കോഴിക്കോട് ∙ കക്കോടിയിൽ മോഷണ ശ്രമത്തിനിടയിൽ കടന്നുകളഞ്ഞു പിന്നീട് പൊലീസ് പിടിയിലായ പ്രതിയുടെ വീട്ടിൽ നിന്നു 38 പവൻ സ്വർണാഭരണവും 3 ലക്ഷത്തിലേറെ രൂപയും മദ്യം ഉൾപ്പെടെ അരക്കോടി രൂപയുടെ വസ്തുക്കൾ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം കക്കോടി മോഷണത്തിനെത്തി സമീപവാസികൾ കണ്ടെതിൽ ഓടിപ്പോയി സമീപത്തെ വീട്ടിൽ നിന്നു സ്കൂട്ടർ മോഷ്ടിച്ചു കടന്നകളയുന്നതിനിടയിൽ പിടിയിലായ കക്കോടി ചെറുകുളം ശശീന്ദ്ര ബാങ്കിനു സമീപം ഒറ്റത്തെങ്ങിൽ താമസിക്കും വെസ്റ്റ്ഹിൽ തേവർകണ്ടി അഖിൽ (32)ന്റെ വാടക വീട്ടിൽ നിന്നും സ്കൂട്ടറിൽ നിന്നുമാണ് മെഡിക്കൽ കോളജ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ എ.ഉമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആഭരണങ്ങളും മറ്റും കണ്ടെടുത്തത്.
കഴിഞ്ഞ ദിവസം പ്രതിയെ ചോദ്യം ചെയ്തതിൽ ചേവായൂർ, എലത്തൂർ, കാക്കൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ 15 സ്ഥലങ്ങളിൽ മോഷണം നടത്തിയതായി മൊഴി നൽകിയിരുന്നു. പറമ്പിൽബസാർ പോലൂരിലെ മധുസൂദനന്റെ വീട്ടിൽ നിന്ന് 25 പവൻ സ്വർണവും 50,000 രൂപ കവർന്നതായും മൊഴി നൽകിയിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് മോഷണ വസ്തുക്കൾ കണ്ടെടുത്തത്. 36 പവൻ സ്വർണവും പണവും വാടക വീട്ടിലെ അലമാരയിൽ സൂക്ഷിച്ച നിലയിലായിരുന്നു. കൂടാതെ 10 കുപ്പി വിലകൂടിയ മദ്യം, ലാപ്ടോപ്, ഇലക്ടോണിക്സ് ഉപകരണങ്ങൾ ഉൾപ്പെടെ അരക്കോടി രൂപയുടെ വസ്തുക്കളാണു പ്രതിയിൽ നിന്നു പൊലീസ് കണ്ടെടുത്തത്.
പ്രതി മോഷണത്തിനിറങ്ങിയ ശേഷം പൊലീസ് പിടിയിലാകാതെ തന്ത്രപൂർവം രക്ഷപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിൽ പ്രതിയെ കുറിച്ചുള്ള ക്രൈം രേഖകൾ പൊലീസിന് ലഭിച്ചിരുന്നില്ല. 15 മോഷണത്തിനും പൊലീസ് കേസെടുക്കുകയും വിരലടയാളം ശേഖരിച്ചിരുന്നു. എന്നാൽ പിടിയിലാകാതിരുന്നതിനാൽ കേസിൽ പ്രതിയെ പിന്തുടരാൻ പൊലീസിനു കഴിഞ്ഞില്ല. മോഷ്ടിച്ച വസ്തുക്കൾ മുഴുവൻ പ്രതി വിൽപന നടത്താതെ വീട്ടിൽ സൂക്ഷിക്കുകയാണ് ചെയ്തത്. മോഷ്ടാക്കളിൽ നിന്നു ‘വ്യത്യസ്തനായി’ പ്രവർത്തിച്ച പ്രതിയെ കുറിച്ചു പൊലീസ് അന്വേഷിച്ചതിൽ ഭാര്യയുമായി കോടതിയിൽ നടക്കുന്ന കേസിൽ നഷ്ടപരിഹാരം നൽകുന്നതിനായാണ് ഇയാൾ മോഷണം തുടർന്നതെന്നാണു സൂചന ലഭിച്ചത്.
പറമ്പിൽബസാർ പോലൂരിലെ മധുസൂദനന്റെ വീട്ടിൽ നിന്ന് 25 പവൻ സ്വർണവും 50,000 രൂപയും മോഷ്ടിച്ച പ്രതിയെ കണ്ടെത്താൻ പൊലീസ് സിസിടിവി ദൃശ്യം പരിശോധിച്ചു. തുടർന്ന് കക്കോടി മോഷണത്തിനിടെ ഉപേക്ഷിച്ച വ്യാജനമ്പർ പതിപ്പിച്ച സ്കൂട്ടർ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ കുറിച്ചു സൂചന ലഭിച്ചത്. തുടർന്നു പൊലീസ് വീട്ടിൽ എത്തിയെങ്കിലും കുറച്ച് ദിവസങ്ങളായി ഇയാളെ കാണാനില്ലെന്നാണു ബന്ധുക്കൾ അറിയിച്ചത്. തുടർന്നു വാഹന പരിശോധനയ്ക്കിടെയാണ് പ്രതിയെ പാറപ്പുറത്തു നിന്നു പിടികൂടിയത്. English Summary:
Kakkodi theft case reveals significant recovery of stolen goods. The accused, Akhil, was arrested, leading to the discovery of 38 sovereigns of gold and a large sum of money. Police are continuing the investigation into the series of thefts committed by the accused. |
|