LHC0088 • 2025-10-28 09:04:50 • views 1028
തിരുവനന്തപുരം∙ ഡല്‍ഹിയില്‍ വച്ച് ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് വാങ്ങിയതിനേക്കാള്‍ വൈകാരികഭാരത്തോടെയാണു തിരുവനന്തപുരത്തു നില്‍ക്കുന്നതെന്നും, ഇതു ഞാന്‍ ജനിച്ചു വളര്‍ന്ന, കൗമാരം ചെലവഴിച്ച മണ്ണാണെന്നും മോഹന്‍ലാല്‍ പറഞ്ഞതോടെ തലസ്ഥാനം ഇളകിമറിഞ്ഞു. ‘നെഞ്ചിനകത്ത് ലാലേട്ടന്‍’ വിളിയോടെ ആയിരങ്ങള്‍ സ്‌നേഹം ചൊരിഞ്ഞു. ജൂബ്ബയും പാന്റ്‌സും ധരിച്ച് കൈയില്‍ സ്വര്‍ണ ബ്രേസ്ലറ്റും അണിഞ്ഞ് സിനിമാ സ്‌റ്റൈലില്‍ മോഹൻലാൽ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ വേദിയിലേക്ക് എത്തിയപ്പോള്‍ തന്നെ ആസ്വാദകരുടെ മനം നിറഞ്ഞിരുന്നു.
- Also Read അഭിമാനം വാനോളം...മോഹൻലാലിന് സർക്കാരിന്റെ ആദരം, മലയാള സിനിമയ്ക്കുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി
\“അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ അറിയാതെ ഞാന്‍ പാര്‍ത്ത മണ്ണാണിത്. ഇവിടുത്തെ കാറ്റും മരങ്ങളും വഴികളും പഴയ പല കെട്ടിടങ്ങളും എന്റെ ഓര്‍മകളുടെയും ആത്മാവിന്റെയും ഭാഗമാണ്. എനിക്കു സ്വീകരണം നല്‍കുന്നത് ജനങ്ങളും അവര്‍ തിരഞ്ഞെടുത്ത സര്‍ക്കാരുമാണ്. അതുകൊണ്ടെല്ലാം ഞാന്‍ അനുഭവിക്കുന്ന വൈകാരികഭാരത്തെ മറച്ചുപിടിക്കാന്‍ കാലങ്ങളായി ഞാന്‍ ആര്‍ജിച്ച അഭിനയശേഷി പോരാതെവരുന്നു.\“ –നിറഞ്ഞ കൈയ്യടികളോടെയാണ് ലാലിന്റെ വാക്കുകള്‍ ആരാധകര്‍ കേട്ടിരുന്നത്. \“വാനോളം മലയാളം, ലാല്‍ സലാം\“ പരിപാടിയിൽ മോഹൻലാലിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ (ചിത്രം: മനോജ് ചേമഞ്ചേരി/മനോരമ)
പ്രിയസുഹൃത്തിന് ആദരമര്‍പ്പിക്കുന്ന ചടങ്ങിന് ജഗതി ശ്രീകുമാറും എത്തിയിരുന്നു. ആശംസ അര്‍പ്പിച്ച് നടി അംബിക പറഞ്ഞ വാക്കുകളും ആരാധകര്‍ക്ക് ആവേശമായി. രാജാവിന്റെ മകനിലെ വിന്‍സന്റ് ഗോമസിനൊപ്പം നാന്‍സിയായും ഇരുപതാം നൂറ്റാണ്ടിലെ സാഗര്‍ ഏലിയാസ് ജാക്കിക്കൊപ്പം അശ്വതി നായരായും അഭിനയിക്കാന്‍ കഴിഞ്ഞതു തന്റെ ജീവിതത്തിലെ വലിയ ഭാഗ്യമാണെന്നും മറ്റു ഭാഷകളിലെ മുതിര്‍ന്ന അഭിനേതാക്കള്‍ പോലും നിങ്ങളുടെ ലാലേട്ടന്‍ എന്നാണ് അഭിസംബോധന ചെയ്യുന്നതെന്നും അംബിക പറഞ്ഞു. കേരളത്തിലേക്ക് ആദ്യമായി ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് എത്തിച്ച പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മോഹന്‍ലാലിന് ആശംസ അറിയിച്ചതിനൊപ്പം 2004ല്‍ തനിക്ക് പുരസ്‌കാരം ലഭിച്ചപ്പോള്‍ ഇത്തരത്തില്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന ദുഃഖവും പങ്കുവച്ചു. മോഹന്‍ലാലിനെ ആദരിക്കാന്‍ മനസു കാണിച്ച സര്‍ക്കാരിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
- Also Read കാത്തിരിക്കുന്നത് ഒറ്റയ്ക്കാവുന്ന വിധി! ഭൂട്ടാനിൽ എങ്ങനെ ഇത്രയും ആഡംബര കാറുകൾ? കിട്ടി ആയുസ്സിന്റെ ജപ്പാൻ താക്കോൽ
English Summary:
Mohanlal Emotional Speech: Mohanlal reception in Thiruvananthapuram stirred the capital city as the actor shared his deep emotional connection to his hometown, considering the felicitation a greater burden of affection than the Dadasaheb Phalke Award |
|