രാജ്യത്തിനു ദർശനപരവും ചിന്താപരവുമായ ദിശാബോധം നൽകിയവർ ഉൾപ്പെടെ വഹിച്ച ഉപരാഷ്ട്രപതി പദവിയിലേക്കാണ് സി.പി.രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സമീപകാല സംഭവവികാസങ്ങളുമായി ചേർത്തുവയ്ക്കുമ്പോൾ രാജ്യസഭയുടെ അധ്യക്ഷനെന്ന ചുമതലയും ഉൾപ്പെടുന്ന പദവിക്ക് അതിന്റേതായ വെല്ലുവിളികളുണ്ട്. ചൂടുള്ള രാഷ്ട്രീയ പോരാട്ടംതന്നെയാണ് ഈ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്.
ഇരുസഭകളിലെയും അംഗബലം കണക്കിലെടുക്കുമ്പോൾ എൻഡിഎ ജയം ഉറപ്പിച്ച മട്ടിലായിരുന്നുവെങ്കിലും അങ്ങനെയൊരു എളുപ്പവിജയം അനുവദിക്കാതെ പരമാവധി വോട്ടു നേടാനായിരുന്നു പ്രതിപക്ഷ ശ്രമം. എന്നാൽ, എതിർപാളയത്തിൽനിന്നുൾപ്പെടെ വോട്ടുനേടി, പ്രതീക്ഷിച്ചതിലേറെ ഭൂരിപക്ഷത്തോടെ സി.പി.രാധാകൃഷ്ണൻ വിജയപീഠത്തിലേറി. പ്രതിപക്ഷത്തുനിന്നു വോട്ടുകൾ ചോർത്താനായതാവട്ടെ, പ്രതിപക്ഷ ഐക്യം ശക്തമാകുന്നുവെന്ന് ആശങ്കപ്പെട്ടിരുന്ന ബിജെപിക്കു സന്തോഷം നൽകുന്നതുമായി.
- Also Read സൗമ്യത, കടുപ്പത്തിൽ; കേരളത്തിലെ നേതാക്കളുമായി അടുത്തബന്ധം
സ്വന്തം സഖ്യത്തിലെ വോട്ടുകൾ ഉറപ്പിച്ചുനിർത്തി, എതിർചേരിയിൽ വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഇരുപക്ഷവും തേടിയത്. അതിൽ വിജയിച്ചത് എൻഡിഎയാണു താനും. പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥിയായ സുപ്രീം കോടതി മുൻജഡ്ജി ബി.സുദർശൻ റെഡ്ഡിയെ 152 വോട്ടുകൾക്കാണ് സി.പി.രാധാകൃഷ്ണൻ പരാജയപ്പെടുത്തിയത്. വൈഎസ്ആർ കോൺഗ്രസിന്റേതുൾപ്പെടെ 439 വോട്ട് മാത്രമാണ് എൻഡിഎ പ്രതീക്ഷിച്ചതെങ്കിൽ ലഭിച്ചത് 452! 324 വോട്ടുവരെ പ്രതീക്ഷിച്ച ഇന്ത്യാസഖ്യത്തിനു കിട്ടിയതാവട്ടെ 300 വോട്ടും. രഹസ്യബാലറ്റായതിനാൽ വോട്ടുകൾ ചോർന്ന വഴികൾ വ്യക്തമല്ല. ബിഹാർ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഈ വോട്ടുചോർച്ചയ്ക്കു കൂടുതൽ ഗൗരവമുണ്ടാകുകയും ചെയ്യുന്നു.
വേറിട്ട വോട്ടിങ് രീതിമൂലം വോട്ടുകൾ അസാധുവാകുന്നത് ഒഴിവാക്കാനും ഒരു വോട്ടുപോലും പാഴാകാതിരിക്കാനും എൻഡിഎയും ഇന്ത്യാസഖ്യവും മോക് പോൾ നടത്തിയിരുന്നുവെങ്കിലും 15 വോട്ടുകൾ ഇത്തവണ അസാധുവായി. ഈ തിരഞ്ഞെടുപ്പിലെങ്കിലും അസാധുവിനെ പുറത്താക്കാൻ കഴിയുമോയെന്നായിരുന്നു പാർട്ടികളുടെ നോട്ടം. എം.വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായ 2017ലെ തിരഞ്ഞെടുപ്പിൽ 11 വോട്ട് അസാധുവായപ്പോൾ ജഗ്ദീപ് ധൻകർ (2022) തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അസാധുവായത് 15 വോട്ട്. അതായത്, തുടർച്ചയായ രണ്ടാം തവണയും അസാധു ഒരേ വോട്ട് നേടിയിരിക്കുന്നു! Mohan Bhagwat, RSS, Narendra Modi, 75th Birthday, Rashtriya Swayamsevak Sangh, Hindu Nationalism, Indian Politics, Malayala Manorama Online News, Social Transformation, Vasudhaiva Kutumbakam, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ
- Also Read കണക്കുകൂട്ടലുകൾ തെറ്റി, ഇന്ത്യാ സഖ്യത്തിന് അപ്രതീക്ഷിത തിരിച്ചടി; 15 വോട്ടുകൾ ചോർന്നു
തമിഴ്നാട്ടിൽനിന്നുള്ള മൂന്നാമത്തെ ഉപരാഷ്ട്രപതിയാണ് സി.പി.രാധാകൃഷ്ണൻ. ആദ്യ ഉപരാഷ്ട്രപതി ഡോ.എസ്.രാധാകൃഷ്ണനും പിന്നീട് ആർ.വെങ്കട്ടരാമനും തമിഴ്നാട്ടിൽനിന്നായിരുന്നു. നരേന്ദ്ര മോദി ഭരണകാലത്തു ഭരണപക്ഷത്തുനിന്നുണ്ടായ ആദ്യ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു ആന്ധ്രയിൽനിന്നായിരുന്നു. ബിജെപി ഭരണകാലത്ത് ദക്ഷിണേന്ത്യയിൽനിന്നു രണ്ടാമത്തെ ഉപരാഷ്ട്രപതിയാണ് ഇന്നലെ തിരഞ്ഞെടുക്കപ്പെട്ടത്.
നേതൃഗുണവും സംഘാടനപാടവവും ജീവിതശൈലിയാക്കിയ സി.പി.രാധാകൃഷ്ണൻ പുതിയപദവിക്കു വേറിട്ടൊരു മുഖമുദ്ര നൽകുമെന്നാണു പ്രതീക്ഷ. പല സംസ്ഥാനങ്ങളിലും ഗവർണറായിരുന്ന അദ്ദേഹം മഹാരാഷ്ട്ര ഗവർണർ പദവിയിൽനിന്നാണ് ഇപ്പോൾ ഉപരാഷ്ട്രപതിയാകുന്നത്. 2016ൽ കയർ ബോർഡ് ചെയർമാനായി കൊച്ചിയിലെത്തിയ രാധാകൃഷ്ണൻ ആ രംഗത്തും മികവു തെളിയിക്കുകയുണ്ടായി. നാലുവർഷം കയർബോർഡിനെ നയിച്ച അദ്ദേഹത്തിന്റെ കാലത്ത് കയർ കയറ്റുമതി വലിയ നേട്ടത്തിലെത്തി.
ഉപരാഷ്ട്രപതിപദവിയിൽ രണ്ടുവർഷം ബാക്കി നിൽക്കെ, ജഗദീപ് ധൻകർ രാജിവച്ചതിനെത്തുടർന്നാണ് ഒഴിവു വന്നത്. ആരോഗ്യപ്രശ്നങ്ങളാണു കാരണമായി പറഞ്ഞതെങ്കിലും ഭരണനേതൃത്വവുമായി ഉരസിയാണു ധൻകർ രാജിവച്ചതെന്ന് ആരോപിക്കപ്പെട്ടിരുന്നു. ആ സാഹചര്യത്തിൽ, സംഘ് പശ്ചാത്തലമുള്ള വ്യക്തിയെ ഉപരാഷ്ട്രപതിയാക്കുന്നതാവും ഇനി ഉചിതമെന്നു ബിജെപിയിലുണ്ടായ ചർച്ചയാണ് രാധാകൃഷ്ണനിലേക്ക് എത്തിയതെന്നു കരുതുന്നു. ബിജെപി തമിഴ്നാട് ഘടകം മുൻ പ്രസിഡന്റായ സി.പി.രാധാകൃഷ്ണൻ, ആർഎസ്എസ്, ജനസംഘം എന്നിവയിലൂടെയാണു പൊതുരംഗത്തെത്തിയത്. പതിനാറാം വയസ്സിൽ സംഘപരിവാർ ക്യാംപിലെത്തിയ അദ്ദേഹം തമിഴ്നാട്ടിൽ ആർഎസ്എസിന്റെയും ബിജെപിയുടെയും നേതൃനിരയിൽ സജീവസാന്നിധ്യമായിരുന്നു.
- Also Read ദ്രാവിഡ പാർട്ടികളോട് ഏറ്റുമുട്ടി ടെക്സ്റ്റൈൽസ് സിറ്റിയിൽ കാവിക്കൊടി പാറിച്ച സിപിആർ; പേരിനു കാരണം മുൻ രാഷ്ട്രപതി; പാർട്ടിക്കായി 19,000 കി.മീ. രഥയാത്ര!
അതേസമയം, പുതിയ ഉപരാഷ്ട്രപതിയുടെ രാഷ്ട്രീയം അദ്ദേഹത്തിന്റെ പദവിയെ സ്വാധീനിച്ചുകൂടെന്നാണു രാഷ്ട്രത്തിന്റെ ആഗ്രഹം. ഇന്ത്യയിൽ രാഷ്ട്രപതിമാരും ഉപരാഷ്ട്രപതിമാരും പൊതുവേ വിവാദം സൃഷ്ടിച്ചവരല്ല. എന്നാൽ, അപൂർവം ചില സന്ദർഭങ്ങളിൽ വിമർശനത്തിനു വിധേയരായവരുമുണ്ട്. ഭരിക്കുന്നവരുടെ റബർ സ്റ്റാംപായ രാഷ്ട്രപതിമാരെയും ഉപരാഷ്ട്രപതിമാരെയുമല്ല ഇന്ത്യ ആഗ്രഹിക്കുന്നത്; ഈ ഉന്നതസ്ഥാനത്തിന്റെ പവിത്രത നിലനിർത്തുകയും അന്തസ്സ് പാലിക്കുകയും ഭരണഘടനയുടെ അന്തഃസത്ത കാത്തുസൂക്ഷിക്കുകയും രാഷ്ട്രീയസദാചാരം ഉറപ്പുവരുത്തുകയും രാഷ്ട്രത്തിന്റെ മതനിരപേക്ഷസ്വഭാവം സംരക്ഷിക്കുകയും ചെയ്യുന്നവരെയാണ്.
ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി ഭരണഘടനാപരമായ ഔന്നത്യത്തിലേക്കെത്തുന്ന സി.പി.രാധാകൃഷ്ണനു രാഷ്ട്രം എന്നും കാത്തുസൂക്ഷിക്കുന്ന ഉന്നതമൂല്യങ്ങൾ മാർഗതാരങ്ങളാകട്ടെ. English Summary:
Editorial: CP Radhakrishnan\“s election as Vice President marks a significant moment in Indian politics. He brings organizational skills and is expected to bring a unique perspective to the office. The election saw the NDA securing more votes than anticipated, raising questions about opposition unity. |