LHC0088 • 2025-10-28 09:18:47 • views 732
കൊച്ചി ∙ സ്വർണം പൂശുന്നതിന് 3 ഗ്രാം സ്വർണം മാത്രമാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ നൽകിയതെന്നും ബാക്കി വന്ന 474.9 ഗ്രാം സ്വർണം കൈപ്പറ്റിയെങ്കിലും നാളിതു വരെ ദേവസ്വം ബോർഡിനു തിരികെ നൽകിയിട്ടില്ലെന്നും ഹൈക്കോടതി വിധി വ്യക്തമാക്കുന്നു. ശ്രീകോവിലിന്റെ വാതിലിന്റെ വശങ്ങളിലേത് ഉൾപ്പെടെ 7 പാളികളുമായാണ് പോറ്റി 2019 ജൂണിൽ സ്മാർട്ട് ക്രിയേഷൻസിൽ എത്തിയത്. സ്വർണം പൊതിഞ്ഞിരുന്ന ഈ പാളികളിൽനിന്നു അതു വേർതിരിക്കാനുള്ള സാങ്കേതിക വൈദഗ്ധ്യം ഇല്ലെന്നു സ്ഥാപനം ചൂണ്ടിക്കാട്ടിയെങ്കിലും പോറ്റി നിർബന്ധം പിടിച്ചതോടെ തീരുമാനം മാറ്റി. തുടർന്നു രാസലായനി ഉപയോഗിച്ചു സ്വർണം വേർതിരിച്ചു.
- Also Read മുഖ്യമന്ത്രിയുടെ മകന് 2023ൽ ഇ.ഡി സമൻസ്; സമൻസ് അയച്ചത് കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണത്തിനിടെ
ഈ പാളികളിൽ സ്വർണം പൂശാനായി ഗോവർധൻ എന്ന സ്പോൺസർ ജൂൺ 10ന് 186.587 ഗ്രാം സ്വർണം നൽകി. ഇതിൽ 184 ഗ്രാം ഉപയോഗിച്ചു സ്വർണം പൂശി പാളികൾ മടക്കി നൽകി. ബാക്കി സ്വർണം ഗോവർധനു തിരികെ നൽകി. അതായത്, വാതിലിന്റെ വശങ്ങളിലെ പാളികളിൽനിന്നു വേർതിരിച്ചെടുത്തതിൽ ഒരു തരി സ്വർണം പോലും വീണ്ടും സ്വർണം പൂശാനായി ഉപയോഗിച്ചില്ല എന്നു വ്യക്തം. 2019 ഓഗസ്റ്റിലാണു ദ്വാരപാലക ശിൽപങ്ങളുടെ സ്വർണം പൊതിഞ്ഞ 14 പാളികളുമായി ഉണ്ണിക്കൃഷ്ണൻ പോറ്റി വീണ്ടും സ്മാർട്ട് ക്രിയേഷൻസിലെത്തിയത്.
ഇത്തവണയും വൈദഗ്ധ്യക്കുറവു ചൂണ്ടിക്കാട്ടി സ്ഥാപനം വിസമ്മതിച്ചു. എന്നാൽ, കട്ടിളയുടെ പാളിയിൽനിന്നു മുൻപു വേർതിരിച്ച സ്വർണവും ദ്വാരപാലക പാളികളിലുള്ള സ്വർണവും ഉപയോഗിച്ചു സ്വർണം പൂശാൻ പോറ്റി ആവശ്യപ്പെട്ടു. കട്ടിളപ്പാളികളിൽനിന്നു 409 ഗ്രാം സ്വർണമാണു വേർതിരിച്ചെടുത്തത്. ദ്വാരപാലകരിൽ നിന്ന് 393.9 ഗ്രാമും മറ്റു സാമഗ്രികളിൽനിന്ന് 9.9 ഗ്രാമും വേർതിരിച്ചെടുത്തു. ഇതിനൊപ്പം പോറ്റി നൽകിയ 3 ഗ്രാം കൂടി ചേരുമ്പോൾ മൊത്തം 989 ഗ്രാമാണു സ്ഥാപനത്തിന്റെ കൈവശമെത്തിയത്.
ഇതിൽ 404.8 ഗ്രാം സ്വർണം വീണ്ടും പൂശാനായി ഉപയോഗിച്ചു. 109.243 ഗ്രാം പ്രതിഫലമായി സ്ഥാപനം കൈപ്പറ്റി. ബാക്കി 474.9 ഗ്രാം പോറ്റിയുടെ പ്രതിനിധിയായി എത്തിയ കൽപേഷ് എന്നയാൾക്കു കൈമാറിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതു തിരികെ തിരുവിതാംകൂർ ദേവസ്വം ബോർഡിനു കൈമാറിയതായി രേഖകളില്ലെന്നും കോടതി നിരീക്ഷിച്ചു. ഈ വസ്തുതകൾ എല്ലാം പരിഗണിച്ചാണു സംഭവിച്ചതു ഗുരുതര കുറ്റത്തിന്റെ പരിധിയിൽ വരുന്ന കാര്യങ്ങളാണെന്നു കോടതി വ്യക്തമാക്കിയത്. English Summary:
Sabarimala Gold Scam: Unnikrishnan Potti\“s gold deal for Sabarimala\“s Sreekovil involved him providing only 3 grams while allegedly receiving 475 grams of gold from Smart Creations, which was not returned to the Devaswom Board. This High Court verdict highlights a serious case of gold misappropriation involving temple funds and a “bumper gold deal“ for Potti. |
|