deltin33 • 2025-10-28 09:18:49 • views 1043
തിരുവനന്തപുരം ∙ കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഹാജരാകാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയച്ചതിനു രേഖ. വിവേക് കിരൺ, സൺ ഓഫ് പിണറായി വിജയൻ, ക്ലിഫ് ഹൗസ് എന്നു രേഖപ്പെടുത്തി 2023ൽ അയച്ച സമൻസിന്റെ പകർപ്പ് ‘മനോരമ’യ്ക്കു ലഭിച്ചു.
- Also Read ‘ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് നാട് മറുപടി പറയും, വീഴും ഈ കമ്യൂണിസ്റ്റ് സർക്കാർ’
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അയച്ച സമൻസിന്റെ ആധികാരികത സ്ഥിരീകരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വെബ്സൈറ്റിലുള്ള വിവരം. വിവേക് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അയച്ച സമൻസ്.
നയതന്ത്ര സ്വർണക്കടത്ത് കേസ് അന്വേഷണത്തിനിടെ, വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവന പദ്ധതിയിലെ ക്രമക്കേട് കണ്ടെത്തിയ ഇ.ഡി അതിന്റെ ഭാഗമായാണ് സമൻസ് അയച്ചതെന്നാണ് വിവരം. അന്നത്തെ ഇ.ഡി കൊച്ചി അസിസ്റ്റന്റ് ഡയറക്ടർ പി.കെ.ആനന്ദ് ആണ് സമൻസ് അയച്ചത്. 2023 ഫെബ്രുവരി 14ന് രാവിലെ 10.30ന് ഇ.ഡിയുടെ കൊച്ചി ഓഫിസിൽ ഹാജരാകാനായിരുന്നു സമൻസ്. എന്നാൽ, വിവേക് ഹാജരായില്ല. അതേ ഓഫിസിൽ 3 ദിവസം നീണ്ട ചോദ്യംചെയ്യലിനൊടുവിൽ അന്നു രാത്രിയിലാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന ശിവശങ്കറിന്റെ അറസ്റ്റ് വരെ നീണ്ട ലൈഫ് മിഷൻ അന്വേഷണം ഒരുഘട്ടത്തിൽ ക്ലിഫ് ഹൗസിലേക്കും മുഖ്യമന്ത്രിയുടെ മകനിലേക്കും വരെ എത്തിയതിന്റെ പുറത്തറിയാത്ത വിവരമാണു സമൻസിലുള്ളത്. സമൻസിൽ ഹാജരാകാതിരുന്ന വിവേകിനെതിരെ ഇ.ഡിയുടെ ഭാഗത്തുനിന്നു പിന്നീട് എന്തു നടപടിയുണ്ടായി എന്നതു പുറത്തു വന്നിട്ടില്ല. അബുദാബിയിൽ ജോലി ചെയ്യുന്ന വിവേകിന്റെ വിവരങ്ങൾ യുഎഇ അധികൃതരിൽനിന്ന് ഇ.ഡി തേടിയിരുന്നതായി സൂചനയുണ്ട്. അതിനു ശേഷം എന്തു സംഭവിച്ചെന്ന് അറിവായിട്ടില്ല.
കെസിസെഡ്ഒ/ 2023/769 എന്നാണു വിവേകിനുള്ള സമൻസിന്റെ നമ്പർ. കൊച്ചി സോണൽ ഓഫിസ് എന്നതിനെ സൂചിപ്പിക്കുന്നതാണ് ‘കെസിസെഡ്ഒ’. സമൻസിന്റെ ആധികാരികത സംബന്ധിച്ച് ഇ.ഡിയുടെ ഒൗദ്യോഗിക വെബ്സൈറ്റിലെ സംവിധാനമുപയോഗിച്ച് പരിശോധിച്ചപ്പോൾ, വിവേക് കിരണിനുള്ള സമൻസ് തന്നെയാണിതെന്നു സ്ഥിരീകരണം ലഭിച്ചു. വെബ്സൈറ്റിൽ ‘വെരിഫൈ യുവർ സമൻസ്’ എന്ന വിഭാഗത്തിൽ, വിവേകിന്റെ പേര് സഹിതം വിവരങ്ങൾ ചേർത്തിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ 50–ാം വകുപ്പിലെ 2,3 ഉപവകുപ്പുകൾ പ്രകാരമാണ് വിവേകിനു സമൻസ് അയച്ചത്. രേഖകളും തെളിവുകളും ഹാജരാക്കുന്നതിനു വിളിച്ചുവരുത്താൻ അന്വേഷണ ഉദ്യോഗസ്ഥന് അധികാരം നൽകുന്നതാണ് രണ്ടാം ഉപവകുപ്പ്. ഇതിനെ ജുഡീഷ്യൽ നടപടിക്രമത്തിനു തുല്യമായി കണക്കാക്കുന്നതാണ് മൂന്നാം ഉപവകുപ്പ്.
‘സൺ ഓഫ് പിണറായി വിജയൻ’
‘വിവേക് കിരൺ, സൺ ഓഫ് പിണറായി വിജയൻ, ക്ലിഫ് ഹൗസ്, തിരുവനന്തപുരം എന്ന പേരിൽ അയച്ച സമൻസിൽ അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ – ‘കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ അന്വേഷിക്കുന്ന കേസിൽ വിവേക് കിരണിന്റെ സാന്നിധ്യം അനിവാര്യമാണെന്നു ഞാൻ കരുതുന്നു. 2023 ഫെബ്രുവരി 14നു രാവിലെ 10.30ന് എന്റെ ഓഫിസിൽ ഹാജരാകുക’. ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള സ്വത്തുക്കളുടെ വിവരങ്ങൾ എന്നിവയടക്കം ഹാജരാകുമ്പോൾ സമർപ്പിക്കേണ്ട രേഖകളുടെ പട്ടികയും സമൻസിനൊപ്പമുണ്ട്.
ലൈഫ് മിഷൻ പദ്ധതി കേസ്
2018 ലെ പ്രളയബാധിതർക്കായി വടക്കാഞ്ചേരിയിൽ നിർമിക്കുന്ന ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയ പദ്ധതിയുടെ മറവിൽ കോടികളുടെ കൈക്കൂലി ഇടപാടു നടന്നെന്ന കേസാണ് ഇ.ഡി അന്വേഷിച്ചത്. പദ്ധതിക്കായി യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രെസന്റ്, യുഎഇ കോൺസുലേറ്റ് മുഖേന സംസ്ഥാന സർക്കാരിനു പണം കൈമാറിയിരുന്നു. പദ്ധതിയുടെ നിർമാണക്കരാർ ലഭ്യമാക്കിയതിനുള്ള കൈക്കൂലിയായി യൂണിടാക് ബിൽഡേഴ്സ് മാനേജിങ് പാർട്നർ സന്തോഷ് ഈപ്പൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കും എം.ശിവശങ്കറിനുമായി 4.40 കോടി രൂപ നൽകിയെന്ന് ഇ.ഡി കണ്ടെത്തി. ശിവശങ്കർ, സന്തോഷ് ഈപ്പൻ എന്നിവർക്കു പുറമേ സ്വപ്ന സുരേഷ്, പി.എസ്.സരിത്, സന്ദീപ് നായർ തുടങ്ങിയവർക്കും ക്രമക്കേടിൽ പങ്കുള്ളതായി ഇ.ഡി കണ്ടെത്തി. നയതന്ത്ര സ്വർണക്കള്ളക്കടത്ത് കേസിനൊപ്പമാണ് ലൈഫ് മിഷനിലെ ക്രമക്കേടും ഇ.ഡി അന്വേഷിച്ചത്. കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതിയുടെ പരിഗണനയിലാണു കേസ്. English Summary:
Life Mission Scam: ED summons Pinarayi Vijayan\“s son, Vivek Kiran, were issued in 2023 as part of a money laundering investigation connected to the Life Mission and diplomatic gold smuggling cases. Vivek did not appear, and further action details remain undisclosed, though the summons confirmed the probe reached Cliff House. |
|