തിരുവനന്തപുരം ∙ ശബരിമല ശ്രീകോവിൽ നട അടയ്ക്കുമ്പോൾ ഭഗവാനെ യോഗനിദ്രയിൽ അണിയിക്കുന്ന യോഗദണ്ഡിന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട ദേവസ്വം രേഖകളിലും അവ്യക്തത. 2019 ൽ ദ്വാരപാലകശിൽപങ്ങളിലെ പാളികളുടെ അറ്റകുറ്റപ്പണിക്കു തൊട്ടുമുൻപാണ് യോഗദണ്ഡിന്റെ അറ്റകുറ്റപ്പണിയും നടന്നത്.
- Also Read 10 വർഷത്തിനിടെ ആദ്യ സസ്പെൻഷൻ; ചീഫ് മാർഷലിനെ ആക്രമിച്ചതായി വിഡിയോ ദൃശ്യങ്ങളിൽ ഇല്ലെന്ന് പ്രതിപക്ഷം
ശ്രീകോവിലിനുള്ളിലെ ഗർഭക്ഷേത്രത്തിൽ മാത്രം സൂക്ഷിക്കുന്ന യോഗദണ്ഡും ഇതോടൊപ്പമുള്ള രുദ്രാക്ഷമാലയും അറ്റകുറ്റപ്പണിക്കായി ശബരിമലയ്ക്കു പുറത്തുകൊണ്ടുപോയോ എന്നതിലാണു വ്യക്തതക്കുറവുള്ളത്. സന്നിധാനത്തുതന്നെയാണ് സ്വർണം ചുറ്റുന്ന പ്രവൃത്തി നടന്നതെന്നു ദേവസ്വം ബോർഡ് വിശദീകരിച്ചെങ്കിലും അന്നത്തെ രേഖകളിൽ സ്ഥലം വ്യക്തമാക്കിയിട്ടില്ല. ഹൈക്കോടതിയുടെ അനുമതി ലഭിച്ചിരുന്നുവെന്നു സൂചനയുണ്ടെങ്കിലും അക്കാര്യവും വ്യക്തമാക്കിയിട്ടില്ല.
ക്ഷേത്രത്തിൽ പ്രതിഷ്ഠ നടന്ന കാലത്തു പന്തളം കൊട്ടാരം സമർപ്പിച്ചതാണു യോഗദണ്ഡ്. ഹരിവരാസനത്തിനു ശേഷം അയ്യപ്പൻ നിദ്രയിലേക്കു പ്രവേശിക്കുമ്പോൾ യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ചുവരുന്നു. തുടർന്ന് ഭസ്മാഭിഷേകം ചെയ്താണ് യോഗനിദ്രാവസ്ഥയിലേക്കു കടക്കുന്നത്.
2019 മാർച്ച് 16ലെ ദേവസ്വം ബോർഡ് തീരുമാനപ്രകാരമാണ് സ്വർണം ചുറ്റാൻ യോഗദണ്ഡും രുദ്രാക്ഷമാലയും പുറത്തെടുത്തത്. ജയശങ്കർ പത്മൻ എന്ന വ്യക്തിയെ പണിക്കു ചുമതലപ്പെടുത്തിയെന്നു രേഖകളിലുണ്ട്.
സ്വർണപ്പണിക്കാർ യോഗദണ്ഡിലെ സ്വർണച്ചുറ്റുകൾ തൂക്കി 19.2 ഗ്രാം സ്വർണമെന്നു തിട്ടപ്പെടുത്തി. പിന്നീട് 44.54 ഗ്രാം സ്വർണം ഉപയോഗിച്ച് 18 സ്വർണച്ചുറ്റുകളും അടിഭാഗത്ത് സ്വർണക്കപ്പും തീർത്തു. രുദ്രാക്ഷമാലകൾ പുളിഞ്ചിക്കായ് ഉപയോഗിച്ചു കഴുകി വൃത്തിയാക്കിയതായും 2019 ഏപ്രിൽ 14നു തയാറാക്കിയ മഹസർ വ്യക്തമാക്കുന്നു.
സ്വർണപ്പാളി വിവാദത്തിൽ സസ്പെൻഷനിലായ അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ബി.മുരാരി ബാബു, വിരമിച്ച എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാർ, തിരുവാഭരണം കമ്മിഷണർ കെ.എസ്.ബൈജു എന്നിവർ മഹസറിൽ ഒപ്പുവച്ചിട്ടുണ്ട്.
പ്രത്യേക അന്വേഷണസംഘം വിവരശേഖരണം തുടങ്ങി; സ്വർണപ്പാളി വിഷയത്തിൽ ഏതു പരാതിയിലും തുടരന്വേഷണം എസ്ഐടിക്ക്
കൊച്ചി ∙ ശബരിമല സ്വർണപ്പാളി വിഷയത്തിൽ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) പ്രാഥമിക വിവരശേഖരണം തുടങ്ങി. അന്വേഷണം ഔദ്യോഗികമായി ആരംഭിക്കാൻ ദേവസ്വം വിജിലൻസിന്റെ അന്തിമ റിപ്പോർട്ടിനു കാക്കുകയാണെങ്കിലും എസ്ഐടി അംഗങ്ങളിൽ ചിലർ ബുധനാഴ്ച വൈകിട്ടു ദേവസ്വം ആസ്ഥാനത്ത് എത്തി വിജിലൻസ് ഉദ്യോഗസ്ഥരെ കണ്ടു.
സംഭവത്തിൽ സ്വമേധയായെടുത്ത ഹർജി ഇന്നു വീണ്ടും പരിഗണിക്കുമ്പോൾ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണു ഹൈക്കോടതി ദേവസ്വം ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസർക്കു നൽകിയ നിർദേശം. ഈ റിപ്പോർട്ട് ഇന്നുതന്നെ എസ്ഐടിക്കു കൈമാറിയേക്കും.
അന്വേഷണം പൂർത്തിയാകുന്നതുവരെ വിവരങ്ങൾ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും നൽകരുതെന്നു കോടതിയുടെ നിർദേശമുള്ളതിനാൽ കരുതലോടെയാണ് എസ്ഐടിയുടെ നീക്കങ്ങൾ. വിഷയവുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ ഏതു പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്ന പരാതികളിലും എസ്ഐടിയാകും തുടരന്വേഷണം നടത്തുക. ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് കെ.ടി.ശങ്കരന്റെ നേതൃത്വത്തിൽ ശബരിമലയിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ കണക്കെടുപ്പും ഉടൻ ആരംഭിക്കും. English Summary:
Sabarimala Yogadandam, Rudraksha Mala: Records Lack Clarity on Repairs and Gold-Wrapping |
|