LHC0088 • 2025-10-28 09:04:36 • views 1246
പുനലൂർ ∙ നഗരസഭ അധികൃതരുടെ ആവശ്യത്തെ തുടർന്ന് മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി പുനലൂർ ഡിപ്പോയിലെ ബസിനുള്ളിലെ ലഘു ഭക്ഷണശാല വെള്ളിയാഴ്ച പൊളിച്ചു നീക്കി. എന്നാൽ ലഘുഭക്ഷണശാല അന്യായമായി പൊളിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് സംഘം അധികൃതർ പറഞ്ഞു. പുതിയ സർവീസുകളുടെ ഉദ്ഘാടനത്തിനായി കഴിഞ്ഞ മാസം 28ന് മന്ത്രി കെ.ബി.ഗണേഷ്കുമാർ സ്റ്റാൻഡ് സന്ദർശിച്ചിരുന്നു. ലഘുഭക്ഷണ ശാലയ്ക്ക് ബദൽ സംവിധാനം ഒരുക്കുന്നതിന് ധാരണയാക്കാതെ പൊളിച്ചതിനാലാണ് സംഘം നിയമ നടപടിക്ക് ഒരുങ്ങുന്നത്.
മൂന്നു വർഷമായി കെഎസ്ആർടിസി എംപ്ലോയീസ് സഹകരണ സംഘം നടത്തിയിരുന്ന ലഘുഭക്ഷണശാല കഴിഞ്ഞ ജൂലൈ ഒന്നിനാണ് ലൈസൻസില്ലെന്ന കാരണം പറഞ്ഞു നഗരസഭ അധികൃതർ പൂട്ടിയത്. ബസ് ഡിപ്പോയുടെ മുന്നിൽ മൂന്ന് മാസം മുമ്പ് ഉണ്ടായ അപകടങ്ങളെ തുടർന്നുണ്ടായ പ്രതിഷേധത്തെ തുടർന്നായിരുന്നു നടപടി. എന്നാൽ താമസിയാതെ ലൈസൻസ് അനുവദിച്ച് കന്റീൻ തുറക്കാൻ അനുമതി നൽകാമെന്നും നഗരസഭ അധികൃതർ സംഘം ഭാരവാഹികൾക്ക് ഉറപ്പ് നൽകിയിരുന്നു. ലൈസൻസിനായി സംഘം അധികൃതർ ആവശ്യമായ രേഖകകൾ ഹാജരാക്കിയിട്ടും ഫലമുണ്ടായില്ല.
കോർപറേഷന് വാടക ഇനത്തിൽ വൻ തുക നഷ്ടപ്പെടുന്നതിനൊപ്പം കന്റീനിൽ ജോലി ചെയ്തിരുന്ന 14 തൊഴിലാളികളുടെയും തൊഴിൽ നഷ്ടത്തിനും ഇത് ഇടയാക്കി. എന്നാൽ ഭക്ഷണശാല ഇവിടെ മാറ്റി ഡിപ്പോയുടെ ഒഴിഞ്ഞ ഭാഗത്ത് എവിടെയെങ്കിലും സ്ഥാപിക്കാൻ നഗരസഭ അധികൃതർ ആവശ്യപ്പെട്ടെങ്കിലും ഇത് പ്രായോഗിമല്ലെന്നും നഷ്ടത്തിന് ഇടയാക്കുമെന്ന് പറഞ്ഞ് സംഘം അധികൃതർ തയാറായില്ല. സംസ്ഥാനത്തെ പല ഡിപ്പോകളിലും ഇത്തരം ഭക്ഷണശാല ബസിനുള്ളിൽ പ്രവർത്തിക്കുന്നുണ്ടെന്നും മറ്റെവിടെയും ഇല്ലാത്ത തടസ്സങ്ങളാണ് പുനലൂരിൽ നഗരസഭ അധികൃതർക്കുള്ളതെന്ന് ആക്ഷേപമുണ്ട്.
ഇതിനിടെ എന്നാൽ ലഘുഭക്ഷണ ശാല അന്യായമായി പൊളിച്ചുമാറ്റിയതിനെതിരെ കോടതിയെ സമീപിക്കുമെന്ന് സംഘം അറിയിച്ചു. കോർപ്പറേഷന്റെ വരുമാനം വർധിപ്പിക്കാൻ ഉദ്ദേശിച്ച് കണ്ടം ചെയ്ത ബസിൽ മൂന്നുവർഷം മുൻപാണ് ഡിപ്പോയോട് ചേർന്ന് ഒരു വശത്ത് സംഘത്തിന്റെ നേതൃത്വത്തിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ലഘു ഭക്ഷണശാല ആരംഭിച്ചത്. ഇതിന്റെ വാടകയായി പ്രതിമാസം 48,000 രൂപ കോർപ്പറേഷനു വാടകയായി ലഭിച്ചിരുന്നത്. English Summary:
Punalur KSRTC canteen demolition leads to legal action. The KSRTC employees cooperative society is planning to sue after the canteen was demolished against their wishes. This action follows disputes over licenses and relocation, affecting the corporation\“s income and workers\“ employment. |
|