cy520520 • 2025-10-28 09:14:19 • views 909
പശുവിനെക്കുറിച്ച് ഉപന്യസിക്കുക എന്ന ചോദ്യത്തിന് ഉത്തരം അറിയാത്തതു കൊണ്ട് പശുവിനെ തെങ്ങിൽ കെട്ടി എന്ന് എഴുതിയ ശേഷം തെങ്ങിനെപ്പറ്റി വിസ്തരിച്ച വിരുതാണ് സഭയിൽ ഇന്നലെ കണ്ടത്. വനം–വന്യജീവി ഭേദഗതി ബിൽ ചർച്ചയിൽ എന്തു ശബരിമലയും ദേവസ്വവും എന്നു ചോദിക്കരുത്. കാരണം ശബരിമല ക്ഷേത്രം വനത്തിലാണല്ലോ.
- Also Read ഓപ്പറേഷൻ സിന്ദൂറിൽ വലതുകൈ നഷ്ടപ്പെട്ട മലയാളി സൈനികന് വായുസേനാ മെഡൽ; കൈവിടാതെ പിടിച്ചതിന് നന്ദിപറഞ്ഞ് വരുൺ
ബില്ലിൽ ഒതുങ്ങി സംസാരിച്ചു തുടങ്ങിയ വി.കെ.പ്രശാന്ത് പതുക്കെ കാടുകയറിയപ്പോൾ തന്നെ ഇടപെട്ട ചെയറിലുണ്ടായ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ് ഈ യുക്തി കേട്ട് അന്തം വിട്ടത്. അപ്പോൾ കെ.ഡി.പ്രസേനന്റെ ഭാവന ചിറകു വിടർന്നു. അയ്യപ്പൻ വന സംരക്ഷകനാണ്; ആഗോള അയ്യപ്പ സംഗമം എന്നത് വനസംരക്ഷണത്തിനു വേണ്ടിയുളള ചുവടുവയ്പു കൂടിയാണ്! പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് നേരത്തെ പോയതു കൊണ്ട് ഈ കണ്ടെത്തലുകളിലൊന്നും ആർക്കും തർക്കമുണ്ടായില്ല.
രാവിലത്തെ വെടിക്കെട്ടിനു ശേഷം ആരവമൊഴിഞ്ഞ പൂരപ്പറമ്പ് പോലെയായി ചർച്ചാവേളയിൽ സഭ. പഞ്ചായത്തിരാജ് ഭേദഗതി ബിൽ ചർച്ചയിലും സ്വർണപ്പാളി വിവാദം തന്നെയാണ് ഉയർന്നത്. ദേവസ്വം ബോർഡുകൾക്ക് എൽഡിഎഫ് സർക്കാരുകൾ വാരിക്കോരി കൊടുത്തതിന്റെ കണക്കുകൾ വി.ജോയ് വിവരിക്കുന്നതിനിടെ കമ്യൂണിസ്റ്റുകാർക്ക് വിശ്വാസികളോടുള്ള പ്രതിബദ്ധത തെളിയിക്കാനായി സാക്ഷാൽ ലെനിനെ തന്നെ കെ.വി.സുമേഷ് ഹാജരാക്കി.
തനിക്കു വേണ്ടി പ്രാർഥിക്കണമെന്ന രോഗാതുരയായ പെൺകുട്ടിയുടെ ആവശ്യം ലെനിൻ അംഗീകരിച്ചെന്ന് സുമേഷ്; അപ്പോൾ പിന്നെ എൽഡിഎഫിന് വോട്ടു ചെയ്തുവരുന്ന ലക്ഷക്കണക്കിനു വിശ്വാസികളെ സംരക്ഷിക്കാൻ പിണറായി വിജയൻ അല്ലാതെ മറ്റാരെന്നു ജോയ്. പുറത്ത് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങളിൽ പ്രകോപിതനായ കടകംപള്ളി സുരേന്ദ്രൻ അതു തെളിയിക്കാനുള്ള ‘ആണത്തമുണ്ടോ’ എന്നു വെല്ലുവിളിച്ചപ്പോൾ ആ പ്രയോഗത്തിലെ രാഷ്ട്രീയ ശരികേട് കൂടെയുള്ള ചിലർ ചൂണ്ടിക്കാട്ടി. നേരത്തേ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ അതിലും കടുത്ത ‘എട്ടുമുക്കാൽ അട്ടി’ പ്രയോഗം കേട്ട് ആർത്തുചിരിച്ചവരും അക്കൂട്ടത്തിലുണ്ടായി.
പ്രധാനപ്പെട്ട ബില്ലുകളുടെ ചർച്ച ബഹിഷ്കരിച്ച പ്രതിപക്ഷം അവരെ തിരഞ്ഞെടുത്ത ജനങ്ങളോടുളള കടമ മറന്നെന്ന് ബില്ലുകൾ പൈലറ്റ് ചെയ്ത മന്ത്രിമാരായ എ.കെ.ശശീന്ദ്രനും എം.ബി.രാജേഷും സങ്കടപ്പെട്ടു. വന്യജീവി ബില്ലിന്റെ നിലനിൽപു സംബന്ധിച്ച് എൽഡിഎഫ് യോഗത്തിൽ ആശങ്ക പ്രകടിപ്പിച്ച മാത്യു ടി.തോമസ് ആ സൂചനകൾ സഭയിലും നൽകി. എ.പ്രഭാകരൻ തുറന്നു പറഞ്ഞു: ‘ബില്ലിന് അംഗീകാരം ലഭിക്കുമോ എന്ന സംശയം ഇല്ലാതില്ല’. കടമ്പകൾ ഇനിയുമുണ്ടെന്ന് മന്ത്രി ശശീന്ദ്രൻ സമ്മതിച്ചു. കാട്ടുപന്നിയിറച്ചിയുടെ രുചിയെക്കുറിച്ച് പി.എസ്.സുപാൽ വാചാലനായപ്പോൾ ‘കഴിച്ചിട്ടുണ്ടോ’ എന്ന സംശയം സ്വന്തം പാർട്ടിക്കാരനായ ചിറ്റയത്തിന് അടക്കാനായില്ല.
അടിയന്തര പ്രമേയം കൊണ്ടുവരാതെ ചോദ്യോത്തര വേള മുതൽ പ്രതിഷേധം കനപ്പിച്ച് സഭ സ്തംഭിപ്പിക്കുന്ന പ്രതിപക്ഷരീതി മുന്നിൽ കണ്ടാണ് വാച്ച് ആൻഡ് വാർഡിനെ സർക്കാർ ഒരുക്കിനിർത്തിയത്. മന്ത്രിമാർ വരെ അങ്കക്കലിയുമായി ഇറങ്ങിയതോടെ നിയമസഭ തന്നെയോ ഇതെന്നു സംശയിക്കുന്ന സംഘർഷത്തിനും നടുത്തളം വേദിയായി. സഭയ്ക്കകത്ത് ദേഹനിന്ദ നടത്തിയെന്ന ആക്ഷേപത്തിന് ഇതാദ്യമായി പിണറായി വിജയനും വിധേയനായി. ‘എട്ടുമുക്കാൽ അട്ടി’ക്കാരനായി പിണറായി ആക്ഷേപിച്ചത് ആരെയെന്ന ചർച്ച സജീവം. ലീഗ് ബെഞ്ചിൽ നിന്നു മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ കത്തിക്കയറുന്നതു വഴി അവരുടെ നോട്ടപ്പുള്ളിയായ നജീബ് കാന്തപുരത്തോടുള്ള കലിയാണ് മുഖ്യമന്ത്രി തീർത്തതെന്ന് വിശ്വസിക്കുന്നവരാണേറെ. English Summary:
Kerala Assembly Turns \“Poorapparambu\“: Sabarimala, Gold Slab, and Personal Attacks Dominate Debates |
|