1998 ശബരിമല ക്ഷേത്ര ശ്രീകോവിലിന്റെ മേൽക്കൂര, പ്രധാന വാതിൽ, ഇരുവശത്തുമുള്ള ചിത്രത്തകിടുകൾ, ചുറ്റുമുള്ള തൂണുകൾ, 3 കലശങ്ങൾ, 4 വശങ്ങളിലുമുള്ള ആനയുടെ രൂപം കൊത്തിയ തകിടുകൾ, 2 ദ്വാരപാലകശിൽപങ്ങൾ, 3 കർണകൂടം, ഭണ്ഡാരം എന്നിവ സ്വർണം പൊതിയുന്നു.
- Also Read മല്യയുടെ വാഗ്ദാനം: ഹൈക്കോടതി രേഖകളിൽ സ്ഥിരീകരണം; സ്വർണം പൊതിഞ്ഞത് 1.75 കോടി ചെലവിൽ
സ്പോൺസർ: യുബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ
ഉപയോഗിച്ചത്: സ്വിറ്റ്സർലൻഡിൽനിന്ന് ഇറക്കുമതി ചെയ്ത 30.3 കിലോഗ്രാം സ്വർണം (24 കാരറ്റ്), 1900 കിലോ ചെമ്പ്
നിർമാണച്ചുമതല: ചെന്നൈയിലെ ജെഎൻആർ ജ്വല്ലറിയിലെ നാഗരാജന്റെ നേതൃത്വത്തിൽ മൂന്നര മാസം കൊണ്ടു പൂർത്തിയാക്കി. സ്വർണം സന്നിധാനത്ത് എത്തിച്ച് ഒട്ടകത്തോലിൽ വച്ച് അടിച്ചുപരത്തി മെർക്കുറി ഉപയോഗിച്ച് ഒട്ടിക്കുകയായിരുന്നു
2009 കന്നിമൂല ഗണപതി, മാളികപ്പുറം ക്ഷേത്രം, നാഗരാജാവ് എന്നീ ഉപദേവതാ ക്ഷേത്രങ്ങൾ കൂടി സ്വർണം പൊതിഞ്ഞു
സ്പോൺസർ: ചെന്നൈ കുമരൻ സിൽക്‌സ് ഉടമ കുമാർ
നിർമാണം: ചെന്നൈ അമ്പത്തൂരിലെ സ്മാർട്ട് ക്രിയേഷൻസ്
കമ്പനിയിൽ സ്വർണം ഇലക്‌ട്രോപ്ലേറ്റ് ചെയ്‌തു പാളികളാക്കി എത്തിച്ചായിരുന്നു നിർമാണം
2015 പതിനെട്ടാംപടി പഞ്ചലോഹം പൊതിയുന്നു.
സ്പോൺസർ: ബെംഗളൂരുവിലെ എസ്എം എന്റർപ്രൈസസ് ഉടമ വിനയകുമാർ
2017 കൊടിമരം സ്വർണം പൊതിയുന്നു.
9.161 കിലോ തങ്കം
ചെലവ്: 3.21 കോടി രൂപ
സ്പോൺസർ: ഹൈദരാബാദ് ഫീനിക്സ് ഇൻഫ്രാസ്ട്രക്ചർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
2019 മാർച്ച് 11 ശബരിമല ശ്രീകോവിലിൽ സ്വർണം പൂശിയ പുതിയ വാതിൽ സ്ഥാപിക്കുന്നു.
സ്പോൺസർമാർ: പള്ളിക്കത്തോട് സി.കെ.കൺസ്ട്രക്‌ഷൻസ് ഉടമ സി.കെ.വാസുദേവൻ, ബെംഗളൂരു സ്വദേശികളായ പി.ആർ.അജി കുമാർ, ഉണ്ണികൃഷ്ണൻ പോറ്റി, രമേശ് റാവു, ബെല്ലാരി സ്വദേശി ഗോവർധനൻ
നിർമാണം: ഗുരുവായൂർ സ്വദേശി നന്ദൻ തേക്കുതടിയിൽ രൂപകൽപന ചെയ്ത വാതിൽ ഹൈദരാബാദിലേക്കു കൊണ്ടുപോയി സ്വർണം പൂശുകയായിരുന്നു. വിജയ് മല്യ സ്വർണം പൊതിഞ്ഞ പഴയ വാതിൽ മാറ്റിയാണു പുതിയത് സ്ഥാപിച്ചത്. പഴയ വാതിൽ ദേവസ്വം ബോർഡ് സൂക്ഷിച്ചിട്ടുണ്ടെന്നാണു വിശദീകരണം.
ഉയരുന്ന ചോദ്യങ്ങൾ:
∙ വാതിലിനു തകരാറുണ്ടെന്ന് പരിശോധന നടത്തി കണ്ടെത്തിയതാര്? ഇതുസംബന്ധിച്ചു ദേവസ്വം രേഖകളിലുണ്ടോ?
∙ സ്വർണം പൊതിഞ്ഞ വാതിലിനെക്കാൾ സ്വർണം പൂശിയ വാതിലാണു നല്ലതെന്ന് ആരുടെ തീരുമാനം?
∙ സ്പോൺസറെ കണ്ടെത്തിയതെങ്ങനെ? സ്പോൺസറിലൊരാളായ ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ബോർഡിനോട് സന്നദ്ധത അറിയിക്കുകയായിരുന്നോ?
∙ സ്വർണം പൂശിയ വാതിൽ വിവിധ സ്ഥലങ്ങളിൽ പ്രദർശിപ്പിക്കാൻ സ്പോൺസർക്ക് ദേവസ്വം ബോർഡ് അനുമതി നൽകിയിരുന്നോ?
2019 ജൂലൈ : ദ്വാരപാലക ശിൽപങ്ങളിൽ സ്വർണം പൂശാൻ അനുമതി തേടി ഉണ്ണിക്കൃഷ്ണൻ പോറ്റി ദേവസ്വത്തിനു കത്തു നൽകുന്നു. ബോർഡ് അനുമതി നൽകിയതോടെ 42.8 കിലോ ഭാരം വരുന്ന സ്വർണം പൊതിഞ്ഞ പാളികൾ അഴിച്ചെടുത്ത് കൈമാറി. എന്നാൽ, കൈമാറിയത് ചെമ്പുപാളിയിൽ സ്വർണനിറം അടിച്ച ശിൽപങ്ങളെന്ന് ഉണ്ണികൃഷ്ണൻ പോറ്റി. 1998ൽ സ്വർണം പൊതിഞ്ഞ പാളി എങ്ങനെ സ്വർണം പൂശിയതായി എന്നതിന് വിശദീകരണമില്ല.
ഉയരുന്ന ചോദ്യങ്ങൾ:
? ശിൽപത്തിൽ പൊതിഞ്ഞ സ്വർണം സ്പോൺസർക്കു കൈമാറിയിരുന്നോ? ഇല്ലെങ്കിൽ ആ സ്വർണം എവിടെ?
∙ പുതിയ വാതിൽ സ്ഥാപിച്ച് വെറും 3 മാസത്തിനുള്ളിൽ ദ്വാരപാലകശിൽപത്തിനു തകരാർ കണ്ടെത്തിയത് ആര്?
∙ സ്വർണം പതിപ്പിച്ച ശിൽപത്തെക്കാൾ നല്ലത് സ്വർണം പൂശിയ ശിൽപമെന്ന തീരുമാനം ബോർഡിന്റേതോ?
∙ ശിൽപത്തിലെ സ്വർണം മിനുക്കാൻ ശബരിമലയിൽതന്നെ കഴിയില്ലേ?
∙ വീണ്ടും അതേ സ്പോൺസർക്കു സ്വർണംപൂശാൻ ചുമതല നൽകിയതും സ്പോൺസർ ശിൽപവുമായി നാടു ചുറ്റിയതും ബോർഡിന്റെ അനുമതിയോടെയോ?
2019 ഓഗസ്റ്റ് : അഴിച്ചെടുത്ത പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷനിലെത്തിച്ചപ്പോൾ ഭാരം 38.25 കിലോഗ്രാം മാത്രം. പാളികളിൽ സ്വർണം പൂശാൻ ഉപയോഗിച്ചത് 394 ഗ്രാം സ്വർണം. സെപ്റ്റംബർ 11ന് തിരുവോണ ദിനത്തിൽ പുതിയ കവചം ദ്വാരപാലകരെ അണിയിച്ചു. ബെംഗളൂരു വ്യവസായിയായ വിനീത് ജെയിനാണ് ഇതിനായി പണം മുടക്കിയത്. സ്വർണപ്പാളികൾ മാറ്റണമെന്ന് സ്വപ്നത്തിൽ അയ്യപ്പന്റെ നിർദേശം ലഭിച്ചെന്ന് ഒരു ദേവസ്വം ബോർഡ് അംഗം പറഞ്ഞതിനെത്തുടർന്നാണ് താൻ പണി ഏറ്റെടുത്തതെന്ന് വിനീത് ജെയിൻ അന്ന് പറഞ്ഞിരുന്നു. English Summary:
Sabarimala Gold Controversy: Sabarimala Gold Controversy focuses on the alleged discrepancies in the replacement of gold coverings and doors at the Sabarimala Temple. The article examines the sponsors, processes, and questions surrounding the changes made in 2019, particularly regarding the temple\“s gold embellishments and associated decisions. These concerns involve the validity and impact of these alterations on the sacred site. |