cy520520 • 2025-10-28 09:05:26 • views 1139
കൊച്ചി ∙ നാലു നിരകളായി 24 കാരറ്റ് സ്വർണഷീറ്റുകൊണ്ടു ശബരിമല ശ്രീകോവിലിന്റെ മേൽക്കൂര പൊതിയുമെന്നത് ഉൾപ്പെടെ വാഗ്ദാനങ്ങളാണു യുബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ നൽകിയിരുന്നതെന്നു ഹൈക്കോടതി രേഖകൾ സ്ഥിരീകരിക്കുന്നു. 1998 ൽ കോടതി പരിഗണിച്ച ഹർജിയിലെ വിധിന്യായത്തിലാണ് ഇക്കാര്യമുള്ളത്. ആകെ 31.2528 കിലോഗ്രാം സ്വർണവും 22 ഗേജിലുള്ള (gauge) 1904 കിലോഗ്രാം ചെമ്പുപാളികളുമാണു വേണ്ടതെന്നും ആകെ ചെലവ് 1,75,21,153 രൂപയാണെന്നും കോടതിരേഖകളിലുണ്ട്.
- Also Read സ്വർണം പൊതിഞ്ഞ വാതിലും ശിൽപവും മാറ്റി പകരം പൂശിയത് സ്ഥാപിച്ചത് 2019ൽ; രണ്ടിനും ഒരേ സ്പോൺസർ
തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ സത്യവാങ്മൂലവും അനുബന്ധ കരാർ സംബന്ധിച്ച രേഖകളുമാണു ഹൈക്കോടതി പരാമർശിക്കുന്നത്. ശബരിമല ക്ഷേത്രത്തിന്റെ മേൽക്കൂര സ്വർണം പൊതിയുന്നതിനെതിരെ വിലാസം വയ്ക്കാതെ ഭക്തർ നൽകിയ പരാതിയെത്തുടർന്നു ഹൈക്കോടതി പരിഗണിച്ച ഹർജിയായിരുന്നു ഇത്. 1998 ജൂൺ 26നു ഹർജി തള്ളി ഉത്തരവിട്ടു. ഉന്നത ഗുണമേന്മയുള്ള പുതിയ 22 ഗേജ് ചെമ്പുപാളികളെ 4 നിരകളിൽ 24 കാരറ്റ് സ്വർണപ്പാളികൾകൊണ്ടു പൊതിയുമെന്നാണു മല്യ വാഗ്ദാനം ചെയ്തത്.
3 താഴികക്കുടങ്ങൾ സ്വർണം പൂശി പുനഃസ്ഥാപിക്കും, ശ്രീകോവിലിനുള്ളിലെ പിച്ചളപ്പാളികൾക്കും സോപാനത്തിനു മുന്നിലെ ഭണ്ഡാരത്തിന്റെ മേൽക്കൂരയ്ക്കും സ്വർണം പൂശും, മരപ്പണികൾക്കു തേക്കുതടി മാത്രമാകും ഉപയോഗിക്കുക തുടങ്ങിയവയായിരുന്നു വാഗ്ദാനങ്ങൾ. ക്ഷേത്രാലങ്കാരപ്പണികളിൽ അനുഭവസമ്പത്തുള്ള മദ്രാസിലെ ജെഎൻആർ ജ്വല്ലേഴ്സാണു ജോലി ചെയ്യുന്നതെന്നും അറിയിച്ചിരുന്നു.
വിജിലൻസ് രേഖകളിലും വ്യക്തം
ശബരിമല ∙ ദ്വാരപാലകരുടെ ശിൽപം 1999ൽ സ്വർണം പൊതിഞ്ഞതായി ദേവസ്വം വിജിലൻസ് രേഖകളിൽ വ്യക്തം. ദേവസ്വം റജിസ്റ്ററും മഹസറും പരിശോധിച്ചതിൽനിന്ന് രണ്ടു ശിൽപങ്ങൾ പൊതിയാൻ 800 ഗ്രാം സ്വർണമാണ് ഉപയോഗിച്ചതെന്നും കണ്ടെത്തി. ദ്വാരപാലക ശിൽപത്തിന്റെ കവചം സ്വർണം പൊതിഞ്ഞിരുന്നതായി മല്യയുടെ സംഘത്തിലെ മാന്നാർ സ്വദേശിയായ തൊഴിലാളിയും ഇക്കാര്യം കഴിഞ്ഞദിവസം വിജിലൻസിനോടു സ്ഥിരീകരിച്ചിരുന്നു.
സ്ഥിരീകരിച്ച് കരാർ കമ്പനി: മല്യ നൽകിയത് 24 കാരറ്റ് സ്വർണം
ചെന്നൈ ∙ ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളുടെ പാളികളിൽ 24 കാരറ്റ് സ്വർണംതന്നെയാണു പൂശിയതെന്നു വിജയ് മല്യയ്ക്കു വേണ്ടി കരാർ ജോലികൾ ചെയ്ത ചെന്നൈയിലെ കമ്പനി സ്ഥിരീകരിച്ചു. ദേവസ്വം പ്രതിനിധികളെയും സ്പോൺസറെയും സാക്ഷിയാക്കിയാണു ജോലികൾ പൂർത്തിയാക്കിയത്. ജോലികൾക്കു മേൽനോട്ടം വഹിച്ച തന്റെ പിതാവും മറ്റു ജോലിക്കാരും ജീവിച്ചിരിപ്പില്ലെന്നും എന്നാൽ, സ്വർണം തനിയെ ഇല്ലാതാകില്ലെന്നും ഉടമയായ ജഗൻനാഥ് പറഞ്ഞു. എത്ര സ്വർണമാണ് ഉപയോഗിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. English Summary:
Sabarimala Temple Gold Plating: Vijay Mallya\“s promise to cover the Sabarimala Sreekovil roof with gold has been confirmed by High Court records. The records detail the quantity of gold and copper required and the estimated cost of the project, which was addressed during a 1998 court hearing. |
|