ഒരു റോഡ് അടഞ്ഞാൽ ഒറ്റപ്പെട്ടുപോകുന്ന കേരളത്തിലെ ഏകജില്ലയെന്ന പേര് വയനാട് പേറാൻതുടങ്ങിയിട്ടു കാലമേറെയായി. ഏതുനിമിഷവും ഗതാഗതം നിലയ്ക്കാവുന്ന പാതയായി താമരശ്ശേരി ചുരം മാറിയിരിക്കുന്നു. വയനാട്ടിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കു പ്രധാന ആശ്രയമായ ചുരത്തിൽ കഴിഞ്ഞദിവസങ്ങളിൽ മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്നു ഗതാഗതം നിരോധിച്ചപ്പോൾ കടുത്ത യാത്രാദുരിതമാണുണ്ടായത്.
- Also Read താമരശ്ശേരി ചുരത്തില്‍ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനം; മറ്റുള്ളവ നിയന്ത്രണവിധേയമായി കടത്തിവിടും
നീണ്ട പ്രയത്നത്തിനൊടുവിൽ, ഗതാഗതം ഇന്നലെ നിയന്ത്രണവിധേയമായി പുനഃസ്ഥാപിച്ചെങ്കിലും എപ്പോൾവേണമെങ്കിലും വഴിയടയുമെന്ന ആശങ്ക വയനാടിനുമുന്നിലുണ്ട്.
ചൊവ്വാഴ്ച രാത്രി ഏഴോടെയുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്നു റോഡിലേക്കു വീണ മണ്ണും പാറക്കല്ലുകളും മരങ്ങളും നീക്കി ബുധനാഴ്ച രാത്രി ഒൻപതോടെയാണു ചുരത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചത്. പിന്നീട് മഴ കനത്തതും പാറക്കഷണങ്ങൾ പൊട്ടിയടർന്നുപതിച്ചതും മൂലം വീണ്ടും ഗതാഗത നിയന്ത്രണമേർപ്പെടുത്താൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. ചുരത്തിനു മുകളിൽ വൈത്തിരി വരെയും ചുരത്തിനു താഴെ ഇൗങ്ങാപ്പുഴ വരെയും വാഹനങ്ങളുടെ നീണ്ടനിരയാണു രൂപപ്പെട്ടത്. വയനാട്ടിലേക്കുള്ള വാഹനങ്ങൾ തിരിച്ചുവിട്ട നാടുകാണി, കുറ്റ്യാടി ചുരങ്ങളും ഗതാഗതക്കുരുക്കിലമർന്നു. ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും മൾട്ടിആക്‌സിൽ വാഹനങ്ങൾക്കു നിരോധനമുണ്ട്. കാലാവസ്ഥ പ്രതികൂലമാകുകയോ ഓണക്കാലംകൊണ്ടും മറ്റുമുള്ള തിരക്കു വർധിക്കുകയോ ചെയ്താൽ ഗതാഗതം വീണ്ടും ദുഷ്കരമാകും.
വയനാട് ചുരത്തിൽ ഗതാഗതക്കുരുക്കില്ലാത്ത ഒരു ദിവസം പോലുമില്ലെന്നതാണു വാസ്തവം. ആഘോഷവേളകളിലും അവധിദിനങ്ങളിലും വൻകുരുക്ക് പതിവായിരിക്കുന്നു. അത്തരം കുരുക്ക് മണിക്കൂറുകൾ നീളുമായിരുന്നതു മാറി ദിവസങ്ങൾ നീളുന്ന സ്ഥിതിയായി. ഗതാഗതക്കുരുക്ക് മുറുകുമ്പോൾ സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ പ്രാഥമികാവശ്യം നിർവഹിക്കാനും കുടിവെള്ളം കിട്ടാനും പോലും നിവൃത്തിയില്ലാതെ ദുരിതമനുഭവിക്കുകയാണ്. Indian Democracy, Malayalam Literature, Digital Addiction, Malayala Manorama Online News, Malayalam Cinema, Kerala Women\“s Life, Carnatic Music in Cinema, Social Discrimination in Kerala, Snake Catcher Kerala, Women in Malayalam Literature, vachakamela, editorial, opinion, sreenivasan, johny antony, saradha, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ
- Also Read കോഴിക്കോട് – വയനാട് ഏകോപനമില്ല; അവിടെയും ഇവിടെയുമില്ലാതെ താമരശ്ശേരി ചുരം
അത്യാസന്നനിലയിലായ രോഗികളെയും കൊണ്ടുപായുന്ന ആംബുലൻസുകൾപോലും നിശ്ചലമാകുന്നു. ചികിത്സാസംവിധാനങ്ങൾ അപര്യാപ്തമായ ജില്ലയാണു വയനാട്. അടിയന്തരസാഹചര്യങ്ങളിൽ മെച്ചപ്പെട്ട ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ചുരത്തിൽ കുരുങ്ങി ജീവൻ പൊലിഞ്ഞ വയനാട്ടുകാർ ഏറെയാണ്. എയർപോർട്ട്, ഇന്റർവ്യൂ, പരീക്ഷകൾ, വിവാഹം തുടങ്ങിയ അടിയന്തരാവശ്യങ്ങൾക്കുള്ള യാത്രക്കാരും വിനോദസഞ്ചാരികളുമൊക്കെ ഗതാഗതക്കുരുക്കിൽ പെടുന്നു.
വാഹനത്തിരക്കും ഇടുങ്ങിയ കൊടുംവളവുകളുമാണു കുരുക്കിനു പ്രധാന കാരണം. ചുരംറോഡ് വികസനത്തിനു സ്ഥലം അനുവദിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും ചില വളവുകൾ മാത്രമാണു വീതി കൂട്ടിയത്. ചുരത്തിലെ 6,7,8 വളവുകൾ വീതികൂട്ടി നവീകരിക്കുന്നതിനു 37 കോടി രൂപയുടെ പദ്ധതി ടെൻഡറായിട്ടുണ്ട്. തുടർനടപടികൾ വേഗത്തിലായാൽ യാത്രാദുരിതത്തിനു കുറവുണ്ടാകും. ചുരം ഉൾപ്പെടുന്ന കോഴിക്കോട്– കൊല്ലഗൽ ദേശീയപാത നാലുവരിയാക്കുന്നതിനുള്ള അലൈൻമെന്റിനും അംഗീകാരമായി. മേപ്പാടി- ആനക്കാംപൊയിൽ തുരങ്കപ്പാത എത്രയുംവേഗം യാഥാർഥ്യമാകേണ്ടതുണ്ട്. ചുരത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശാസ്ത്രീയമായ പഠനം നടത്തിയേതീരൂ. മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ സംരക്ഷണഭിത്തികൾ നിർമിക്കുകയും മണ്ണിന്റെ ബലം ഉറപ്പുവരുത്തുകയും വേണം.
ഏറെ ശ്രദ്ധിച്ചു വാഹനമോടിച്ചില്ലെങ്കിൽ സ്ഥിരം യാത്രക്കാർപോലും അപകടത്തിൽപെടുന്ന തരത്തിൽ ഒട്ടേറെ ചതിക്കുഴികൾ വയനാട് ചുരത്തിലുണ്ട്. ചുരത്തിൽ ഈയിടെയുണ്ടായ രണ്ടു വൻ അപകടങ്ങളിലും മനുഷ്യജീവൻ നഷ്ടപ്പെടാതിരുന്നതു ഭാഗ്യമൊന്നുകൊണ്ടുമാത്രമാണ്. അപകടമുണ്ടായശേഷം പതിവു സുരക്ഷാപരിശോധനയും കുറച്ചുകാലത്തേക്കു നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്ന സ്ഥിരം ശൈലിക്കു പകരം ശാശ്വതപരിഹാരമാണ് ഉണ്ടാകേണ്ടത്.
- Also Read ആ ഫോൺകോൾ മോദി ‘കട്ട്’ ചെയ്യാൻ കാരണം ഇതാണ്...; മൊബൈൽ ഫോണിൽ ട്രംപ് വിളിക്കുമോ? പ്രധാനമന്ത്രി ഏത് ഭാഷയിൽ സംസാരിക്കും?
വയനാട്ടിൽ കാലവർഷക്കെടുതിയും പ്രകൃതിക്ഷോഭങ്ങളും വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, വൈത്തിരി താലൂക്കിൽ മഴമാപിനികൾ സ്ഥാപിച്ച് കാലാവസ്ഥാനിരീക്ഷണവും മുന്നറിയിപ്പു സംവിധാനവും ശക്തമാക്കിയതായി അധികൃതർ അവകാശപ്പെട്ടിരുന്നു. എന്നാൽ, ചുരത്തിലെ വൻ മണ്ണിടിച്ചിൽ മുൻകൂട്ടിക്കാണാനോ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനോ ഈ സംവിധാനങ്ങളൊന്നും ഉപകാരപ്പെട്ടില്ല. ദുർഘടമായ ചുരംപാതയിൽ അപകടമുണ്ടായാൽ അടിയന്തരചികിത്സ പോലും ലഭ്യമാകാതെയും പുറംലോകത്തേക്കു വിവരം അറിയിക്കാൻ കഴിയാതെയും യാത്രക്കാർ ദുരിതത്തിലാകുമെന്നതുകൂടി കണക്കിലെടുത്തുള്ള നടപടികളുണ്ടാകണം.
കൂടുതൽ വിനോദസഞ്ചാരികളെ പ്രതീക്ഷിക്കുന്ന ഈ സീസണിലെ ഗതാഗത പ്രശ്നങ്ങൾ ജില്ലയിലെ ടൂറിസം, വ്യാപാര മേഖലയെ വലിയ പ്രതിസന്ധിയിലേക്കാണ് എത്തിച്ചിട്ടുള്ളത്. ഒരു ജനത പെരുവഴിയിൽ ഇത്രയധികം കഷ്ടപ്പെടുന്നത് സർക്കാർ ഇനിയും കണ്ടില്ലെന്നു നടിച്ചുകൂടാ. ചുരം പാതയിലെ പ്രശ്നങ്ങൾക്കു ശാശ്വതപരിഹാരം കാണാനും ചിപ്പിലിത്തോട്–മരുതിലാവ്–തളിപ്പുഴ ബൈപാസ് അടക്കം ബദൽ പാതകൾ യാഥാർഥ്യമാക്കാനും ഒട്ടും വൈകരുത്. English Summary:
Wayanad\“s Lifeline in Crisis: Urgent Solutions Needed for Thamarassery Pass |