ചങ്ങനാശേരി ∙ എൻഎസ്എസ് രാഷ്ട്രീയമായി സമദൂരത്തിൽ തന്നെയാണെന്നും എന്നാൽ ശബരിമലയുടെ കാര്യത്തിൽ ഒരു ശരിദൂരം കണ്ടെത്തിയെന്നും അതിൽനിന്നു മാറില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. എൻഎസ്എസ് ചങ്ങനാശേരി താലൂക്ക് യൂണിയന്റെ 112-ാം വിജയദശമി നായർ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമദൂരത്തിൽ കഴിയുന്ന സമുദായത്തെ കമ്യൂണിസ്റ്റോ കോൺഗ്രസോ ബിജെപിയോ ആക്കാൻ ശ്രമിക്കരുത്. ശബരിമലയുടെ കാര്യത്തിലാണു നിലപാട്.
- Also Read കാനത്തെ ‘നയ’ത്തിൽ തിരുത്തി ബിനോയ്; സംസ്ഥാന സെക്രട്ടേറിയറ്റ് തിരികെ വരുന്നതിൽ ബിനോയ് ടച്ച്
രാഷ്ട്രീയകാര്യത്തിൽ ഇടപെടുന്നില്ല. ആനുകൂല്യം ചോദിച്ചു കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ പിന്നാലെ പോയിട്ടില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.വിശ്വാസം, ആചാരം, അനുഷ്ഠാനം എന്നിവ പാലിക്കുകയാണ് എൻഎസ്എസ് നിലപാട്. ശബരിമല ആചാരത്തിൽ അന്നത്തെ സർക്കാർ വീഴ്ച വരുത്തിയപ്പോഴാണ് എൻഎസ്എസ് രംഗത്തിറങ്ങിയത്. ആളുകൂടുന്നതു കണ്ടു രാഷ്ട്രീയ പാർട്ടികൾ എത്തിയെങ്കിലും അവർ ഒന്നും ചെയ്തില്ല. കേന്ദ്രസർക്കാരിനു നിയമനിർമാണം നടത്താമായിരുന്നെങ്കിലും ചെയ്തില്ല. കോടതിയിൽ കേസ് നടത്തിയത് എൻഎസ്എസാണ്.
വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും നിലനിൽക്കണമെന്നും രാഷ്ട്രീയത്തിന് അതീതമായിരിക്കണമെന്നുമുള്ള എൻഎസ്എസിന്റെ ആവശ്യം അംഗീകരിച്ചതിനാലാണ് അയ്യപ്പസംഗമത്തിൽ പങ്കെടുത്തത്. മന്ത്രി വി.എൻ.വാസവൻ നേരിട്ടെത്തി ഉറപ്പുനൽകി. എൻഎസ്എസ് നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ കരുതിക്കൂട്ടി സൃഷ്ടിക്കുന്നതാണ്. മാന്യമായി പ്രവർത്തിക്കുന്ന പ്രസ്ഥാനത്തെ ലാഭേച്ഛ കണ്ട് നശിപ്പിക്കാൻ ശ്രമിച്ചാൽ നേരിടുമെന്നും സുകുമാരൻ നായർ പറഞ്ഞു.
- Also Read ശബരിമല സ്വർണം പൂശൽ വിവാദം: ഉണ്ണിക്കൃഷ്ണൻ പോറ്റിയെ വിജിലൻസ് ചോദ്യം ചെയ്യും
എൻഎസ്എസ് പ്രസിഡന്റ് ഡോ. എം.ശശികുമാർ അധ്യക്ഷത വഹിച്ചു. ട്രഷറർ എൻ.വി.അയ്യപ്പൻ പിള്ള, വൈസ് പ്രസിഡന്റ് എം.സംഗീത് കുമാർ, കരയോഗം റജിസ്ട്രാർ വി.വി.ശശിധരൻ നായർ, സെക്രട്ടറിയും ചങ്ങനാശേരി യൂണിയൻ പ്രസിഡന്റുമാരായ ഹരികുമാർ കോയിക്കൽ, യൂണിയൻ വൈസ് പ്രസിഡന്റ് എസ്.സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ചങ്ങനാശേരി താലൂക്ക് യൂണിയന്റെ ഉപഹാരമായി അയ്യപ്പവിഗ്രഹം ജി.സുകുമാരൻ നായർക്ക് എൻഎസ്എസ് സെക്രട്ടറിയും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ ഹരികുമാർ കോയിക്കലും വൈസ് പ്രസിഡന്റ് എസ്.സുരേഷ് കുമാറും ചേർന്നു സമ്മാനിച്ചു. English Summary:
G. Sukumaran Nair: G. Sukumaran Nair emphasizes NSS\“s political neutrality and its firm stance on the Sabarimala issue. He highlighted that NSS prioritizes faith, tradition, and rituals, and will defend them against any encroachment. NSS did not go behind state and central governments asking for favors. |
|