search
 Forgot password?
 Register now
search

മഹാദുഃഖങ്ങളുടെ രണ്ടാം വാർഷികം

Chikheang 2025-10-28 09:13:04 views 963
  



പശ്ചിമേഷ്യയെ സംഘർഷപൂർണമാക്കിയ ഇസ്രയേൽ– ഹമാസ് യുദ്ധത്തിന്റെ രണ്ടാം വാർഷികമാണു നാളെ. ഇസ്രയേലിന്റെ ഗാസ ആക്രമണം ശേഷിപ്പിക്കുന്നതു ജീവനഷ്ടമടക്കമുള്ള മഹാനാശമാണ്; എല്ലാം നഷ്ടപ്പെട്ടവരുടെ വിലാപമാണ്; ചോരയുടെയും കണ്ണീരിന്റെയും നിലയ്ക്കാത്ത പ്രവാഹമാണ്. ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ അറുപത്തേഴായിരത്തിലേറെ പലസ്തീൻകാരാണു കൊല്ലപ്പെട്ടത്.  

അതിൽ കൈക്കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെയുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച ഗാസ സമാധാനപദ്ധതിയിലൂടെ ആധുനിക ചരിത്രത്തിലെ ഏറ്റവും ക്രൂരമായൊരു യുദ്ധത്തിനു അവസാനമാകുമെന്നും പശ്ചിമേഷ്യയിലേക്കു സമാധാനം മടക്കിക്കൊണ്ടുവരാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുകയാണു ലോകം.   

2023 ഒക്ടോബർ ഏഴിനു ഹമാസ് തെക്കൻ ഇസ്രയേലിൽ നടത്തിയ മിന്നലാക്രമണത്തിൽ ആയിരത്തിഇരുനൂറിലേറെ ഇസ്രയേൽ പൗരർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് യുദ്ധം ആരംഭിച്ചത്. ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിലെ 90 ശതമാനം വീടുകളും കെട്ടിടങ്ങളും റോഡുകളുമടക്കം എല്ലാ സംവിധാനങ്ങളും തകർന്നടിഞ്ഞു. 20 ലക്ഷത്തിലേറെ വരുന്ന പലസ്തീൻകാർ സ്വന്തം മണ്ണിൽ അഭയാർഥികളായി പലവട്ടം പലായനം ചെയ്തു. കുഞ്ഞുങ്ങളടക്കം പട്ടിണിമൂലം മരിച്ചുവീഴാനും തുടങ്ങി. ലോകം ഇതിനകം നേടിയെന്ന് അവകാശപ്പെടുന്ന സംസ്കാരത്തെയും പരിഷ്കൃതിയെയുമെ‍ാക്കെ വെല്ലുവിളിച്ച്, ചോരകെ‍ാണ്ട് പുതിയ നാൾവഴികൾ എഴുതുന്നതാണു ഹൃദയവിലാപത്തോടെ ലോകം കണ്ടുകെ‍ാണ്ടിരുന്നത്. വംശഹത്യയെന്നു വിശേഷിപ്പിക്കപ്പെട്ട യുദ്ധം ഇതിനകം ഗാസയെ മൃതഭൂമിയാക്കിയിരിക്കുന്നു.  

ഇപ്പോഴുണ്ടാവുന്ന സമാധാനനടപടികൾ വലിയ പ്രതീക്ഷ പകരുന്നതാണ്. ട്രംപ് മുന്നോട്ടുവച്ച ഗാസ സമാധാനപദ്ധതിയിലെ ചില വ്യവസ്ഥകൾ അംഗീകരിച്ചതായി ഹമാസ് പ്രഖ്യാപിച്ചതിനു പിന്നാലെ, പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കാൻ ഒരുക്കം തുടങ്ങിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിക്കുകയുണ്ടായി. എല്ലാ ബന്ദികളെയും മോചിപ്പിക്കാമെന്നും ഗാസയുടെ ഭരണം പലസ്തീൻ വിദഗ്ധർക്കു കൈമാറാമെന്നുമാണു ഹമാസ് സമ്മതിച്ചത്. എന്നാൽ, ആയുധം ഉപേക്ഷിക്കണമെന്ന ആവശ്യത്തോടു പ്രതികരിച്ചിട്ടില്ല.  

ഗാസയുടെ ഭാവിയിൽ തുടർന്നും പങ്കുണ്ടാകുമെന്നു സൂചിപ്പിച്ച ഹമാസ്, യുഎസ് പദ്ധതിയിലെ മറ്റു നിർദേശങ്ങൾ പലസ്തീൻ–അറബ് വിശാല ചർച്ചയിലൂടെ തീരുമാനിക്കാമെന്ന നിലപാടിലാണ്. ബന്ദികളെ ഹമാസ് മോചിപ്പിക്കുന്നതിനു പിന്നാലെ ഗാസയിൽനിന്നു ഘട്ടംഘട്ടമായി ഇസ്രയേൽ സൈന്യം പിന്മാറണമെന്നാണു ട്രംപിന്റെ പദ്ധതി വ്യവസ്ഥ ചെയ്യുന്നത്. എന്നാൽ, ബന്ദികളെ കൈമാറുന്നതിനൊപ്പം ഇസ്രയേൽ സൈന്യം പൂർണമായി ഗാസ വിടണമെന്ന മുൻനിലപാട് ഹമാസ് ആവർത്തിക്കുന്നു. ഗാസയുടെ ഭാവിയിൽ തങ്ങൾക്കുകൂടി പങ്കാളിത്തമുള്ള, പലസ്തീന്റെ പരമാധികാരത്തിലൂന്നിയുള്ള രാഷ്ട്രീയപരിഹാരമാണ് ഹമാസ് നിർദേശിക്കുന്നത്.

യുദ്ധവിരാമം എത്രയുംവേഗം ഉണ്ടാവാൻ കെ‍ാതിക്കുകയാണു ലോകമനസ്സാക്ഷി. എന്നാൽ, മുൻപുണ്ടായ അനുഭവങ്ങൾ ആശങ്കയാവുകയും ചെയ്യുന്നു. കഴിഞ്ഞ ജനുവരി 19നു വെടിനിർത്തൽ പ്രാബല്യത്തിലായപ്പോൾ ഗാസയുടെ ദീർഘകാല വിലാപത്തിനുള്ള മറുപടിയായി അതു വിലയിരുത്തപ്പെട്ടു. യുഎസിന്റെ നേതൃത്വത്തിലും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലും ദോഹയിൽ ഒരാഴ്ചയിലേറെ നീണ്ട ചർച്ചകളിലാണു പ്രഖ്യാപനമുണ്ടായത്. എന്നാൽ, ആ കരാറിനു മുകളിലൂടെ പിന്നെയും ചോരപ്പുഴയെ‍‍ാഴുകുന്നതാണു ലോകം കണ്ടത്. അവസാനനിമിഷം പ്രതിസന്ധിയുണ്ടായെന്നും കരാറിലെ ചില കാര്യങ്ങളിൽ ഹമാസ് വാക്കുപാലിക്കുന്നില്ലെന്നുമായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി അന്നു പറഞ്ഞത്.

ദുഃഖങ്ങൾമാത്രമാണ് യുദ്ധങ്ങൾ ചരിത്രത്തിൽ ശേഷിപ്പിക്കുന്നത്. മൂന്നരവർഷത്തിലേറെ പിന്നിട്ട റഷ്യ– യുക്രെയ്ൻ യുദ്ധം മറ്റെ‍ാരു വലിയ സങ്കടമായി ലോകത്തിന്റെ മുന്നിലുണ്ട്. ഗാസയിൽ ശാശ്വതസമാധാനം കെ‍ാണ്ടുവരാനുള്ള ശ്രമങ്ങൾ ഏതു സാഹചര്യത്തിലും തളർന്നുകൂടാ. ഇപ്പോൾ ഭൂമിയിലില്ലാത്ത അവിടത്തെ കുഞ്ഞുങ്ങളുടെ ഇളംമുഖങ്ങളാവണം സമാധാനശ്രമങ്ങൾക്കു മുന്നിലുണ്ടാകേണ്ടത്. യുദ്ധവേളകളിൽ ഒരു കുഞ്ഞിനുപോലും പരുക്കേൽക്കരുതെന്ന ചട്ടത്തിനാണു ഗാസയിൽ തലകുമ്പിട്ടുനിൽക്കേണ്ടിവന്നത്. കളിചിരികളുടെ പ്രായത്തിൽ ജീവൻ നഷ്ടപ്പെട്ടും അംഗഭംഗം വന്നും അനാഥരായും എത്രയെത്ര കുഞ്ഞുങ്ങൾ! ഗാസയിൽ ആക്രമണത്തിലും പട്ടിണിയിലും കെ‍ാല്ലപ്പെട്ട കുഞ്ഞുങ്ങൾക്കുള്ള ശ്രദ്ധാഞ്ജലിയായും ജീവിച്ചിരിക്കുന്ന കുഞ്ഞുങ്ങൾക്കുള്ള ജീവവായുവായും അവിടെ സമാധാനം എത്രയുംവേഗം പുലർന്നേതീരൂ. ഈ രണ്ടാം വാർഷികത്തിന്റെ ഓർമപ്പെടുത്തലും അതുതന്നെയാണ്. English Summary:
Gaza War\“s Second Anniversary: Hope Rises for Peace with New Plan
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com