LHC0088 • 2025-10-28 08:59:57 • views 1255
തിരുവനന്തപുരം ∙ ശബരിമലയിലെ ദ്വാരപാലക ശിൽപത്തിന്റെ സ്വർണപ്പാളികളുടെ തൂക്കം കുറഞ്ഞതിലും പീഠം കാണാതായതിലും സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് വീണ്ടും ചോദ്യംചെയ്യും. പീഠം അറ്റകുറ്റപ്പണിക്കു കൊണ്ടുപോയ ശേഷം ദീർഘകാലം ഒളിപ്പിച്ചു വച്ചതിലും വ്യക്തത വരുത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ ചില സംശയങ്ങൾ ഉയരുന്നതിനാലാണ് അന്വേഷണം ഊർജിതമാക്കുന്നത്.
- Also Read ‘ശബരിമലയിൽ കേട്ടുകേൾവിയില്ലാത്ത മോഷണം, നഷ്ടപ്പെട്ട സ്വർണം എത്ര കിലോ?; ഈ ചോദ്യങ്ങൾക്കു ഉത്തരം വേണം’
അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ പാളികളുടെ തൂക്കം നാലര കിലോയോളം കുറഞ്ഞതിൽ ദുരൂഹത കാണുന്നു. പീഠം കാണാതായതിൽ അന്തിമ റിപ്പോർട്ട് കോടതിക്കു സമർപ്പിച്ച ശേഷം ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കേസിൽ പ്രതിയാക്കാനാണു സാധ്യത. കാണാതായി എന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി അവകാശപ്പെട്ട പീഠം കഴിഞ്ഞ 13ന് അദ്ദേഹത്തിനു കൈമാറിയതായി സഹായി വാസുദേവൻ വിജിലൻസിനു മൊഴിനൽകിയിട്ടുണ്ട്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വെഞ്ഞാറമൂട്ടിലെ സഹോദരിയുടെ വീട്ടിൽനിന്നാണ് ഇത് കണ്ടെത്തിയത്.
ഇവരെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്താനും വിജിലൻസ് ആലോചിക്കുന്നുണ്ട്. ഉണ്ണിക്കൃഷ്ണനും വാസുദേവനുമെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു.
അതിനിടെ സന്നിധാനത്തെ ശ്രീകോവിൽ വാതിൽ ഇളക്കി അറ്റകുറ്റപ്പണി നടത്താൻ ദേവസ്വം ബോർഡിന് ഹൈക്കോടതി അനുമതി നൽകി. തിരുവാഭരണം കമ്മിഷണർ, ദേവസ്വം വിജിലൻസ്, സെക്യൂരിറ്റി ഗാർഡ് എന്നിവരുടെ സാന്നിധ്യത്തിൽ സന്നിധാനത്തു തന്നെ അറ്റകുറ്റപ്പണി നടത്താനാണ് അനുമതി.
ഉദ്യോഗസ്ഥർക്ക് എതിരെ നടപടി
ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കയ്യിൽ അറ്റകുറ്റപ്പണിക്കായി സ്വർണപ്പാളികൾ കൊടുത്തു വിടുന്നതിൽ ദേവസ്വം ബോർഡ് അധികൃതർ എതിർപ്പു പ്രകടിപ്പിച്ചെങ്കിലും ചില ഉദ്യോഗസ്ഥർ വഴിവിട്ട് സഹായം നൽകിയെന്നാണു സൂചന. ഇതിലെ ചട്ടലംഘനവും ഉദ്യോഗസ്ഥ വീഴ്ചയും വിജിലൻസ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഉണ്ണിക്കൃഷ്ണനെ സഹായിച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണവും തുടർനടപടിയുമുണ്ടാകും. പീഠം സ്പോൺസർ ചെയ്തത് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പണം കൊണ്ടല്ലെന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരിൽനിന്നു സമാഹരിച്ച തുക കൊണ്ടാണെന്നും ഭക്തർ ബോർഡിന് വിവരം കൈമാറിയിട്ടുണ്ട്. English Summary:
Sabarimala Dwarapalaka Gold Plates: Unnikrishnan Potti to Face Re-questioning by Devaswom Vigilance |
|