deltin33 • 2025-10-28 09:05:24 • views 1254
ടോക്കിയോ ∙ ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സനയ് തകയ്ചി (64) തിരഞ്ഞെടുക്കപ്പെട്ടു. നിലവിലുള്ള പ്രധാനമന്ത്രി ഷിഗേറു ഇഷിബ രാജിവച്ച ഒഴിവിലേക്കാണ് ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി സനയ് തകയ്ചിയെ തിരഞ്ഞെടുത്തത്. പാർട്ടിയിലെ തീവ്ര വലതുപക്ഷ വിഭാഗത്തിന്റെ പ്രതിനിധിയായ തകയ്ചി 15ന് ചുമതലയേൽക്കും. 1993 മുതൽ പാർലമെന്റംഗമായ തകയ്ചി പലതവണ മന്ത്രിയായിട്ടുണ്ട്.
- Also Read ആയുധം ഉപേക്ഷിക്കണമെന്ന വ്യവസ്ഥയോടു പ്രതികരിക്കാതെ ഹമാസ്; ആക്രമണം നിർത്തിവച്ച് ഇസ്രയേൽ
ബ്രിട്ടനിൽ പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചറെ ഹീറോ ആയി കാണുന്ന തകയ്ചി ‘ജപ്പാനിലെ താച്ചർ’ എന്നാണറിയപ്പെടുന്നത്. സാമ്പത്തിക മേഖലയിലെ മാന്ദ്യവും വിലക്കയറ്റവും മൂലം ഉണ്ടായ ജനരോഷത്തെ പുതിയ നേതാവിലൂടെ മറികടക്കാനാണ് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി ലക്ഷ്യമിടുന്നത്. യുഎസുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും വിദേശ നിക്ഷേപം ആകർഷിക്കാൻ ‘ജപ്പാൻ തിരിച്ചെത്തി’ എന്ന സന്ദേശം പ്രചരിപ്പിക്കുമെന്നും തകയ്ചി പറഞ്ഞു.
ഏതാനും വർഷങ്ങളായി അഴിമതി ആരോപണങ്ങളും ആഭ്യന്തര ഭിന്നതയും മൂലം വലയുന്ന പാർട്ടിയെ ഒറ്റക്കെട്ടായി നിലനിർത്തുകയാണ് മറ്റൊരു വെല്ലുവിളി. കഴിഞ്ഞ ഒക്ടോബറിലാണ് ഇഷിബ പ്രധാനമന്ത്രിയായത്. വിലക്കയറ്റം പിടിച്ചുനിർത്താനും പാർട്ടിയെ നവീകരിക്കാനും ലക്ഷ്യമിട്ടുള്ള നയപദ്ധതികളുമായി ഭരണം തുടങ്ങിയെങ്കിലും തൊട്ടു പിന്നാലെ നടന്ന അധോസഭ തിരഞ്ഞെടുപ്പിൽ പാർട്ടിക്കും സഖ്യകക്ഷികൾക്കും ഭൂരിപക്ഷം നഷ്ടമായി. ജൂലൈയിലെ പാർലമെന്റ് തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ ദയനീയ പരാജയത്തിനുശേഷമാണ് ഷിഗേറു ഇഷിബ രാജി പ്രഖ്യാപിച്ചത്. English Summary:
Japan\“s First Female Prime Minister: Sanae Takaichi becomes Japan\“s first female prime minister. She aims to strengthen US relations and attract foreign investment, facing challenges of economic stagnation and party unity. |
|