ആർട്ടിസ്റ്റ് നമ്പൂതിരിയെ ഞാനാദ്യമായി അറിയുന്നത് എപ്പോഴാണെന്നു ചോദിച്ചാൽ ഉത്തരമില്ല. ഓർമവച്ച കാലം മുതൽ എന്നു വേണമെങ്കിൽ പറയാം. ആനുകാലികങ്ങൾ വായിക്കാറായപ്പോൾ മുതൽ ശ്രദ്ധിച്ചൊരു കയ്യൊപ്പാണ് അന്നോളം കണ്ടിട്ടില്ലാത്തവിധം ശൈലീകൃതമായ രേഖാചിത്രങ്ങളുടെ കീഴിൽകണ്ട നമ്പൂതിരി എന്നത്. കഥകളുടെയും നോവലുകളുടെയും വരകളിൽ പലതുകൊണ്ടും വേറിട്ടതായിരുന്നു ആ ശൈലി. വട്ടത്തിനുള്ളിലെ ‘എൻ’ എന്നാൽ നമ്പൂതിരിയെന്നു കലാകേരളം തിരിച്ചറിഞ്ഞ കാലം. മലയാളിസ്ത്രീകളെ ഇത്രയധികം സുന്ദരിമാരായി വരച്ച മറ്റൊരു രേഖാചിത്രകാരനുണ്ടോ എന്നറിയില്ല.
- Also Read ജീവിതമെഴുതിയ നേർത്തവരകൾ
കേരളത്തിന്റെ കലാ നവോത്ഥാനകാലത്ത്, സാഹിത്യത്തിലും സിനിമയിലും നാടകത്തിലുമൊക്കെ അരങ്ങേറിയ ആധുനികതാപ്രസ്ഥാനത്തിന്റെ ഭാഗമായിവേണം നമ്പൂതിരിയുടെ വരപ്രസാദത്തെയും കണക്കാക്കാൻ. ചുരുക്കം വരകളുടെ ലയവിന്യാസത്തിൽ വിരിഞ്ഞ കവിതകളായിരുന്നു ആ രേഖാചിത്രങ്ങളോരോന്നും. മലയാള മനോരമ 2003ൽ മോഹൻലാലിനെ നായകനാക്കി നടത്തിയ കഥയാട്ടം സ്റ്റേജ് ഷോയ്ക്കുവേണ്ടി നമ്പൂതിരി വരച്ച ഭീമസേനൻ
എം.ടി വാസുദേവൻ നായർ എഴുതിയ രണ്ടാമൂഴം കലാകൗമുദിയിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചുവരുമ്പോൾ ഒപ്പമുണ്ടായിരുന്നതു നമ്പൂതിരിയുടെ വരകളാണ്. പശ്ചാത്തലത്തിലെ നാലഞ്ചുപേരുടെ അവ്യക്തദൃശ്യത്തിലും ഒരു തേരിന്റെ ദൃശ്യത്തിലും അദ്ദേഹം മൊത്തം കുരുക്ഷേത്രത്തെ അവതരിപ്പിച്ചത് വരയിലെ ഇന്ദ്രജാലമായാണ് ഞാൻ കാണുന്നത്. കഥാകാരന്റെ വാക്കുകൾക്ക് വരകളിലൂടെ അടിവരയിടുകയായിരുന്നില്ല അദ്ദേഹം ചെയ്തത്. കഥകളുടെയും നോവലുകളുടെയും വായനയിലൂടെ ചിത്രകാരനെന്ന നിലയ്ക്കു സ്വന്തം വ്യാഖ്യാനമാണ് അദ്ദേഹം വരച്ചത്. അതുകൊണ്ടാണ് നമ്പൂതിരി വെറും ഇല്ലസ്‌ട്രേറ്റർ എന്നതിലുപരി ആർട്ടിസ്റ്റ് നമ്പൂതിരിയാകുന്നത്.
വ്യക്തിപരമായി ഞാനദ്ദേഹവുമായി അധികമടുക്കുന്നത് അന്തരിച്ച ഷാജി എൻ.കരുൺ സംവിധാനം ചെയ്ത വാനപ്രസ്ഥത്തിന്റെ ചിത്രീകരണകാലത്താണ്. വേഗംതന്നെ ഞങ്ങൾ വളരെയേറെ അടുത്തു. അതിരുകളില്ലാത്ത ആത്മബന്ധമായിരുന്നു അത്. അദ്ദേഹത്തിന്റെ മരണംവരെ അങ്ങനെതന്നെ തുടർന്നു.
പലകുറി ഞാൻ എഴുതിയിട്ടുള്ളതാണ് നമ്പൂതിരിസാർ എനിക്കുവേണ്ടി ‘സൗന്ദര്യലഹരി’ വരച്ചത്. എന്റെ വലിയ ആഗ്രഹമായിരുന്നു അത്. പറഞ്ഞപ്പോൾ ഒരു തടസ്സവും പറഞ്ഞില്ല. എണ്ണിയാലൊതുങ്ങാത്ത കഥാപാത്രങ്ങളുടെ കഥാപ്രപഞ്ചം. അതു മുഴുവൻ ചിത്രത്തിലൊതുക്കുക എളുപ്പമായിരുന്നില്ല. എന്നിട്ടും അതേറ്റെടുത്തു. അഞ്ചുവർഷംകൊണ്ടാണ് വരച്ചുതീർത്തത്. എന്റെ സ്വകാര്യകലാശേഖരത്തിലെ വിലമതിക്കാനാവാത്ത സ്വത്തായി ഞാനാ ചിത്രത്തെ കണക്കാക്കുന്നു. പലരും ആ ചിത്രംകണ്ട് ചോദിച്ചിട്ടുണ്ട്; ഇതാരാണ് വരച്ചതെന്ന്. ആരു കണ്ടാലും ചോദിച്ചുപോകുന്ന എന്തോ കാന്തികകാന്തി ആ ചിത്രത്തിനുണ്ട്. അതിനെയാവാം നാം ‘നമ്പൂതിരി ടച്ച്’ എന്നു വിളിക്കുന്നത്! വർഷങ്ങൾക്കു ശേഷം എന്റെ വീട്ടിൽവന്ന് അദ്ദേഹം ആ ചിത്രം കണ്ണെടുക്കാതെ നോക്കിനിന്നിട്ട് എന്നോടൊരു ചോദ്യം: ഇതു വരച്ചത് ഞാനായിരുന്നോ ലാലേ? കലാകാരന്റെ സെൽഫ് റിയലൈസേഷൻ എന്നൊക്കെ നാം കേട്ടിട്ടില്ലേ? അതുപോലൊരു അനർഘനിമിഷമായിരുന്നു എനിക്കത്.
നമ്മളൊക്കെ കലാവിഷ്‌കാരത്തിലേർപ്പെടുമ്പോൾ ദൈവികമായൊരു ആത്മീയശക്തി നമ്മെക്കൊണ്ട് അതു ചെയ്യിക്കുന്നതായി തോന്നാറുണ്ട്. ഇതു നമ്മൾതന്നെ ചെയ്തതാണോ എന്നു സ്വയം സംശയിച്ചുപോകുന്ന തരത്തിൽ നമ്മെക്കൊണ്ട് ആ ചൈതന്യം പലതും ചെയ്യിക്കും. കലാകാരൻ മാറിനിന്നുകൊണ്ട് സ്വയം തിരിച്ചറിയുന്ന നിമിഷമായിട്ടാണ് നമ്പൂതിരിസാറിന്റെ ആ ചോദ്യം എനിക്കനുഭവപ്പെട്ടത്.
എന്റെ കാലത്ത് ഒപ്പമുള്ള മഹാന്മാരായ പല കലാകാരന്മാർക്കുമൊപ്പം എനിക്കു പ്രവർത്തിക്കാനായി. കാവാലം സാർ, കലാമണ്ഡലം ഗോപിയാശാൻ, കീഴ്പടം, കലാമണ്ഡലം ശങ്കരൻകുട്ടി, നട്ടുവം പരമശിവം... അവർക്കൊപ്പമാണ് നമ്പൂതിരിയുമായുള്ള എന്റെ ബന്ധത്തെയും ഞാൻ പ്രതിഷ്ഠിച്ചിട്ടുള്ളത്. വരകളുടെ ഇതിഹാസവുമൊത്ത് ഒരു വര പങ്കിടാനായത് എനിക്കു കോൾമയിർ ഉണ്ടാക്കുന്ന അനുഭവമാണ്. വാനപ്രസ്ഥത്തിന്റെ കാലത്താണത്. നമ്പൂതിരി സാർ അന്ന് എസ്.ജയചന്ദ്രൻ നായരുടെ പത്രാധിപത്യത്തിലുള്ള സമകാലിക മലയാളം വാരികയുടെ ചിത്രകാരനാണ്. ഏതോ കൃതിക്കുവേണ്ടി സിനിമയുടെ സെറ്റിലിരുന്നാണ് അദ്ദേഹം രേഖാചിത്രം വരച്ചത്. അതുകണ്ട് അതേപോലെ ഞാനും വരച്ചു. ഒരു രസം. അതിനെക്കാൾ, വലിയ ഒരാഗ്രഹം. പക്ഷേ, ജയചന്ദ്രൻ നായർ സാർ രണ്ടു ചിത്രങ്ങളും ഒന്നിച്ചുതന്നെ പ്രസിദ്ധീകരിച്ചു. നമ്പൂതിരി വരച്ചത്, മോഹൻലാൽ വരച്ചത് എന്ന അടിക്കുറിപ്പോടെ. ഇതിനൊക്കെയല്ലേ സുകൃതം എന്നു പറയുക?
ജീവിതസായാഹ്നത്തിൽ ഞാനദ്ദേഹത്തോട് ഒരു ചിത്രം ആവശ്യപ്പെട്ടു. ശാരീരികവൈഷമ്യങ്ങൾക്കിടയിലും എനിക്കുവേണ്ടി, ദിവസങ്ങളോളം ചെലവിട്ട് അദ്ദേഹം ഒരു ചിത്രം വരച്ച് സമ്മാനിച്ചു; ഗന്ധർവന്റെ ചിത്രം. എന്നെ സംബന്ധിച്ച്, അദ്ദേഹത്തെപ്പോലൊരു തികഞ്ഞ കലാകാരനുമായി അധികമാർക്കും സാധ്യമാകാത്തവിധം അടുത്തബന്ധം സ്ഥാപിക്കാനായി എന്നതും അദ്ദേഹത്തിന്റെ എണ്ണം പറഞ്ഞ ചില ചിത്രങ്ങളുടെയെങ്കിലും താൽക്കാലിക കാവലാളാകാൻ കഴിയുന്നു എന്നതും പൂർവജന്മസുകൃതമായിട്ടാണ് കണക്കാക്കുന്നത്.
അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഒരു പുരസ്‌കാരം ഏർപ്പെടുത്തുകയാണിപ്പോൾ. അതിന്റെ പ്രവർത്തനങ്ങൾക്കൊപ്പം അനൗപചാരികമായി ഞാനുമുണ്ട്, എന്നുമുണ്ടാവും. യുഗപ്രഭാവൻ, യുഗപുരുഷൻ എന്നൊക്കെ നാം വർണനകൾ നൽകാറില്ലേ ചിലർക്ക്. അവ ഏറ്റവുമധികം ഇണങ്ങുന്ന ഒരാളായിരുന്നു നമ്പൂതിരി. അദ്ദേഹത്തിന്റെ ഓർമകൾ വരകളായിത്തന്നെ എക്കാലത്തും നിലനിൽക്കും, അദ്ദേഹം ചെയ്ത അപൂർവശിൽപങ്ങളിലൂടെയും. English Summary:
Artist Namboothiri: Artist Namboothiri\“s birth centenary is today. Mohanlal reflects on his memories of the artist and his remarkable contributions to the world of art. Namboothiri\“s art was unique, and his legacy continues to inspire many. |