LHC0088 • 2025-10-28 09:17:13 • views 550
കൊച്ചി ∙ വധശ്രമക്കേസിൽ തടവിനു ശിക്ഷിക്കപ്പെട്ട പിതാവിനു മകൾ അഭിഭാഷകയായി എൻറോൾ ചെയ്യുന്നതിനു സാക്ഷിയാകാൻ ഹൈക്കോടതി അഞ്ചു ദിവസത്തെ പരോൾ അനുവദിച്ചു. മലപ്പുറം സ്വദേശിയായ അൻപതുകാരനാണു ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ താൽക്കാലിക പരോൾ അനുവദിച്ചത്.
- Also Read ഗുരുവായൂരിലും സ്വർണത്തിൽ പാളിച്ച; ക്രമക്കേടു കണ്ടെത്തി ഓഡിറ്റ് റിപ്പോർട്ട്
എൻറോൾ ചെയ്യുമ്പോൾ പിതാവിന്റെ സാന്നിധ്യമുണ്ടാകണമെന്ന മകളുടെ ആഗ്രഹം പരിഗണിച്ച ഹൈക്കോടതി പ്രത്യേക സാഹചര്യം കണക്കിലെടുത്താണു പരോൾ അനുവദിക്കുന്നതെന്നു വ്യക്തമാക്കി.
പരോൾ എല്ലാ സാഹചര്യങ്ങളിലും അനുവദിക്കാനാവില്ലെന്നും പരോളിനു പ്രഥമദൃഷ്ട്യാ ഹർജിക്കാരൻ അർഹനല്ലെന്നും കോടതി പറഞ്ഞു. എന്നാൽ മകളുടെ കണ്ണിലൂടെയാണു കോടതി വിഷയം പരിഗണിക്കുന്നത്. ഹർജിക്കാരൻ ശിക്ഷ അനുഭവിക്കുന്ന തടവുകാരനാണ്. എല്ലാവരും ക്രിമിനൽ ആയി കാണുന്നയാളുമാകാം. എന്നാൽ എല്ലാ കുട്ടികൾക്കും അച്ഛൻ ഹീറോ ആയിരിക്കും.
ഒരു മകളുടെ വികാരത്തിനു മുന്നിൽ കോടതിക്കു കണ്ണടയ്ക്കാനാകില്ല. പരോൾ അനുവദിക്കുന്നതു സവിശേഷ സാഹചര്യം കണക്കിലെടുത്താണെന്നും കീഴ്‌വഴക്കമായി കാണരുതെന്നും കോടതി പറഞ്ഞു. പരോൾ അപേക്ഷ ജയിൽ അധികൃതർ നിരസിച്ചതിനെത്തുടർന്നാണു ഹർജി നൽകിയത്. നാളെയും മറ്റന്നാളും നടക്കുന്ന എൻറോൾമെന്റ് ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഇന്നു മുതൽ 14വരെയാണു പരോൾ അനുവദിച്ചത്. English Summary:
High Court Grants Parole: Attempted Murder Convict Gets Parole for Daughter\“s Lawyer Enrollment |
|