LHC0088 • 2025-10-28 09:17:24 • views 734
ചരിത്ര പ്രാധാന്യമുള്ള ബില്ലുകൾ പാസാക്കിയ സമ്മേളനം’: 11 ദിവസത്തെ സഭാ നടപടികളെക്കുറിച്ചുള്ള സ്പീക്കർ എ.എൻ.ഷംസീറിന്റെ അവകാശവാദം ഇതായിരുന്നെങ്കിലും ഈ സമ്മേളനം ഓർമിക്കുക ആ പേരിലാവണമെന്നില്ല; പ്രതിഷേധത്തിന്റെയും കാലുഷ്യത്തിന്റെയും സഭയ്ക്കു തീരെ ചേരാത്ത വാക്പ്രയോഗങ്ങളുടെയും പേരിലാകും.
- Also Read മരുന്നിനു പോലും സുരക്ഷയില്ല; ആശുപത്രികളിൽ സുരക്ഷ ശക്തമാക്കുമെന്ന പ്രഖ്യാപനത്തിൽ നടപ്പായത് രണ്ടെണ്ണം മാത്രം
ഇക്കഴിഞ്ഞ ദിവസങ്ങളിൽ ‘വാടാ പോടാ’ വിളികളും അതും കടന്നുള്ള കമന്റുകളുമാണ് കേരള നിയമസഭയിൽ തുടർച്ചയായി ഉയർന്നത്. നടുത്തളത്തിൽ (വെൽ) സ്പീക്കറുടെ മുഖം മറച്ചു ബാനറുകൾ മുൻപും ഉയർന്നിട്ടുണ്ട്. അതു പിടിച്ചുമാറ്റാൻ വാച്ച് ആൻഡ് വാർഡ് തുനിയുന്നതും അങ്ങനെ ബാനർതന്നെ കീറി സഭയിൽ വീണതും ഇതാദ്യം.
ശബരിമല സ്വർണപ്പാളി വിഷയം വൻ രാഷ്ട്രീയ വിവാദമായതോടെ സർക്കാരിനെ പ്രതിസ്ഥാനത്തു നിർത്താനുള്ള വ്യഗ്രത പ്രതിപക്ഷത്തു പ്രകടമായി. തുടർച്ചയായ ദിവസങ്ങളിൽ ചോദ്യോത്തരവേളതന്നെ റദ്ദാക്കുന്നതിലേക്ക് അതു കടന്നതോടെ ഭരണപക്ഷവും പ്രകോപിതരായി. ആ കലി മുഖ്യമന്ത്രി തൊട്ട് പി.പി.ചിത്തരഞ്ജൻ വരെയുള്ളവരിൽനിന്ന് അരുതാത്ത വാക്‌പ്രയോഗങ്ങൾക്കു വഴിവച്ചു.
ഈ സമ്മേളനത്തിൽ സഭ ആകെ ചേർന്നത് 53 മണിക്കൂർ; അതിൽ നിയമനിർമാണത്തിനു ലഭിച്ച 20 മണിക്കൂറിൽ പാസാക്കിയത് 21 ബില്ലുകൾ. ‘ഇത് ഇന്നത്തെ അഞ്ചാമത്തെ ബില്ലാണ് സർ, പിന്നീടു സംസാരിച്ചുകൊള്ളാം: മന്ത്രി പി.രാജീവിന്റെ ഈ പ്രതികരണത്തിൽ മാരത്തൺ ബില്ലവതരണം സഭയിൽ ഉണ്ടാക്കിയ മടുപ്പ് പ്രകടമായിരുന്നു. ഒന്നും, രണ്ടുമല്ല, ആകെയുള്ള 20 ബില്ലുകളിൽ 11 എണ്ണമാണ് ഏതാണ്ട് ഏഴു മണിക്കൂർകൊണ്ട് പാസാക്കിയത്. അതിൽ അഞ്ചും അവതരിപ്പിച്ചത് രാജീവ്. ഈ സഭയും മന്ത്രിയും അങ്ങനെയും അപൂർവ റെക്കോർഡിട്ടു.
തുടർഭരണ സാധ്യതകൾക്ക് എല്ലാ വഴിയും ആരായാനുള്ള എൽഡിഎഫിന്റെ രാഷ്ട്രീയതീരുമാനം കൂടിയാണ് ബില്ലുകളുടെ ഉള്ളടക്കത്തിൽ പ്രകടമായത്. അങ്ങനെ തുടർഭരണം ഉണ്ടായാൽ പിണറായി വിജയൻതന്നെ മുഖ്യമന്ത്രിയാകുമെന്നു പാർട്ടിയോ വീണ്ടും മത്സരിക്കണമെന്നുതന്നെ പിണറായിയോ തീരുമാനിച്ചിട്ടില്ലെങ്കിലും കടകംപള്ളി സുരേന്ദ്രന് അക്കാര്യം ഉറപ്പുണ്ട്. ‘മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമ്പോഴെങ്കിലും നിലവാരമുള്ള ഒരു പ്രതിപക്ഷത്തെ കിട്ടിയാൽ മതി’: സേവനാവകാശ ബില്ലിന്റെ ചർച്ചയിൽ ഉറച്ച സേവകനായിരിക്കും താനെന്ന് അദ്ദേഹം ദ്യോതിപ്പിച്ചു.
നിക്ഷേപത്തിനുള്ള തടസ്സങ്ങൾ നീക്കുന്ന വ്യവസായ ഏകജാലക ക്ലിയറൻസ് ഭേദഗതി ബിൽ സിപിഎം കൂടുതൽ പരിഷ്കരണ പാതയിലേക്കാണെന്നതിന്റെ തെളിവായി കരുതിയവരെ ടി.ഐ.മധുസൂദനൻ തിരുത്തി: ‘ചുവപ്പുനാട പൊട്ടിച്ചെറിയുന്ന വിപ്ലവാത്മക ബില്ലാകുന്നു ഇത്!’.
അധികഭൂമി ക്രമവൽക്കരണ ബില്ലിൽ അധികമായി സംസാരിക്കുന്നെന്നു തോന്നിയതുകൊണ്ട്, മന്ത്രി കെ.രാജനോട് സമയക്കുറവ് സ്പീക്കർ ഇടയ്ക്കിടെ ഓർമിപ്പിച്ചു. രാജന്റെ പ്രഖ്യാപനങ്ങൾ സിപിഐ എംഎൽഎമാർ ശ്രദ്ധിച്ചിരുന്നു കയ്യടിച്ചു. രാഷ്ട്രപതി തിരിച്ചയച്ച മലയാള ഭാഷാ ബിൽ ഇത്തവണ അംഗീകരിക്കപ്പെടുമെന്ന പ്രതീക്ഷയോടെ സഭ പാസാക്കി. ബിൽ ചർച്ചകളിലെ പ്രതിപക്ഷ അസാന്നിധ്യത്തെ വിമർശിക്കാൻ മന്ത്രിമാരും ഭരണപക്ഷ എംഎൽഎമാരും മറന്നില്ല.
സഭ പിരിയുന്ന ദിവസമായതുകൊണ്ടുതന്നെ പ്രതിഷേധം ഉച്ചസ്ഥായിയിലാക്കാൻ തീരുമാനിച്ചു തന്നെയാണ് പ്രതിപക്ഷം വന്നത്. അതിനു കിട്ടിയ ശിക്ഷയായ സസ്പെൻഷൻ പ്രഖ്യാപിക്കുന്നതു കേൾക്കാൻ ആ മൂന്ന് എംഎൽഎമാരും സഭയിലുണ്ടായില്ല ‘നടപ്പുസമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിലെ’ സസ്പെൻഷൻ ഫലത്തിൽ സ്വയം ബഹിഷ്കരിച്ചു പോയവരെ പുറത്താക്കിയതു പോലെയായി.
സഭയ്ക്കകത്ത് ‘ഭീകരാന്തരീക്ഷം’ സൃഷ്ടിക്കുന്നവരായാണ് പ്രമേയത്തിൽ പ്രതിപക്ഷത്തെ മന്ത്രി എം.ബി. രാജേഷ് വിശേഷിപ്പിച്ചത്. ആ ബഹളത്തിനിടെ ഒരു പൊതുപ്രവർത്തകനുതന്നെ ചേരാത്തതരത്തിൽ ഭിന്നശേഷിക്കാരെ പരിഹസിച്ച പി.പി. ചിത്തരഞ്ജൻ ‘ദേഹനിന്ദ’യിൽനിന്നു ഭരണപക്ഷം പിന്നോട്ടില്ലെന്ന ഭീകരമായ സൂചന നൽകി.
∙ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെക്കുറിച്ചു പ്രതിപക്ഷ നേതാവ് പറഞ്ഞത് വസ്തുതാവിരുദ്ധമായ കാര്യമാണ്. അദ്ദേഹം ഒരംഗത്തിന്റെയും പേര് ഇവിടെ പരാമർശിച്ചിട്ടില്ല. - മന്ത്രി എം.ബി.രാജേഷ് (മുഖ്യമന്ത്രിയുടെ ദേഹനിന്ദാ പരാമർശത്തെക്കുറിച്ച്) English Summary:
Kerala Assembly Session: Bills Passed Amidst Protests and Political Turmoil |
|