിരുന്നു. അവിടെയൊരു വാടകവീട്ടിലായിരുന്നു ഏഴംഗ കുടുംബം കഴിഞ്ഞത്.
വൈദ്യമറിയുന്ന കണ്ണപ്പൊതുവാളിനു മരുന്നു വിറ്റു ലഭിക്കുന്ന വരുമാനം കൊണ്ടു കുടുംബത്തിന്റെ പട്ടിണി മാറുമായിരുന്നില്ല. മൂത്ത രണ്ട് ആൺകുട്ടികളെ അദ്ദേഹം ജോലിക്ക് അയച്ചു. മൂത്തമകൻ ബീഡിതെറുക്കാനും കുഞ്ഞിരാമൻ നൂൽനൂൽക്കാനും പഠിച്ചു. ഒഴിവുസമയം കുഞ്ഞിരാമൻ ചെലവിട്ടതു കന്നഡ അക്ഷരങ്ങൾ പഠിക്കാനായിരുന്നു. പാഠപുസ്തകങ്ങളെല്ലാം മുത്തശ്ശിയുടെ വീട്ടിൽ ഉപേക്ഷിച്ചു പോന്നത് ആ ചെറിയ മനസ്സിൽ വലിയ നോവുണ്ടാക്കിയിരുന്നു. മലയാളത്തിനു പകരം കന്നഡ പഠിച്ചെടുത്തു കുഞ്ഞിരാമൻ. അയൽപക്കത്തെ വീടുകളിലെ കുട്ടികളായിരുന്നു കന്നഡ പഠിപ്പിച്ചത്. കാർക്കളയിലെ ജീവിതത്തിൽ പഠിച്ചെടുത്ത അക്ഷരങ്ങളാണു പിന്നീടു ജീവിതത്തിൽ വെളിച്ചമായത്. മലയാളത്തിൽനിന്നു കന്നഡയിലേക്കും തിരിച്ചും പുസ്തകങ്ങൾ മൊഴിമാറ്റം ചെയ്ത് അയാൾ അറിയപ്പെട്ടതു പയ്യന്നൂർ കുഞ്ഞിരാമൻ എന്ന പേരിലായിരുന്നു.
സമഗ്ര സംഭാവനയ്ക്ക് കേരള സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ പുരസ്കാരം നേടിയ പയ്യന്നൂർ കുഞ്ഞിരാമൻ ഇതുവരെ 100 പുസ്തകങ്ങൾ എഴുതി. അതിൽ പാതിയും കന്നഡ സാഹിത്യകൃതികളുടെ മലയാളം മൊഴിമാറ്റമാണ്. കഥാകൃത്ത് ടി.പത്മനാഭന്റെയും കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന്റെയും സാഹിത്യ ജീവിതത്തിലേക്ക് ഇപ്പോൾ ഒരേ ദൂരമാണ് പയ്യന്നൂർ കുഞ്ഞിരാമന്.
പുകയിലയിൽ എരിയാതെ..
വിദ്യാഭ്യാസം പാതിവഴിയിൽ നിലച്ച്, ബീഡിത്തൊഴിലാളിയായിതീർന്ന കുഞ്ഞിരാമന് 100 പുസ്തകങ്ങളിലേക്കുള്ള യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. മാവിച്ചേരിയിലെ ഗോപാലനിൽനിന്ന് ബീഡി തെറുക്കാൻ പഠിച്ചു നൂറുകണക്കിനു ബീഡിത്തൊഴിലാളികളിൽ ഒരാളായാണ് ജീവിതം തുടങ്ങിയത്. ബീഡി തെറുക്കുന്നവരുടെ പ്രധാന വിനോദം പത്രം വായിക്കലും റേഡിയോ കേൾക്കലുമാണ്. ഒരാൾ രാവിലെ മുതൽ പത്രം ഉറക്കെ വായിക്കും. മറ്റുള്ളവർ കേൾക്കും. പത്രവായന കഴിഞ്ഞാൽ പുസ്തകവായന. ഇടയ്ക്ക് ആകാശവാണിയിൽനിന്നു വാർത്ത കേൾക്കലും.
ചെറുപ്രായമായതിനാൽ കുഞ്ഞിരാമനായിരുന്നു വായനയുടെ ചുമതല. പത്രം വേഗം വായിച്ചു തീർത്തു സാഹിത്യകൃതികൾ വായിക്കാൻ തുടങ്ങും. അതായിരുന്നു താൽപര്യവും. പയ്യന്നൂരിലെ പല ലൈബ്രറിയിൽനിന്നും പുസ്തകങ്ങളെത്തും. അതെല്ലാം വായിച്ചു കൊടുക്കും. പത്രം വായിക്കുന്നയാൾക്ക് മറ്റു തെറുപ്പുകാർ ബീഡി നൽകണം എന്നതാണു വ്യവസ്ഥ. അങ്ങനെ വായനയിലൂടെ അറിവു മാത്രമായിരുന്നില്ല, ജീവിക്കാനുള്ള ബീഡിതെറുപ്പു കൂലിയും കുഞ്ഞിരാമനു ലഭിച്ചു.Sunday Special, Malayalam News, Travel News, Travel Inspiration, Kannur News, Vasanthi tailor travel, solo female travel, senior traveler, inspiring travel story, travel at 59, Everest Base Camp, Great Wall of China, Thailand travel, women empowerment, age no bar travel, Kerala tailor story, dream travel, travel planning tips, budget travel, വസന്തി തയ്യൽക്കാരി, ഒറ്റയ്ക്കുള്ള യാത്ര, പ്രചോദനം നൽകുന്ന യാത്ര, ലോക സഞ്ചാരം, സ്ത്രീകളുടെ യാത്ര, പ്രായം തടസ്സമല്ല, എവറസ്റ്റ് ബേസ് ക്യാമ്പ്, ചൈനയിലെ വൻമതിൽ, തായ്‌ലൻഡ് യാത്ര, തയ്യൽക്കാരിയുടെ യാത്ര, സഞ്ചാര സ്വപ്‌നങ്ങൾ , Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Stitched Dreams: Vasanthi, the 59-Year-Old Tailor Who Travels the World Solo
‘‘ ഒരുതരം ആവേശത്തോടെയായിരുന്നു ഞാൻ വായിക്കാൻ തുടങ്ങിയത്. ബഷീറിനെയും തകഴിയെയും കേശവദേവിനെയുമൊക്കെ വായിക്കുമ്പോൾ ഞങ്ങളുടെയൊക്കെ ജീവിതപരിസരം തന്നെയാണ് അതിലെന്നു മനസ്സിലായി. വൈകുന്നേരമാകരുതേ എന്നു പ്രാർഥിച്ച ദിവസങ്ങളുണ്ടായിരുന്നു. അല്ലെങ്കിൽ ചില പുസ്തകങ്ങൾ ഒരിക്കലും വായിച്ചു തീരരുതേയെന്ന്. അത്രയ്ക്കു രസത്തോടെയായിരുന്നു വായിച്ചിരുന്നത്.
ഇലയും പുകയിലയുമായി എരിഞ്ഞു തീരുമായിരുന്ന എന്റെ ജീവിതത്തെ അക്ഷരലോകത്തേക്കു വഴിതിരിച്ചു വിട്ടതു സുഹൃത്തായ രാമസ്വാമിയുടെ ഒരു ചോദ്യമായിരുന്നു.‘നിനക്കു പ്രൈവറ്റായി പഠിച്ചുകൂടേ’ എന്ന് ബീഡിതെറുക്കാൻ പോകുന്ന എന്നോടു പഴയ സഹപാഠി ചോദിച്ചപ്പോഴാണ് സ്കൂളിൽ പോകാതെയും പത്താംക്ലാസ് പരീക്ഷയെഴുതാമെന്ന് അറിഞ്ഞത്. അന്നു വൈകിട്ടുതന്നെ ഞാൻ ബാലകൃഷ്ണൻ മാഷെ പോയി കണ്ടു. എനിക്കു പ്രൈവറ്റായി പഠിക്കണമെന്നു പറഞ്ഞു. അദ്ദേഹമാണ് പ്രൈവറ്റായി പഠിക്കാനുള്ള കാര്യങ്ങൾ പറഞ്ഞുതന്നത്.
പത്താം ക്ലാസ് ജയിച്ചപ്പോൾ തുടർന്നു പഠിക്കാൻ തീരുമാനിച്ചു. കോഴിക്കോട്ടെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് എൽടിടിസി പൂർത്തിയാക്കി. ട്യൂഷനെടുത്താണു പഠിക്കാനുള്ള പണം കണ്ടെത്തിയത്. എന്നെ പഠിപ്പിക്കാനുള്ള പണമൊന്നും വീട്ടിലുണ്ടായിരുന്നില്ല. എങ്കിലും അവധിക്കു വീട്ടിൽ വരുമ്പോൾ അച്ഛനും അമ്മയും ജ്യേഷ്ഠനും എന്തെങ്കിലും തരും. കോഴ്സ് കഴിഞ്ഞു തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളിൽ ഹിന്ദി അധ്യാപകനായി ചേർന്നു. ബീഡിയിലകൾക്കിടയിൽ എരിഞ്ഞു തീരുമായിരുന്ന എന്റെ ജീവിതം പുതിയൊരു വഴിയിലേക്കെത്തി.
വിവർത്തനത്തിലേക്ക്
കയ്യൂർ സമരത്തെക്കുറിച്ചു കന്നഡ സാഹിത്യകാരൻ നിരഞ്ജന എഴുതിയ ‘ചിരസ്മരണ’ വായിച്ചപ്പോഴാണു വിവർത്തനത്തെക്കുറിച്ചു ഞാൻ ചിന്തിച്ചത്. സി.രാഘവൻമാഷാണ് ചിരസ്മരണ മലയാളത്തിലേക്കു വിവർത്തനം ചെയ്തിരുന്നത്. ചിരസ്മരണ വായിച്ചു ഞാൻ നിരഞ്ജനയ്ക്കു കത്തെഴുതി. അദ്ദേഹം എനിക്കയച്ചു തന്നത് ഭാര്യ അനുപമ നിരഞ്ജനയുടെ കഥകളായിരുന്നു. അതു വായിച്ചു മലയാളത്തിലേക്കു വിവർത്തനം ചെയ്യാൻ പറഞ്ഞു. അച്ഛനമ്മമാർക്കൊപ്പം തലയിൽ ചുമടുമായി കന്നഡ മണ്ണിലേക്കു പോയ ദിനങ്ങളാണ് കഥകൾ വിവർത്തനം ചെയ്യാനിരുന്നപ്പോൾ മനസ്സിലേക്കെത്തിയത്. നിറകണ്ണുകളോടെയാണ് ഞാൻ അനുപമയുടെ കഥകൾ മലയാളത്തിലേക്കെഴുതിയത്. ദുരിതം നിറഞ്ഞ പഴയ നാളുകൾ എനിക്കായി കരുതി വച്ചതായിരിക്കാം ഈ സന്ദർഭമെന്നാശ്വസിച്ചു.
നിരഞ്ജന കാസർകോട്ടു വന്നപ്പോൾ ഞാൻ ചെന്നു കണ്ടു. പക്ഷാഘാതം വന്ന് അദ്ദേഹം ചക്രക്കസേരയിലായിരുന്നു സഞ്ചരിച്ചിരുന്നത്. അനുപമയും മകൾ സീമന്തിനിയും കൂടെയുണ്ടായിരുന്നു. അന്നത്തെ ബന്ധം അദ്ദേഹവും അനുപമയും മരിക്കുവോളം തുടർന്നു. അദ്ദേഹത്തിന്റെ റങ്കമ്മയുടെ വാടകപ്പറമ്പ്, മൃത്യുഞ്ജയൻ, കാവേരി എന്റെ രക്തം, ബനശങ്കരി, മിന്നൽ, നിരഞ്ജനയുടെ കഥകൾ എന്നിവ ഞാൻ വിവർത്തനം ചെയ്തു. അനുപമയുടെ ഘോഷം, ചേരിയുടെ വിലാപം എന്നിവയും മലയാളത്തിലെത്തിച്ചു.
ഇതുവരെ ഞാൻ 100 പുസ്തകങ്ങളെഴുതി. അതിൽ പകുതിയും വിവർത്തനങ്ങളാണ്. കന്നഡയിൽനിന്നു മാത്രം 28 പുസ്തകങ്ങൾ വിവർത്തനം ചെയ്തു. ഇപ്പോൾ ബാനു മുഷ്താഖിന്റെ കൃതികളാണു വിവർത്തനം ചെയ്യുന്നത്. വർഷങ്ങൾക്കു മുൻപേ ഞാൻ അവരുടെ കഥകൾ മലയാളത്തിലേക്കു വിവർത്തനം ചെയ്യാൻ തുടങ്ങിയിരുന്നു. തൃശൂരിലെ അഭിഭാഷകനായ പി.എ.ഷാജിത് ആണ് അവരുടെ കഥകൾ വിവർത്തനം ചെയ്യാൻ എന്നോടു പറയുന്നത്. ഷാജിത്തിന് അവരെ പരിചയമുണ്ടായിരുന്നു. എന്റെ വിവർത്തനം ബാനു മുഷ്താഖിനും ഇഷ്ടമായി. പിന്നീട് ഉറ്റ സൗഹൃദമായി. അവർക്ക് ഇന്റർനാഷനൽ ബുക്കർ പ്രൈസ് ലഭിച്ച വിവരമറിഞ്ഞ് അഭിനന്ദിക്കാൻ ഹാസനിലെ വീട്ടിലെത്തിയപ്പോഴാണ് കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവന പുരസ്കാരം എനിക്കു ലഭിച്ചതറിയുന്നത്. ഇതിനു മുൻപു കന്നഡ സാഹിത്യ അക്കാദമിയുടെ വിവർത്തന പുരസ്കാരവും ലഭിച്ചിരുന്നു. എഴുത്തുവഴിയിൽ പിന്തുണയുമായി ഭാര്യ സത്യഭാമയും മക്കളായ സബിതയും സൂരജുമുണ്ട്.
മലയാള സാഹിത്യത്തിൽ എനിക്കേറ്റവും അടുപ്പം ടി.പത്മനാഭനോടാണ്. ഗുരുസ്ഥാനത്താണ് അദ്ദേഹത്തെ കാണുന്നത്. എന്റെ പല ബാലസാഹിത്യകൃതികളും അദ്ദേഹത്തിന്റെ പ്രോത്സാഹനത്തിൽനിന്നു ജനിച്ചതാണ്’’– അഭിമാനത്തോടെ പയ്യന്നൂർ കുഞ്ഞിരാമൻ പറഞ്ഞു. English Summary:
Payyannur Kunhiraman: From Beedi Worker to Literary Icon with 100 Books |