cy520520 • 2025-10-28 09:04:33 • views 542
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടക്കൈ– ചൂരൽമലയിലെ പുനരധിവാസത്തിനുള്ള കേന്ദ്ര സഹായത്തിൽ നിരാശയുടെയും ഉരുൾവീഴുകയാണ്. 2,221.02 കോടി രൂപ ചോദിച്ച കേരളത്തിനു കേന്ദ്രം അനുവദിച്ചത് 260.56 കോടി രൂപ മാത്രമാണെന്നത് അവഗണനയുടെ നേർചിത്രം വ്യക്തമാക്കുന്നുവെന്ന് ഈ നാട് സങ്കടത്തോടെ പറയുന്നു. ഉണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടവർക്ക് ഈ ആഘാതംകൂടി താങ്ങാനാവുന്നതല്ല.
സമാനതകളില്ലാത്ത ദുരന്തമാണ് കഴിഞ്ഞവർഷം ജൂലൈ 30നു മുണ്ടക്കൈ–ചൂരൽമല മേഖലയിലുണ്ടായത്. അതു കവർന്നത് 298 പേരുടെ ജീവനും അവിടെ ബാക്കിയായവരുടെ ജീവിതവുമാണ്. കൊടുംദുരന്തത്തിന്റെ കെടുതികളിൽനിന്ന് ഈ പ്രദേശത്തിനു കരകയറാൻ എത്ര സഹായം ലഭിച്ചാലും മതിയാവാത്ത സാഹചര്യമാണെങ്കിലും കേന്ദ്രത്തിന്റെ കൈത്താങ്ങിനു പ്രതീക്ഷിച്ച ബലമില്ലാതെപോയി. ഉരുൾപൊട്ടൽമേഖലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനം ഏറെ പ്രതീക്ഷയോടെയാണു ദുരന്തബാധിതരും കേരളവും കണ്ടത്. എന്നാൽ, മറ്റു സംസ്ഥാനങ്ങളെ കേന്ദ്രം കയ്യയച്ചു സഹായിച്ചപ്പോഴും അർഹമായ സഹായം കേരളത്തിനു ലഭിച്ചില്ല. ഡിസംബറിൽ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചെങ്കിലും ഏറെ വൈകിയതിനാൽ സംസ്ഥാനത്തിനു ഗുണമില്ലാതെയും പോയി.
ത്രിപുരയിൽ ഉണ്ടായ ദുരന്തത്തിലടക്കം കേന്ദ്രസംഘം പരിശോധിക്കുന്നതിനു മുൻപുതന്നെ പണം അനുവദിച്ചുവെന്നും കൃത്യമായ മാനദണ്ഡമില്ലാതെയാണ് കേന്ദ്രം ധനസഹായം നൽകുന്നതെന്നും സംസ്ഥാന സർക്കാർ ആരോപിക്കുന്നു. 2022ലെ പ്രളയവുമായി ബന്ധപ്പെട്ട് 5,094 കോടി രൂപ ആവശ്യപ്പെട്ട അസമിന് 1,270 കോടി അനുവദിച്ച സ്ഥാനത്താണ് ഇപ്പോൾ കേരളത്തിനുള്ള 260.56 കോടി രൂപ.
കേന്ദ്രസഹായം വൈകുന്നതു ദുരിതബാധിതർക്കുള്ള ധനസഹായവിതരണമടക്കം പ്രതിസന്ധിയിലാക്കുമെന്നത് ആശങ്ക വർധിപ്പിക്കുന്നു. ജീവനോപാധി നഷ്ടമായ കുടുംബങ്ങൾക്കുള്ള പ്രതിദിനസഹായം തുടരണമെങ്കിൽ കേന്ദ്രസഹായം കൂടിയേ തീരൂ. ടൗൺഷിപ് സമയബന്ധിതമായി പൂർത്തിയാക്കൽ, കടം എഴുതിത്തള്ളൽ, തുടർചികിത്സാസഹായം, കുട്ടികൾക്കുള്ള വിദ്യാഭ്യാസസഹായം തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ കേന്ദ്രത്തിന്റെ കൈത്താങ്ങ് ആവശ്യമായിരിക്കെ, ഇപ്പോഴത്തെ അവഗണനയുടെ ആഘാതശേഷി കൂടുതലാണ്.
ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിൽനിന്നു വ്യക്തമായ മറുപടി ഇനിയും ഉണ്ടായില്ല എന്നതും നിർഭാഗ്യകരമാണ്. ഭരണഘടന ഉറപ്പുനൽകുന്ന ഫെഡറൽ തത്വത്തിന്റെ താൽപര്യംകൂടി ഉൾപ്പെടുന്ന വിഷയമാണിതെന്നു കോടതി വാക്കാൽ അഭിപ്രായപ്പെട്ടിട്ടും അനിശ്ചിതത്വം തുടരുകയാണു കേന്ദ്രം. 35.30 കോടി രൂപയാണു 12 ദേശസാൽകൃത ബാങ്കുകളിൽ നിന്നായി ചൂരൽമല -മുണ്ടക്കൈ ദുരന്തബാധിതർ വായ്പയെടുത്തിട്ടുള്ളത്. കേന്ദ്രസർക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചു ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്ന കാര്യത്തിൽ തീരുമാനമെടുക്കണമെന്നു നേരത്തേ ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നു. വയനാട് ദുരന്തബാധിതരുടെ വായ്പകൾ കേരള ബാങ്ക് എഴുതിത്തള്ളിയതും ഹൈക്കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി.
പുനരധിവാസം എത്രയും വേഗം സാധ്യമാക്കുകയെന്നതാണു മുണ്ടക്കൈ– ചൂരൽമല ദുരന്തബാധിതരുടെ ഏറ്റവും പ്രധാന ആവശ്യം. സമയബന്ധിതമായി ടൗൺഷിപ് പദ്ധതി പൂർത്തീകരിക്കുന്നതോടൊപ്പംതന്നെ ദുരന്തഭൂമിയുടെ പുനർനിർമാണവും വേഗത്തിലാക്കണം. അടിസ്ഥാനസൗകര്യങ്ങളെല്ലാം പുനഃസ്ഥാപിക്കാനും വൈകരുത്. ഇനിയുള്ള ഓ രോ ഘട്ടവും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിനു കഴിയണം.
അതേസമയം, ഇതുപോലുള്ള വൻദുരന്തത്തിൽനിന്നുള്ള പുനരുജ്ജീവനം സംസ്ഥാന സർക്കാരിനു തനിച്ചു നടപ്പാക്കാൻ കഴിയുന്നതല്ല. അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാരിന്റെ നിർലോഭമായ സാമ്പത്തികസഹായം അനിവാര്യമാണ്. മറ്റു സംസ്ഥാനങ്ങൾക്ക് അടിയന്തരസഹായം അനുവദിച്ച മാതൃകയിൽത്തന്നെ ഫണ്ട് അനുവദിക്കുകയെന്നതു കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തം തന്നെ. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ പാരസ്പര്യത്തിൽനിന്നേ ഈ മേഖലയ്ക്കു വീണ്ടും ജീവവായു നൽകാൻ കഴിയൂ. അതുകൊണ്ടുതന്നെ അർഹമായ സഹായം അനുവദിക്കാൻ കേന്ദ്ര സർക്കാർ ഇനിയും മടിച്ചുകൂടാ. English Summary:
Central Aid Disappointment: Kerala Questions Fund Allocation for Mundakkai-Chooralmala Landslide Victims |
|