പാലക്കാട് ∙ മോഷ്ടിച്ച ബൈക്കുമായി കറങ്ങിയ യുവാവ് വന്നുപെട്ടത് ഉടമയുടെ മുന്നിൽ, ഉടമയാണെങ്കിൽ ബൈക്ക് മോഷണം പോയതു പൊലീസിൽ പരാതി നൽകി വരുന്ന വഴിയും. നടുറോഡിൽ ഉടമ, മോഷ്ടാവിനെ ഓടിച്ചിട്ടു പിടിച്ചു പൊലീസിൽ ഏൽപിച്ചു. പുതുപ്പരിയാരം എസ്റ്റേറ്റ് ജംക്‌ഷനിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. പാലക്കാട് കമ്പ വള്ളിക്കോട് സ്വദേശി ആർ.രാധാകൃഷ്ണന്റെ ബൈക്കാണു മോഷണം പോയത്. മോഷ്ടാവ് മുട്ടിക്കുളങ്ങര മേട്ടുങ്ങൽ കുളിച്ചിക്കോട് സ്വദേശി ആർ.രാജേന്ദ്രനെ (36) ഹേമാംബിക നഗർ പൊലീസ് അറസ്റ്റ് ചെയ്തു.
പുതുപ്പരിയാരം പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സയ്ക്കെത്തിയതായിരുന്നു രാധാകൃഷ്ണൻ. ബൈക്ക് ആശുപത്രിക്കു മുന്നിൽവച്ച് ഡോക്ടറെ കാണാൻ കയറി. 30 മിനിറ്റിനു ശേഷം തിരിച്ചിറങ്ങിയപ്പോൾ ബൈക്ക് കാണാനില്ല. ആശുപത്രി ജീവനക്കാരുടെയും സമീപത്തെ കച്ചവടക്കാരുടെയും സഹായത്തോടെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. മകളെ വിളിച്ചുവരുത്തി സ്കൂട്ടറിൽ ഹേമാംബിക നഗർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. മടങ്ങുന്ന വഴി പുതുപ്പരിയാരം എസ്റ്റേറ്റ് ജംക്‌ഷനിൽ തന്റെ ബൈക്ക് ഓടിച്ചു പോകുന്ന യുവാവിനെ കണ്ടു.
ഉടനെ രാധാകൃഷ്ണൻ സ്കൂട്ടറിൽ നിന്നിറങ്ങി ബൈക്കിനു പിന്നാലെ ഓടി മോഷ്ടാവിനെ പിടികൂടി. ബൈക്കും കൈക്കലാക്കി. നാട്ടുകാരുടെ സഹായത്തോടെ രാജേന്ദ്രനെ പിടികൂടി പൊലീസിനു കൈമാറി. സിസിടിവി ദൃശ്യങ്ങളിൽ രാജേന്ദ്രൻ ബൈക്ക് മോഷ്ടിക്കുന്ന ദൃശ്യങ്ങളുണ്ട്. രാജേന്ദ്രനെ പിടികൂടുന്ന ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞു. ഈ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. രാജേന്ദ്രനെ കോടതി റിമാൻഡ് ചെയ്തു. ബൈക്ക് മോഷ്ടിക്കാൻ രാജേന്ദ്രനെ സഹായിച്ച സുഹൃത്തിനെ പൊലീസ് അന്വേഷിക്കുന്നുണ്ട്. English Summary:
Bike theft in Palakkad led to a dramatic capture when the owner spotted the thief riding his stolen bike. The owner pursued and apprehended the thief, who was then handed over to the police, with the incident captured on CCTV and going viral. |
|